കോട്ടയം: ജെസ്നയെ കാണാതായ സംഭവത്തില്‍ സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് തള്ളുകയും പുനരന്വേഷണം നടത്തുകയും വേണമെന്ന പിതാവ് ജെയിംസ് ജോസഫിന്റെ ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇനി 12ന് പരിഗണിക്കും. സിബിഐയുടെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് ജെയിംസ് ജോസഫ് ഹര്‍ജിയില്‍ പറയുന്നത്.
പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സഹപാഠികളായ അഞ്ചു വിദ്യാര്‍ത്ഥികളെക്കുറിച്ച് അന്വേഷിച്ചില്ല. എന്‍എസ്എസ് ക്യാമ്പിന് പോയിരുന്നുവെങ്കിലും അവിടങ്ങളില്‍ അന്വേഷണം ഉണ്ടായില്ല . എന്നാല്‍ ജെസ്നയുടെ പിതാവിന്റെ വാദങ്ങള്‍ സിബിഐ തള്ളി.
എന്‍എസ്എസ് ക്യാമ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. അധ്യാപകരുമായും ജെസ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ജെസ്നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, ആണ്‍സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി, ആര്‍ത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല, തിരോധാനത്തില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് ബന്ധമില്ല, മതപരിവര്‍ത്തനം നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, മരിച്ചുവെന്നും പറയാവില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ലെന്നും സിബിഐ. ചോദ്യം ചെയ്തപ്പോള്‍ ജെസ്നയുടെ പിതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: