തിരുവനന്തപുരം : സംസ്ഥാനത്ത് സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്തുളളത് 204 പേര്. സൂക്ഷ്മ പരിശോധനയില്‍ തളളിയത് 86 പേരുടെ നാമനിര്‍ദേശ പത്രിക. ആകെ 290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തെളിയും.നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്താണ്. 14 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോട്ടയത്ത് അംഗീകരിച്ചു.
അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മാത്രമുള്ള ആലത്തൂരില്‍ ആണ് ഏറ്റവും കുറച്ച് സ്ഥാനാര്‍ത്ഥികള്‍. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികളായ തോമസ് ഐസക്കിനോടും, ആന്റോ ആന്റണിയോടും സത്യവാങ്മൂലത്തില്‍ കളക്ടര്‍ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത ആവശ്യപ്പെട്ടത്. രണ്ട് പേരുടെയും പത്രിക സ്വീകരിച്ചു.
കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജ്, ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരുടെ പത്രികകള്‍ തള്ളി. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജം എന്ന യുഡിഎഫ് പരാതി അംഗീകരിച്ചാണ് പത്രിക തള്ളിയത്.
പാലക്കാട് എ വിജയരാഘവന്റെ അപരന്റെ പത്രിക തള്ളി. കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ അപരന്റെ പത്രിക അംഗീകരിക്കുകയുണ്ടായി. തിരുവനന്തപുത്ത് ശശി തരൂരിന്റെയും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെയും അപരന്മാരുടെ നാമ നിര്‍ദ്ദേശപത്രിക അംഗീകരിച്ചു.കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ പത്രിക ഉള്‍പ്പെടെ 12 പേരുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു.
വടകരയില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് അപരശല്യം ഉണ്ട്. കണ്ണൂരിലും, കോഴിക്കോട് രണ്ട് മുന്നണികള്‍ക്കും അപര ഭീഷണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: