ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള, രണ്ടര ദശാബ്ദങ്ങള്‍ക്കപ്പുറം തന്നെ, 100% സാക്ഷരത കൈവരിച്ചതിന്റെ സ്മരണകള്‍ അയവിറക്കുന്ന, ആരോഗ്യസ്ഥിതിയിലും (കുറഞ്ഞ ശിശുമരണ നിരക്കും ഉയര്‍ന്ന ആയുസ്സും) ഉന്നത വിദ്യാഭ്യാസ രംഗത്തും ഉയര്‍ന്ന പ്രതിഛായയുള്ള നമ്മുടെ മലയാള നാട്, വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാമൂഹ്യ ജീവിതത്തിലും സാംസ്‌കാരിക നിലവാരത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍ മുഖവിലക്കെടുത്താല്‍ നമ്മെ അതിശയിപ്പിക്കുന്ന പല വസ്തുതകളും നോക്കിക്കാണാവുന്നതാണ്.
ഇന്ത്യയിലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തില്‍, പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധന 2015 നു ശേഷം ഉണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയിലെ ഭീമനായ ജിയോയുടെ വരവോടെ പ്രതിദിന മൊബൈല്‍ ഡാറ്റാ ഉപയോഗത്തിലേയ്‌ക്ക് സാധാരണക്കാര്‍ പോലും മാറുകയുണ്ടായി. കേവലം സംഭാഷണത്തിനും ക്യാമറ ഉപയോഗത്തിനും വേണ്ടി മാത്രം ഫോണുകളുപയോഗിക്കുകയെന്ന അടിസ്ഥാനചിന്തയില്‍ നിന്നും വിജ്ഞാനത്തിന്റേയും സാങ്കേതികത്തികവിന്റേയും സാധുതയെന്ന യാഥാര്‍ത്ഥ്യമാണ് സ്മാര്‍ട്ട് ഫോണുകളെന്ന് ഇക്കാലയളവുകൊണ്ട്, നാം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍, ടെലഗ്രാം, എക്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൗണ്ടില്ലാത്തത്, സാങ്കേതിക ധ്രുവീകരണത്തിന് വഴിതെളിയിക്കുന്നുവെന്നതാണ് ഇന്നിന്റെ സത്യം. അക്കാര്യം കൊണ്ട് തന്നെ വിലകൂടിയ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം സര്‍വ്വസാധാരണക്കാരായ ആളുകള്‍ക്കിടയിലും അഭിമാന പ്രശ്‌നമായിക്കഴിഞ്ഞു. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും മൊബൈല്‍ഫോണ്‍ മാറി, ഏറ്റവും അഡ്വാന്‍സ്ഡ് ആയ ഫോണെടുക്കുകയെന്നത് ശരാശരി വരുമാനക്കാരില്‍ പോലുമുള്ള ആവശ്യകതയായി. കൊവിഡ് മഹാമാരി തീര്‍ത്ത ഓണ്‍ലൈന്‍ വസന്തം, നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും മൊബൈലിനെ പ്രാപ്യമാക്കിയെന്നതാണ്, യാഥാര്‍ത്ഥ്യം.
ഈ നവ മാധ്യമതരംഗത്തിനൊപ്പം കണ്ടുവരുന്ന പുതിയൊരു പ്രവണതയാണ് ഇന്റര്‍നെറ്റ് സമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തനം. പേരിനെങ്കിലും സാമൂഹ്യ പ്രവര്‍ത്തനം നടത്തി, അതിന്റെ ഫോട്ടോ അച്ചടി മാധ്യമങ്ങളില്‍ വരുത്തിയിരുന്ന പഴയ തലമുറയില്‍ നിന്നും മാറി, പ്രതിദിനം രണ്ടും രണ്ടരയും ജിബി ഡാറ്റയുടെ ഉപയോഗം കൊണ്ട് സാങ്കേതികമായി സാമൂഹ്യ സേവനം നടത്തുന്ന പുതുതലമുറ ഇന്നത്തെ നേര്‍കാഴ്ചയാണ്. അതായത് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രം സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഒരു ന്യൂനപക്ഷം നമുക്കിടയില്‍ രൂപപ്പെടുകയും ആ പുതുതലമുറയ്‌ക്ക് കാലം വഴി മാറിയിരിക്കുകയുമാണെന്നും ചുരുക്കം. പത്രവാര്‍ത്തക്കായി പേരിനും പ്രശസ്തിക്കുമെങ്കിലും നടത്തിയിരുന്ന സാമൂഹ്യ സേവനം പോലും വലിയ വലിയ ആശയങ്ങളുടെ ഷെയറിംഗിലും ഫോര്‍വേഡിംഗിലുമായി ഒതുങ്ങി തുടങ്ങിയെന്നത് ഇന്നിന്റെ പരമാര്‍ത്ഥമാണ്.
യഥാര്‍ത്ഥത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ രക്തദാനം അനിവാര്യമാന്നെന്ന് വാട്‌സ്ആപ് ഗ്രുപ്പുകളില്‍ മെസേജ് ഫോര്‍വേഡ് ചെയ്യുന്ന നമ്മില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും ഒരു തവണ പോലും രക്തദാനം നിര്‍വഹിക്കാത്തവരാണ്. കയ്യില്ലാത്തവരേയും കാലില്ലാത്തവന്റേയും സമൂഹത്തില്‍ അവശതയനുഭവിക്കുന്നവന്റേയും പടം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റി അനുകമ്പ പ്രകടിപ്പിക്കുന്ന നമ്മിലെ ഭൂരിഭാഗവും അത്തരം പതിവുകാഴ്ചകളില്‍ ഒരു രൂപയെങ്കിലും ദാനം ചെയ്യാന്‍ തയ്യാറാവാറില്ല. തിരക്കുള്ള ബസ്സില്‍ കുട്ടിയുമായി കയറുന്ന അച്ഛനേയും അമ്മയേയും, എണീറ്റു സീറ്റു കൊടുക്കേണ്ട ഒരൊറ്റ കാര്യത്തിന് അഗാധ നിദ്രയിലാണ്ട്, ആരെങ്കിലും എണീറ്റോയെന്ന് ഒളികണ്ണിട്ടു നോക്കുന്ന ശരാശരി മലയാളി, പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ കരുണയുടെയും മഹാമനസ്‌കതയുടേയും വക്താക്കളാകും. കരുണാര്‍ദ്രമായുള്ള കാര്യങ്ങളെ അനുസ്മരിപ്പിക്കുന്ന പോസ്റ്റുകളില്‍ ഒരെണ്ണമെങ്കിലും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ നമ്മളിലൊക്കെ കരുണയുടെ മുഖം സമൂഹം എന്നേ ദര്‍ശിക്കുമായിരുന്നു. അപ്പോള്‍ നമുക്കാവശ്യം ആലങ്കാരികമായ സാമൂഹ്യ പ്രവര്‍ത്തനവും സേവനവുമല്ല; മറിച്ച് നന്‍മയുള്ള സാമൂഹ്യ സേവന മാതൃകകളാണ്.
ഇതോടൊപ്പം തന്നെ കണ്ടുവരുന്ന പുതു തലമുറ തരംഗമാണ് രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍. യാതൊരു പിന്‍ബലവുമില്ലാതെ കാപ്‌സ്യൂളുകളായി അതു നമ്മുടെ മുന്‍പിലെത്തുകയാണ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ഉദ്ദേശശുദ്ധി പോലും മാനിക്കെപ്പെടാതെ അവനവന്റെ ഇംഗിതത്തിനനുസരിച്ച് വളച്ചൊടിയ്‌ക്കപ്പെടുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന നവമാധ്യമ രീതി കൂടിവരുന്നു. സിനിമാ പോസ്റ്ററുകളെപ്പോലും വെല്ലുന്ന ട്രോളുകളായും വീഡിയോകളായും അവ നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. ഇതിനു പുറമെയാണ്, ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലുമൊക്കെ ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് രാഷ്‌ട്രീയക്കാര്‍. കൊടി പിടിക്കാതെ, പോസ്റ്ററൊട്ടിക്കാതെ ധര്‍ണ്ണയിലോ പ്രതിഷേധങ്ങളിലോ സാന്നിധ്യമറിയിക്കാതെയുള്ള ഇന്റര്‍നെറ്റ് രാഷ്‌ട്രീയം പലപ്പോഴും സര്‍വ്വ സീമകളും ലംഘിക്കുന്നു. നേരാംവണ്ണം സമ്മതിദാനാവകാശം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വിനിയോഗിച്ചിട്ടില്ലാത്തവര്‍ പോലുമുണ്ടീക്കൂട്ടത്തിലെന്നതാണ് വാസ്തവം. രാഷ്‌ട്രീയ നേതാക്കള്‍ പലപ്പോഴും മനസ്സില്‍പ്പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പലപ്പോഴും ഇന്റര്‍നെറ്റ് ട്രോളുകളുടെ രൂപത്തില്‍ ചളിയെന്ന പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. വിമര്‍ശന വിധേയമാകുന്ന ഷെയറുകളുടെയും ട്രോളുകളുടേയും കാര്യത്തില്‍ ഒന്നിലെങ്കിലും തുടക്കക്കാരനാകാനോ അല്ലെങ്കില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനോ നാം തയ്യാറായിരുന്നെങ്കില്‍ നമ്മുടെ വിമര്‍ശനങ്ങള്‍ക്കൊരു ക്രിയാത്മക അര്‍ത്ഥമുണ്ടായേനെ. അപ്പോള്‍ ഇവിടെ നമുക്കാവശ്യം ക്രിയാത്മകമായ ക്രിയാശേഷിയാണ്, അല്ലാതെ നിഷ്‌ക്രിയമായ ആളെക്കൊല്ലി പരാമര്‍ശങ്ങളല്ല…
കമ്പ്യൂട്ടര്‍ മോണിറ്ററിന്റേയും മൊബൈല്‍ സ്‌ക്രീനിന്റെയും വികസിപ്പിച്ചെടുക്കുന്ന ആദര്‍ശാധിഷ്ഠിത വിപ്ലവ തള്ളലുകളല്ല, രാഷ്‌ട്രീയ സാമൂഹ്യ പ്രവര്‍ത്തനവും അതിനായുള്ള സേവനവും. സുഖശീതളമായ ഓഫീസിലെ എസി മുറിയില്‍ നിന്നിറങ്ങി, സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാനും അവശ്യം വേണ്ടയിടങ്ങളില്‍ നീതിക്കുവേണ്ടി ശബ്ദിക്കാനും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും നമുക്കായാലേ നമ്മുടെ വിമര്‍ശനങ്ങള്‍ക്കു മാനവികതയുടെ അര്‍ത്ഥമുണ്ടാകൂ. എല്ലാത്തിനെയും വിമര്‍ശിക്കുന്ന, എന്തിലും തെറ്റുകാണുന്ന സങ്കുചിത വ്യക്തിത്വത്തില്‍ നിന്നും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ നന്‍മ കാണുന്ന, ഒരു പുതുതലമുറ വികാരം നമ്മില്‍ രൂപപ്പെടണം. അതിനു നമുക്കു സ്‌നേഹമെന്ന വികാരത്തിന്റെ ബഹിര്‍സ്ഫുരണമുണ്ടാകണം. കുറ്റപ്പെടുത്തുന്ന, കവലകളില്‍ വട്ടം കൂടി വ്യക്തിഹത്യ നടത്തുന്ന, ആളില്ലാ സമയങ്ങളില്‍ പരദൂഷണം പറയുന്ന സമീപനം അല്‍പ്പത്തമാണെന്നു മനസ്സിലാക്കാനുള്ള സാസ്‌കാരിക നിലവാരം നമുക്കുണ്ടാകണം.
അതു കരുതി, തെറ്റുകളെ വിമര്‍ശിക്കേണ്ടെന്നല്ല; മറിച്ച് അത്തരം സാമൂഹ്യരാഷ്‌ട്രീയ സംവിധാനങ്ങളെ സഹഗമിച്ച്, തെറ്റുകളെ പക്വതയോടെ തിരുത്താനും ഒപ്പം സ്വയം തിരുത്തപ്പെടാനുമുള്ള ക്രിയാശേഷിയുണ്ടാകണം. വ്യക്തിവിദ്വേഷവും രാഷ്‌ട്രീയ വൈരവും തീര്‍ക്കാന്‍ സംഘടിക്കുന്നതിനേക്കാള്‍ ആശയപരമായി സംഘടിക്കാന്‍ നമുക്കാവണം. ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിലൂടെയല്ല; മറിച്ച് നന്മക്കു വേണ്ടിയുള്ള പ്രയാണമാണ് സാമൂഹ്യ മാധ്യമങ്ങളുടെ ലക്ഷ്യമെന്ന ബോധ്യം നമുക്കുണ്ടാകണം. നന്‍മകളുടലെടുക്കേണ്ടത് നമ്മില്‍ നിന്നാണെന്നു മനസ്സിലാക്കാനുള്ള ആര്‍ജ്ജവം വേണം. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നവരേയും എളിയ ജീവിത ശൈലികളിലൂടെ മാതൃക കാണിക്കുന്നവരേയും നന്‍മയുള്ളവരേയും പോല്‍സാഹിപ്പിക്കാനുള്ള മനസ്സുണ്ടാകണം. അപ്പൊഴാണ് നമ്മുടെ വിമര്‍ശനങ്ങള്‍ക്കൊരര്‍ത്ഥമുണ്ടാകുക.
മാറ്റങ്ങള്‍ നമ്മില്‍ നിന്നാണാരംഭിക്കേണ്ടതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി മാറ്റങ്ങളുടെ കാറ്റ് നമ്മില്‍ നിന്നു തന്നെ തുടങ്ങാന്‍ നമുക്ക് തയ്യാറാകാം. ആദര്‍ശശുദ്ധിയോടെയുള്ള, ഒപ്പം പ്രായോഗിക ശേഷിയുള്ള പ്രവര്‍ത്തനങ്ങള്‍ ചാരിതാര്‍ത്ഥ്യത്തോടെ ഏറ്റെടുത്ത് ക്രിയാത്മക സാമൂഹ്യ-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നമുക്കു സജീവമാകാം.
(തൃശ്ശൂര്‍ സെന്റ്‌തോമസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: