ന്യൂദൽഹി: സിദ്ദിഖ് കാപ്പന്റെ നിർദേശ പ്രകാരം അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും ഉൾപ്പെട്ട പിഎഫ്ഐ ഹിറ്റ് സ്ക്വാഡ് ദൽഹി ബിജെപി നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നത് 2020 ഡിസംബർ മൂന്നിന്. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേസ് വർമ്മ തുടങ്ങിയവരായിരുന്നു ഹിറ്റ് ലിസ്റ്റിൽ.
2020 സെപ്തംബർ ആദ്യവാരം മഞ്ചേരി ഗ്രീൻ വാലി അക്കാദമിയിൽ ചേർന്ന ഹിറ്റ് സ്ക്വാഡ് തലവന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. എൻഐഎ സംഘത്തോട് ബദറുദ്ദീനും ഫിറോസ് ഖാനും പദ്ധതി വിശദാംശങ്ങൾ ഏറ്റു പറഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ആസൂത്രകനായ സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ നാലിനു ഹത്രാസ് കേസിൽ പിടിയിലായതോടെയാണ് ഡിസംബർ മൂന്നിലെ ആക്രമണ പദ്ധതി ഉപേക്ഷിച്ചത്. ദൽഹി കലാപം അടിച്ചമർത്തിയതിലുള്ള പ്രതികാരമായാണ് ബിജെപി നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടത്.
ദൽഹിയിലെ പിഎഫ്ഐ നേതാക്കളായ പർവേസ് അഹമ്മദ്, മുഹമ്മദ് ഇലിയാസ്, അബ്ദുൽ മുഖീത് എന്നിവരുമായി സിദ്ദിഖ് കാപ്പനും കെ.പി. കമാലും ഇതു സംബന്ധിച്ച് രഹസ്യ ചർച്ച നടത്തി. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അന്നേദിവസം സുരക്ഷാ നിരീക്ഷണം ശക്തമാക്കുമെന്നതിനാൽ മൂന്നിലേക്ക് മാറ്റി.
ഹിറ്റ് സ്ക്വാഡിനു വാഹനങ്ങളും ഒളിത്താവളവും ഏർപ്പാടു ചെയ്യാൻ ദൽഹി പിഎഫ്ഐ നേതാക്കളെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ ഫണ്ടും ഏർപ്പാടു ചെയ്തിരുന്നു.
എൻഐഎ – ഇഡി കേസുകളിൽ പിന്നീട് അറസ്റ്റിലായ ദൽഹി പിഎഫ്ഐ നേതാക്കൾ ഇപ്പോൾ തിഹാർ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: