Categories: Editorial

കോണ്‍ഗ്രസിന്റെ ‘കൈ’ ജിഹാദികള്‍ക്കൊപ്പം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധം മറച്ചുപിടിക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് സഖ്യം ആവാമെന്ന മട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കെ, അങ്ങനെയൊന്ന് ഇല്ലെന്നുവരുത്താനുള്ള വിഫല ശ്രമമാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ നടത്തുന്നത്. എസ്ഡിപിഐയുമായി സഖ്യം ഇല്ലെന്നും, എന്നാല്‍ അവരുടെ വോട്ട് സ്വീകരിക്കുമെന്നുമുള്ള സതീശന്റെ നിലപാട് ഇരട്ടത്താപ്പാണ്. സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഇതിലെ കാപട്യം തിരിച്ചറിയാനാവും. പാര്‍ട്ടികള്‍ പരസ്പരം സഖ്യം ഉണ്ടാക്കുന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ലഭിക്കാനാണ്. ഇതിന്റെ പേരാണല്ലോ തെരഞ്ഞെടുപ്പ് സഖ്യം. എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മില്‍ ഇങ്ങനെയൊന്നുണ്ട് എന്നര്‍ത്ഥം. പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ഹസ്സന് ഒരു വെളിപാട് ഉണ്ടായതല്ലല്ലോ.എസ്ഡിപിഐക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഹസ്സന്‍. ഭീകരവാദവുമായി ബന്ധമുള്ള പാര്‍ട്ടിയുടെ പിന്തുണ പരസ്യമായി സമ്മതിച്ചാല്‍ ജനാധിപത്യ വിശ്വാസികളുടെയും സമാധാനകാംക്ഷികളുടെയും വോട്ടുകള്‍ നഷ്ടപ്പെട്ടേക്കും എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഇതാണ് എസ്ഡിപിഐ ബന്ധത്തെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിക്കുന്നത്. തികഞ്ഞ അവസരവാദമാണിത്. സ്വന്തം തട്ടകമായ പറവൂരില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്നയാളാണ് സതീശന്‍ എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ എസ്ഡിപിഐയെ തള്ളിപ്പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല.

കോണ്‍ഗ്രസും യുഡിഎഫും ഇതിനു മുന്‍പും പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പുകാലത്ത് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമുണ്ട്. എന്നിട്ടാണ് സതീശന്റെ ചാരിത്ര്യപ്രസംഗം. ഭീകരവാദ സംഘടനയാണെന്ന് കണ്ടെത്തി പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയും, അതിന്റെ നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്തതാണ് അവരുമായി സഖ്യം ഉണ്ടാക്കിയിട്ടും അത് സമ്മതിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്. എസ്ഡിപിഐയുടെ പൂര്‍വരൂപമായ എന്‍ഡിഎഫുമായും ഐഎസ്എസുമായുമൊക്കെ സഖ്യമുണ്ടാക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് കോണ്‍ഗ്രസുകാര്‍. എന്നിട്ട് ഇവരുമായൊന്നും പാര്‍ട്ടിക്ക് സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പറയുന്നത് ആരും വിലവയ്‌ക്കില്ല. സതീശന്‍ തന്ത്രപൂര്‍വം തള്ളിപ്പറയുന്ന എസ്ഡിപിഐയുമായി യുഡിഎഫ് ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ ബന്ധം എന്താണ്? ലീഗ് വാങ്ങുന്ന ജിഹാദികളുടെ വോട്ട് കോണ്‍ഗ്രസിനും ലഭിക്കുന്നില്ലേ? ഈ ഭീകരവാദികളുടെ വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടെന്നുവയ്‌ക്കാനുള്ള ആര്‍ജവമാണ് സതീശനെപ്പോലുള്ളവര്‍ കാണിക്കേണ്ടത്. അങ്ങനെയൊന്ന് ഇക്കൂട്ടര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല.

ഇസ്ലാമിക മതമൗലികവാദികളുമായും ഭീകരവാദികളുമായും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും മടികാണിച്ചിട്ടില്ല. 58 പേര്‍ കൊലചെയ്യപ്പെട്ട കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ പ്രതിയായ മദനിയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കിയത് കോണ്‍ഗ്രസിന്റെ കൂടി പിന്തുണയോടെയാണല്ലോ. ബെംഗളൂരു ബോംബുസ്ഫോടന കേസില്‍ പ്രതിയായി കര്‍ണാടക ജയിലില്‍ കഴിഞ്ഞ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും കോണ്‍ഗ്രസ്സാണ്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഘടനയുടെ പില്‍ക്കാല രൂപമാണല്ലോ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. ജോസഫ് മാഷിനെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് ഒരുകാലത്തും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. യഥാക്രമം സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുമായി തങ്ങളുടെ ആവശ്യമനുസരിച്ച് സഖ്യം ഉണ്ടാക്കുന്നവരാണ് എസ്ഡിപിഐക്കാര്‍. കേരളം ഭീകരവാദികളുടെ താവളമായി തുടരാനുള്ള കാരണവും ഇതുതന്നെയാണ്. രാജ്യവ്യാപകമായി ഇസ്ലാമിക മതമൗലികവാദികളെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എസ്ഡിപിഐക്കാര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിച്ചത് വലിയ വിവാദമാവുകയുണ്ടായി. രാമനാഥപുരം കഫെയില്‍ അടുത്തിടെ ഭീകരര്‍ ബോംബ് സ്ഫോടനം നടത്തിയപ്പോഴും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് മൃദു സമീപനമാണ് സ്വീകരിച്ചത്. വയനാട്ടില്‍ രാഹുല്‍ പച്ചക്കൊടി മറച്ചുപിടിച്ചതുകൊണ്ടൊന്നും ജിഹാദികളോടുള്ള കോണ്‍ഗ്രസിന്റെ പ്രേമം അവസാനിക്കുന്നില്ല എന്നതിന് തെളിവാണ് എസ്ഡിപിഐയുമായുള്ള തന്ത്രപരമായ തെരഞ്ഞെടുപ്പ് ധാരണ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക