കവി- സാര്‍വഭൗമനായ വ്യാസന്റെ ഹിമാലയംപോലുള്ള ഔന്നത്യത്തില്‍ നിന്ന് സതതപ്രവാഹിനിയായ ഗംഗാനദിക്കൊപ്പം ഒഴുകുന്ന മഹാഭാരതമെന്ന അമൃതധാരയാണ് ഭാരതീയരുടെ സാംസ്കാരിക ജീവിതത്തിലും സ്വഭാവ രൂപീകരണത്തിലും മുഖ്യപങ്കു വഹിച്ചതും ഇപ്പോഴും വഹിച്ചു കൊണ്ടിരിക്കുന്നതും.
മഹാഭാരതത്തിന്റെ നാനാ മാഹാത്മ്യങ്ങള്‍ വിസ്തരിച്ചു കൊണ്ട് സംസ്കൃതം തുടങ്ങി എല്ലാ ഭാരതീയ ഭാഷകളിലുമുള്ള പ്രഗല്ഭമതികളായ അനേകം വിദ്വാന്മാരും കവികളും മാത്രമല്ല, ഹസഌ, മക്ഡൊണള്‍ഡ്, വിന്‍ടര്‍ നിറ്റ്സ് തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. ഭരതന്മാരുടെ ചരിത്രവും ഭാരതീയരുടെ ഇതിഹാസവും അനുപമകാവ്യവുമായ മഹാഭാരതമെന്ന മഹാഗ്രന്ഥത്തിന്റെ കര്‍ത്താവായ വ്യാസനെന്ന മഹാനുഭാവനെപ്പറ്റി വിസ്മയാദരങ്ങളോടെ അഭിജ്ഞന്മാര് പറഞ്ഞിട്ടുള്ളത് അദ്ദേഹം ഭാഗവദവതാരം തന്നെയാണെന്നാണ്.
‘കോഹ്യന്യഃ പുണ്ഡരീകാക്ഷാദ്
മഹാഭാരതകൃത്ഭവേത്’
(പുണ്ഡരീകാക്ഷനായ ഭഗവാനല്ലാതെ മഹാഭാരതം രചിക്കാന്‍ മറ്റാര്‍ക്ക് സാധിക്കും?, എന്നാണ് പ്രാചീനമായ ഈ ലോകോക്തിയില്‍ ചോദിക്കുന്നത്, അത്രതന്നെയല്ല ‘ദ്വിബാഹുരപരോഹരിഃ’, അഥവാ ‘വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായവിഷ്ണവേ”’ഇങ്ങനെ ഏതെല്ലാം വിധത്തിലാണ് ഈ മഹാത്മാവ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്? ഇമ്മാതിരി അതിശയോക്തികളുടെ പരിവേഷമൊന്നും കൂടാതെ പച്ചമനുഷ്യനെന്ന നിലയില്‍ ആരായിരുന്നു വ്യാസന് എന്ന് നോക്കിക്കാണുന്നതും വിജ്ഞാനപ്രദമാണ്.
വ്യാസന് അന്നും ഇന്നും
പാരാശര്യനായിരുന്നു, എന്നു മാത്രം പറഞ്ഞാല്‍ മതിയോ? പോര, അല്പം കൂടി വിസ്തരിച്ചു തന്നെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. യമുനാ നദിയിലെ സാധാരണ കടത്തുവഞ്ചിക്കാരിയും കാളി യെന്നും മത്സ്യഗന്ധിയെന്നും വിളിക്കപ്പെട്ടിരുന്നവളുമായ മുക്കുവപ്പെണ്ണില്‍ സ്മൃതി കാരനും വിഷ്ണു പുരാണകര്ത്താവുമായ പരാശരമഹര്‍ഷിക്ക് പിറന്നവന് (അല്പം കൂടി പിന്നോട്ടു പോയി പാരമ്പര്യം ചിന്തിച്ചാല്‍ ബ്രഹ്മര്‍ഷിയായ വസിഷ്ഠിന്റെ നപ്താവ് (പൗത്രന്റെ പുത്രന്) എന്നു ചുരുക്കിപ്പറഞ്ഞാലും മതിയാവില്ല. വസിഷ്ഠപുത്രനായ ശക്തിക്ക് അദൃശ്യന്തി എന്ന വൈശ്യപത്നിയില് (ചിത്രമുഖനെന്ന വൈശ്യനായിരുന്നു അദൃശ്യന്തിയുടെ പിതാവ്. പിന്നീട് തപസ്സു ചെയ്ത് ബ്രാഹ്മണ്യം നേടിയത്രേ.) പിറന്ന വ്യക്തിയാണ് പരാശ രന്. വ്യാസന് കാനീനയാണ് ജനിച്ചത്. തന്നെയല്ല അദ്ദേഹം അനികേതനനും ആയിരുന്നു. ജന്മഗൃഹം ഇല്ലാതിരുന്നതുമൂലം ദ്വീപില്‍ പിറന്നവന് (ദൈ്വപായനന്) എന്നുമാത്രം പറഞ്ഞ് അദ്ദേഹത്തെ വിളിച്ചു വന്നു. അദ്ദേഹത്തിന്റെ നിറം കറുത്തതായിരുന്നതുകൊണ്ട് ചിലരെല്ലാം കൃഷ്ണന് എന്നുകൂടി ചേര്‍ത്ത് കൃഷ്ണ ദൈ്വപായനന് എന്നും വിളിച്ചു. ജാതിയുടേയും വര്ണത്തിന്റേയും നിരര്‍ത്ഥകത ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നില്ലേ.
അദ്ദേഹം കാഴ്ചയിലും വളരെ അനാകര്‍ഷകനായിരുന്നു. വിരൂപനും ജടിലനും ദുര്‍വര്‍ണനും കൃശഗാത്രനും സുഗന്ധേതര ഗന്ധ (ദുര്‍ഗന്ധ)മുള്ളവനും സര്‍വഥാ ദുഷ്പ്രധര്ഷണനും (ആക്രമണത്തിനു വഴങ്ങാത്തവനും) ആയിരുന്നു:
‘വിരൂപോ ഹി ജടീ വാപി
ദുര്‍വര്‍ണഃ പുരുഷഃ കൃശഃ
സുഗന്ധേതരഗന്ധശ്ച
സര്‍വ്വഥാ ദുഷ്പ്രധര്ഷണഃ’
ഞാനെന്ന ഭാവത്തെ ഇത്രയധികം അടക്കി ഇല്ലായ്മ ചെയ്ത ഒരു വ്യക്തിക്കു മാത്രമേ തന്നെപ്പറ്റി ഇത്ര മോശമായ രീതിയില്‍ അഭിപ്രായം പുറപ്പെടുവിക്കാന്‍ കഴിയുള്ളൂ. (ഇത് പ്രത്യക്ഷസത്യം തന്നെ ആയിരുന്നല്ലോ.) അതാണല്ലോ മാതാവായ സത്യവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പുത്രോത്പാദനാര്ത്ഥം അദ്ദേഹവുമായി സംഗമിച്ചപ്പോള്‍ അംബിക കണ്ണുകള്‍ അടച്ചത്.
‘തസ്യ കൃഷ്ണസ്യ കപിലാം
ജടാം ദീപതേ ച ലോചനേ
ബഭ്രൂണിചെവ ശ്മശ്രൂണി
ദൃഷ്ട്വാ ദേവീ ന്യമീലയത്’
അംബാലികയാണെങ്കില്‍ അദ്ദേഹത്തെ കണ്ടമാത്രയില്‍ തന്നെ വിവര്‍ണയായി ‘പാണ്ഡുസങ്കാശയായ’ തുകൊണ്ടാണല്ലോ പാണ്ടു പിടിച്ച മകന് ജനിച്ചത്.
അനികേതനനും നിരാശ്രയനും അനാകര്‍ഷകനും ഒന്നുമില്ലായ്മയില്‍ നിന്ന് സ്വജീവിതം കെട്ടിപ്പടുത്തവനും ആയിരുന്നിട്ടും സ്വന്തം സാധനകൊണ്ടും മഹാത്മാക്കളുമായുള്ള സംസര്‍ഗം മൂലവും തപസ്സുകൊണ്ടും വിശ്വം മുഴുവന്‍ വളര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമയായി, സര്വാരാദ്ധ്യനായ മഹര്‍ഷീശ്വരനായി, തന്റെ വിശ്വ ബന്ധുത്വഭാവനകൊണ്ടും അനുദ്ധതമായ വ്യക്തിത്വം കൊണ്ടും ക്രാന്തദര്‍ശിത്വം മൂലവും മഹാഭാരതമെന്ന അനുപമമായ വിശ്വ മഹാകാവ്യത്തിന്റെ കര്‍ത്താവായി. അതിലൂടെ ഈ നാടിന്റെ ധര്മ്മഭാവനയ്ക്കു പോഷണവും കരുത്തും നല്കി. സഹസ്രാബ്ദങ്ങള്‍ പലതുകഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മാഹാത്മ്യങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ അക്ഷ്യണ്ണമായി അത്ഭുതഭക്തികളോടെ സ്മരിക്കപ്പെട്ടുവരുന്നു.
(പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: