കൊച്ചി: തെലങ്കാനയില്‍ വ്യവസായം തുടങ്ങുന്നതിനു വേണ്ടിയല്ല മറിച്ച് ആപത്തില്‍ സഹായിച്ചയാള്‍ക്ക് നല്കിയ സമ്മാനമാണ് ഇലക്ടറല്‍ ബോണ്ടെന്ന് ട്വന്റി – 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്.
കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച കിറ്റെക്സിനേയും അന്നാ അലൂമിനിയത്തേയും ഇടത്, വലത് മുന്നണികള്‍ നിരന്തരം ആക്രമിച്ചു. ഒരു വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനും തനിക്കായി ശബ്ദമുയര്‍ത്തിയില്ല. ബുദ്ധിമുട്ടുണ്ടായ സമയത്ത് സഹായിച്ചവര്‍ക്ക് മനസറിഞ്ഞ് നല്കിയ സമ്മാനമാണ് ഇലക്ടറല്‍ ബോണ്ട്. കേരളത്തില്‍ വ്യവസായം തുടങ്ങണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കണം. എന്നാല്‍ തെലങ്കാന അങ്ങനെയായിരുന്നില്ല. അഴിമതിക്കോ ആനുകൂല്യത്തിനോ വേണ്ടി നല്കിയ തുകയല്ല ഇലക്ടറല്‍ ബോണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
എറണാകുളം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് 700 കോടി രൂപയുടെ ആസ്തിയുണ്ട്. അതൊക്കെ ആര് കൊടുത്തതാണെന്ന് സാബു ജേക്കബ് ചോദിച്ചു. ഇത്തവണ ആരും പിരിവിനു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ മുന്നണികള്‍ക്കും പണം കൊടുത്തിട്ടുണ്ട്. എല്ലാ മുന്നണികളുടെയും നേതാക്കള്‍ വീട്ടില്‍ വന്നിട്ടുണ്ട്. പിന്തുണ തേടി ഇപ്പോഴും വിളിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: