തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാതെ വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെ പണം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ തട്ടിക്കൂട്ടുമ്പോള്‍ കോടികള്‍ ചെലവിട്ടു നിര്‍മ്മിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റുകള്‍ പ്രയോജനമില്ലാതെ നിഷ്ക്രിയ ആസ്തി ആയി മാറുന്നു. കൊച്ചിന് കോര്പറേഷന് ബ്രഹ്മപുരത്ത് 1.69 കോടി രൂപ മുതല്‍മുടക്കി സ്ഥാപിച്ച ആര്‍ഡിഎഫ് പ്ലാന്റ്, 23 കോടി രൂപയുടെ സ്വീവേജ് പദ്ധതി എന്നിവയെല്ലാം ഉപയോഗശൂന്യമാണെന്നാണ് ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി’ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളത് കോടിക്കണക്കിന് രൂപയുടെ നിഷ്ക്രിയ ആസ്തികള്‍. ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി’ 2023 ആഗസ്റ്റ് 10-ന് നിയമസഭയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ച ആസ്തികളില്‍ പൊതുജനോപകാരപ്രദമല്ലാതെ നിഷ്ക്രിയമായി കിടക്കുന്ന ആസ്തികളുടെ സമഗ്ര വിലയിരുത്തലാണ് മുന്നൂറില്‍ അധികം പേജുള്ള റിപ്പോര്‍ട്ടിലുള്ളത്.
ഒറ്റനോട്ടത്തില്‍ 85 കോടിയിലേറെ വിലമതിക്കുന്ന നിഷ്ക്രിയ ആസ്തികള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ടു ജില്ലകളിലെ 166 ഗ്രാമ പഞ്ചായത്ത്, 21 ബ്ലോക്ക് പഞ്ചായത്ത്, രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 23 നഗരസഭകള്‍, അഞ്ചു കോര്പ്പറേഷന് പരിധികളിലായാണ് ഇത്രയും നിഷ്ക്രിയ ആസ്തികള്‍.
പ്രധാനമായും ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളില്‍ മുഖ്യമായും 10 ഇനങ്ങളില്‍ ആണ് നിഷ്ക്രിയ ആസ്തികള്‍ കൂടുതലുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍, വ്യവസായ വിപണന കേന്ദ്രങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ശുദ്ധജലവിതരണ പദ്ധതികള്‍, പകല്‍ വീടുകള്‍, വൃദ്ധസദനങ്ങള്‍, അറവുശാലകള്‍ കാര്‍ഷികോപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിഷ്ക്രിയ ആസ്തികളില്‍ അധികവും. ‘ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി’ അധ്യക്ഷന്‍ ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ഖരമാലിന്യ സംസ്കരണ പ്ലാന്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, സ്വീവേജ് പദ്ധതി എന്നിവയില്‍ പലതും പൂര്‍ണ്ണ പരാജയമാണെന്നും ഭൂരിഭാഗം പഞ്ചായത്തുകളിലും മാലിന്യങ്ങള്‍ കുന്നുകൂടുകയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ നഗരസഭ 3.3 കോടി മുടക്കി നിര്‍മ്മിച്ച പ്ലാന്റ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 14 ലക്ഷം ചെലവിട്ടു നിര്‍മ്മിച്ച പ്ലാന്റ്, കാസര്‍കോഡ് നഗരസഭ 11 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പ്ലാന്റ് എന്നിവയും യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല. ഇതില്‍ കാസര്‍കോട് നഗരസഭയിലെ പ്ലാന്റ് നഗരസഭതന്നെ പൊളിച്ചുമാറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്.
പത്തനംതിട്ട ചിറ്റാറില്‍ നാലു ലക്ഷം രൂപ ചെലവിട്ടു നിര്‍മ്മിച്ച പ്ലാന്റ് നിര്‍മ്മാണത്തിലെ അപാകത മൂലം ഉപയോഗശൂന്യമായി. തിരുവല്ല നഗരസഭ അഞ്ച് ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പ്ലാന്റും, മൂന്നര ലക്ഷം രൂപയ്ക്ക് ഉറവിട മാലിന്യ സംസ്കരണത്തിനായി വാങ്ങിയ പൈപ്പുകള്‍, കമ്പോസ്റ്റ്-ബയോഗ്യാസ് പ്ലാന്റ് ഉപകരണങ്ങള്‍ എന്നിവയും നഗരസഭ വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്ത് കോയിക്കല്‍ ചന്ത കോംപ്ലക്സില്‍ നിര്‍മ്മിച്ച 4,39,607 രൂപയുടെ പ്ലാന്റ്, തൊടുപുഴ നഗരസഭയുടെ രണ്ടു ലക്ഷത്തിന്റെ പ്ലാന്റ്, കാസര്‍കോട് പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ 5,43,653 രൂപയുടെ പ്ലാന്റ്(ഇതിന് അനുബന്ധ ചെലവ് ഏഴര ലക്ഷം വേറെയുമുണ്ട്) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
ഖരമാലിന്യ സംസ്കരണത്തിന്റെ പേരില്‍ നിഷ്ക്രിയമായി കിടക്കുന്ന ആസ്തികളെ കുറിച്ചുള്ള ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണത്തിനു നിരുത്തരവാദപരവും ആധികാരികമല്ലാത്തതും പരസ്പരവിരുദ്ധവുമായ മറുപടികളാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: