കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടികള്‍ ഒഴിവാക്കിയതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലീഗിന്റെ വോട്ട് വേണം, കൊടി വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്.
മുസ്ലിം ലീഗിന്റെ പതാക ഉയര്‍ത്താതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തി. ത്രിവര്‍ണ പതാകയുടെ ചരിത്രം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അറിയാവുന്നവര്‍ ചരിത്രം വിസ്മരിച്ചു. ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെയും കോണ്‍ഗ്രസ് മറന്നു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വാതന്ത്ര്യസമര ചരിത്രം പോലും മറന്നു. സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങാന്‍ കോണ്‍ഗ്രസ് ഇത്ര അധ:പതിച്ചോയെന്ന് പിണറായി ചോദിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന് മുന്നില്‍ സ്വയം മറന്ന് നില്ക്കുന്ന കോണ്‍ഗ്രസല്ല നാടിന്റെ പ്രതിനിധികളായി ലോക്സഭയിലേക്ക് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ ബിജെപിയുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ക്വട്ടേഷന്‍ കോണ്‍ഗ്രസും സംഘടനാ ജനറല്‍ സെക്രട്ടറിയും ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ആലപ്പുഴയിലെ ജനങ്ങള്‍ വിവേചനബുദ്ധിയുള്ളവര്‍ ആയത് കൊണ്ട് അത്തരം ആപത്ത് വരില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എസ്ഡിപിഐ പോലെയുള്ള ശക്തികളുമായി കോണ്‍ഗ്രസ് നേരത്തെ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്. എസ്ഡിപിഐ ഇതിനായി പറഞ്ഞ ന്യായീകരണം തമാശയാണ്. തമിഴ്നാട്ടില്‍ ബിജെപി മുന്നണിയിലുള്ള അണ്ണാ ഡിഎംകെയെയാണ് ഇവര്‍ പിന്തുണയ്ക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. വെള്ളത്തില്‍ വീണയാള്‍ ഏത് കച്ചിത്തുരുമ്പും പിടിക്കും പോലെയാണ് യുഡിഎഫിന്റെ അവസരവാദ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: