എജി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും കത്തിപ്പിടിച്ചതോടെ വിവാദങ്ങളും കൊഴുക്കുന്നു. എസ്ഡിപിഐ പിന്തുണയും ലീഗിന്റെ പച്ചക്കൊടിയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായതെങ്കില്‍ ഒടുവില്‍, ഇസ്ലാമിക ഭീകരതയും ലവ് ജിഹാദും മുഖ്യ വിഷയമായ കേരള സ്റ്റോറിയാണ്. കേരള സ്റ്റോറി ദൂരദര്‍ശനില്‍ കാണിക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്, പ്രദശനം വിലക്കണമെന്നാവശ്യപ്പെട്ട് തെര. കമ്മിഷനു വരെ കത്തു നല്‍കിക്കഴിഞ്ഞു. ലക്ഷ്യം ഒന്നു മാത്രം മുസ്ലിം വോട്ട്. ഒപ്പംഹിന്ദു വോട്ട് പോവുകയുമരുത്.
നിനച്ചിരിക്കാത്ത സമയത്താണ് എസ്ഡിപിഐ എന്ന നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. തദ്ദേശ, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഇരുമുന്നണികള്‍ക്കും മാറി മാറി വോട്ട് നല്‍കുന്നുണ്ട്. രണ്ടു കൂട്ടരും ഇരുകൈയും നീട്ടി തീവ്രവാദ ശക്തികളുടെ വോട്ട് വാങ്ങുന്നുമുണ്ട്. ധാരണയും രഹസ്യമായ പിന്തുണയും ഒക്കെയാകാം. പരസ്യമായി പിന്തു പ്രഖ്യാപിച്ചതോടെ ഹിന്ദുക്കളുടെ വോട്ട് പോകുമെന്ന ആശങ്കയായി. പിന്നെ ന്യായീകരണമായി… വോട്ട് വ്യക്തിപരമാണ്… ആര് വോട്ട് ചെയ്താലും വാങ്ങും…
രാഹുലിന്റെ റോഡ് ഷോയും പത്രികാ സമര്‍പ്പണവുമാണ് അടുത്ത വിവാദം. റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടി വേണ്ടെന്നായി കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ കൊടിയും ഉപയോഗിക്കരുതെന്നായി ലീഗ്. ഒടുവില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടിയില്ലാതെ അതേ നിറമുള്ള ബലൂണുകളുമായിട്ടായിരുന്നു റോഡ് ഷോ. കാരണം ലളിതം, ലീഗിന്റെ പച്ചക്കൊടി കണ്ടാല്‍ ഉത്തരഭാരതത്തില്‍ ഹിന്ദു വോട്ട് പോകും, ബിജെപി ഇത് വിഷയമാക്കും. അങ്ങനെ ബിജെപി പേടിയില്‍ സ്വന്തം കൊടികള്‍ പുറത്തുകാണിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി യുഡിഎഫ്.
ഇതേ സമയത്താണ് ദൂരദര്‍ശനില്‍ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് വന്നത്. അതോടെ ഇരുമുന്നണികള്‍ക്കും ഹാലിളകി. തങ്ങളാണല്ലോ ഒരു വിഭാഗത്തിന്റെ മൊത്തക്കച്ചവര്ക്കാര്. കേരള സ്റ്റോറി ഒരു മതയെ ഇകഴ്ത്തുന്നതും മതവൈരം വളര്‍ത്തുന്നതുമാണെന്നാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വാദം. അങ്ങനെ മുസ്ലിങ്ങളുടെ രാഷ്ട്രീയ രക്ഷിതാക്കള്‍ തങ്ങളാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യനും പ്രതിപക്ഷ നേതാവും പ്രതിഷേധവും കത്തെഴുത്തുമായി ഇറങ്ങിയത്. മുസ്ലിങ്ങളെയല്ല ഇസ്ലാമിസ്റ്റുകളെയാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രം പ്രദര്ശിപ്പിക്കരുതെന്നു പോലും പറയുന്ന തരത്തിലുള്ള മുസ്ലിം പ്രീണനത്തിലേക്കാണ് മുന്നണികള്‍ എത്തിയിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങള്‍ തെളിയിക്കുന്നത്. ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കണമെന്നു പോലും പറയുകയാണ് കോണ്‍ഗ്രസും സിപിഎമ്മും.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറികേരളത്തില്‍ ഇടതുപക്ഷത്തെയും, സൈബറിടത്തിലെ ഇടതരെയും പ്രകോപിപ്പിച്ചിരുന്നു. മതപരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതകഥയാണ് ചിത്രത്തില്‍. കേരളത്തില്‍ നടന്ന പല മതപരിവര്‍ത്തന സംഭവങ്ങളെയും ഐഎസ് റിക്രൂട്ട്മെന്റുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: