യസ്മിന്‍ സര്‍വാണി ഭൂതാനി
ആത്മവാഭൂദ് വിജാനതഃ
തത്ര കോ മോഹഃ കഃ ശോക
ഏകത്വമനുപശ്യതഃ
(ശ്ലോകം 7)
(ഏതൊരു തത്ത്വമറിയുന്ന ജ്ഞാനിക്ക് എല്ലാ ഭൂതങ്ങളും ആത്മാവായി തന്നെ ഭവിച്ചിരിക്കുന്നു അപ്പോള്‍ ഏകത്വത്തെ സാക്ഷാത്കരിച്ച അവന് എന്ത് മോഹം; എന്ത് ശോകം.)
നമ്മള്‍ പൊതുവെ ധരിച്ചുവച്ചിരിക്കുന്നതു പോലെ അകത്തെന്നും പുറത്തെന്നുമുള്ള വേര്‍തിരിവ് പരമമായ സത്യത്തിലില്ലായെന്നും, ഇവിടെ ഒന്നേയുള്ളൂയെന്നും ഇതിനകം മനസ്സിലായി കാണുമല്ലോ? ഉള്‍ബോധത്തിലെ, മോഹരൂപമായ ‘ഞാന്‍’, എന്ന കുറച്ച് വിവരങ്ങളെ കടന്ന് പോയാണ്, ഒരുവന്‍ തന്നിലെ ആത്മാവിന്റെ തലം പ്രാപിക്കുന്നത്. ആ ഏകത്വദര്‍ശനത്തില്‍ എങ്ങും ആത്മാവ് മാത്രമേ ഉണ്ടാവൂ… അവിടെ എവിടെയാണ് ഞാന്‍. ‘ഞാന്‍’ ഒരു സാക്ഷി മാത്രമാകുന്ന, ഈ ശരീരത്തിന് അകത്തു നടക്കുന്നതും ആത്മജ്യോതിസ്സായ ആ സൂര്യന്റെ പ്രതിഫല നങ്ങള്‍ തന്നെയല്ലേ… ഇനി കരയാന്‍ എന്തുണ്ട്…. ചിരിക്കാന്‍ എന്തുണ്ട്….സര്‍വം ശിവോഹം.. ശിവോഹം.. (ശിവമയം, ചൈതന്യമയം).
ഈ ലോകത്തെ ഗ്രസിച്ചിരിക്കുന്നത് മൂന്ന് വിധമായ ദുഃഖങ്ങളാണെന്ന് പറയാം. ഒന്ന് ഒരു ജീവി എന്ന നിലയില്‍ ശരീരംകൊണ്ട് നാം അനുഭവിക്കുന്ന വേദനകളാണ്. രോഗപീഡകളെല്ലാം അതില്‍ വരും. മറ്റൊന്ന് ഈ പ്രപഞ്ചം തരുന്ന ദുഃഖങ്ങളാണ്. അത് സമയവും സ്ഥലവും നോക്കാതെ വന്നെത്തുന്ന ചാറ്റല്‍ മഴ മുതല്‍ മഹാദുരന്തങ്ങള്‍ വരെ നീളും. ഇനിയുള്ളത് മനസ്സിന്റെ തലത്തില്‍ നിന്നുള്ളവയാണ്. അത് കൂടുതലും സ്വന്തം കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ മനസ്സിന് സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് ഒട്ടും ലഘൂകരിക്കാന്‍ കഴിയാത്തവയാണ്. മേല്‍പറഞ്ഞ ദുഃഖങ്ങള്‍ക്ക് കുറഞ്ഞ പക്ഷം കാരണങ്ങളെങ്കിലും കണ്ടെത്തുവാന്‍ കഴിയും. എ ന്നാല്‍ അതൊന്നുമില്ലാതെ, ദുഃഖങ്ങളെ കൊണ്ടുവരുവാനും, ചുമന്ന് നടക്കുവാനും മനസ്സിന് കഴിയും. അജ്ഞതയില്‍ ആണ്ടുകിടക്കുന്ന അവനവനിലെ മനസ്സ് തന്നെയാണ്, നമ്മുടെ എല്ലാ ദുഃഖങ്ങള്‍ക്കും പിന്നിലുള്ള സൂത്രധാരന്‍.
നാം അധിവസിക്കുന്ന ഈ ലോകത്തിന്, നമ്മളേയും ഉള്‍ക്കൊണ്ട് നില്‍ക്കുന്ന ഒരുസഞ്ചാര മാര്‍ഗമാണുള്ളത്. അതിനെ ശരിയായി ഉള്‍ക്കൊള്ളാതെ, നമ്മള്‍ നമ്മുടെതായ ലോകത്തെ ഇതിനകത്ത് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വരുത്തിവയ്‌ക്കുന്നതാണ് ഈ ലോക ദുഖങ്ങളെല്ലാം. മൂഢമായ കുറച്ച് സങ്കല്പങ്ങളൊരുക്കി, ഉടനെ അതിനെ വിരിയിച്ചെടുക്കുവാനുള്ള തത്രപ്പാടിലാണ്, ഇവിടെ ഓരോ മനുഷ്യനും. അപ്പോള്‍ സ്വാഭാവികമായും ദുഃഖത്തെ എല്ലാപേര്‍ക്കും, എല്ലായിടത്തും, എപ്പോഴും പ്രതീക്ഷിക്കാം.
അതിന്റെ ഈ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗമേയുള്ളൂ, നമ്മുടെ ഏത് തരം ദുഃഖമായാലും അതിന്റെയെല്ലാം ജനനസ്ഥാനവും, വളര്‍ത്ത് ശാലയും, സ്വന്തം മനസ്സായതിനാല്‍, അവിടെ ചികിത്സിക്കുക. ശരിയായി അത് ചെയ്താല്‍ ദുഃഖങ്ങളുടെ അന്ത്യസ്ഥാനവും അവിടെത്തന്നെയാകും. തന്റേയും, ഈ ജീവിതത്തിന് പിന്നിലേയും യാഥാര്‍ത്ഥ്യത്തെ മനസ്സ് അറിയുകയും ഉള്‍ ക്കൊള്ളുകയും വേണം. അതിലൂടെ മനസ്സിന് തന്റെ സ്വരൂപത്തെ ആര്‍ജ്ജിക്കാന്‍ കഴിയുമ്പോള്‍, അത് ജീവിതത്തിലെ മോഹരൂപമായ മൗഢ്യത്തില്‍ നിന്നുള്ള നമ്മുടെ തിരിച്ചുവരവാകും. അന്ന് ജനനമോ മരണമോ ദുരന്തങ്ങളോ, ഒന്നും നമ്മെ ഇളക്കുവാന്‍ പോന്ന യാഥാര്‍ത്ഥ്യങ്ങളാകില്ല. ആ അവസ്ഥയില്‍ ഒരാള്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആത്മദര്‍ശനം കൊണ്ട് നേടാവുന്ന ഏറ്റവും വലിയ നേട്ടം ഇതാണ്. ശോകവും മോഹവുമില്ലാത്ത ജീവിതം. മോക്ഷം നേടുന്നതോ, ഈശ്വരനുമായി താതാത്മ്യം പ്രാപിക്കുന്നതോ അതിന് മുന്നില്‍ വലിയ വിശേഷമല്ല.
ഇത്രയും അറിഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ഇവിടെ ഈശ്വരന്‍ എന്ന സങ്കല്പത്തെ ഇന്ന് നമ്മുടെ മുന്നില്‍ വയ്‌ക്കേണ്ടതില്ല. എന്തെന്നാല്‍ എല്ലാം ‘മനുഷ്യന്‍’ എന്ന മഹാദൈവത്തില്‍ പ്രപഞ്ചം ഉറപ്പിച്ചിരിക്കുകയാണ്. നമ്മള്‍ ശക്തി നേടാന്‍ വേണ്ടി മാത്രമാണ്, ലോകം ഈശ്വരനെ സൃഷ്ടിച്ച് വച്ചത്. അതായത് ഇവിടെ ഒരീശ്വരനെയുള്ളൂ… അത് മനുഷ്യനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇവിടെ ഇല്ല. അഥവാ ഉണ്ടെങ്കില്‍ അതിന് മനുഷ്യജീവിതങ്ങളില്‍ എന്ത് പ്രസക്തിയാണുള്ളത്? ഇങ്ങനെയുള്ള നമ്മുടെ ചിന്തകളെ പാടേ തള്ളിക്കളയുന്നതാണ് ഈ ഉപനിഷത്തിലെ അടുത്ത ശ്ലോകം. ഒരുപക്ഷേ ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത് അതാണെന്നും പറയാം. അവിടം, നമ്മുടെ ഉപനിഷത്ത് പഠനത്തിലെ രണ്ടാമത്തെ താവളം കൂടിയാണ്. ആയതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെ സമീപിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: