ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന, തീപാറും പോരാട്ടത്തിന് വേദിയാകുന്ന കര്‍ണാടകയിലെ മണ്ഡലങ്ങളില്‍ ഒന്നാണ് മൈസൂരു-കുടക് മണ്ഡലം. ബിജെപിക്ക് വേണ്ടി ഇവിടെ നിന്നും മത്സരരംഗത്തിറങ്ങുന്നത് മൈസൂരു കൊട്ടാരത്തിന്റെ പിന്മുറക്കാരന്‍ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാര്‍. കഴിഞ്ഞ ദിവസമാണ് യദുവീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, കാറില്ല, ബിസിനസ് സംരംഭങ്ങളില്ല. വരണാധികാരിക്ക് സമര്‍പ്പിച്ച മറ്റു വിവരങ്ങള്‍ പ്രകാരം 4.99 കോടി രൂപയുടെ സ്വത്തു വകകള്‍ ആണ് അദ്ദേഹത്തിന് ഉള്ളത്. ഇതില്‍ ഭാര്യ ത്രിശ്ശിക കുമാരിയുടെ കൈവശം 1.04 കോടി രൂപയും തന്റെ കൈവശം 3.64 കോടി രൂപയും ഉണ്ടെന്നാണ് യദുവീര്‍ സമര്‍പ്പിച്ച കണക്ക്.
യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വര്‍ണമുണ്ട്. ഇതുള്‍പ്പെടെ കൈവശമുള്ള ലോഹങ്ങള്‍ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങള്‍ ഉണ്ടെന്നും യദുവീര്‍ സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തി. അമ്മ പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീര്‍ പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസിന്റെ എം. ലക്ഷ്മണയാണ് യദുവീറിന് മണ്ഡലത്തില്‍ എതിരാളി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശമാണ് മൈസൂരു-കുടക് ലോക്‌സഭാ മണ്ഡലം. സിദ്ധരാമയ്യയെ സംബന്ധിച്ചിടത്തോളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം അഭിമാന പ്രശ്‌നമാണ്. വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലയില്‍ അതെ സമുദായക്കാരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
മൂന്നു വയസുള്ളപ്പോള്‍ മൈസൂരു കൊട്ടാരത്തിലേക്കു ദത്തെടുത്തതാണ് 32 വയസുകാരനായ യദുവീറിനെ. 2015ലായിരുന്നു മൈസൂര്‍ രാജ്യത്തിന്റെ ഇരുപത്തി ഏഴാമത്തെ ഭരണാധികാരിയായി യദുവീറിന്റെ അഭിഷേക ചടങ്ങു നടന്നത്. മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജാവിനും പ്രമോദദേവിക്കും സന്താന സൗഭാഗ്യമില്ലാത്തതിനെത്തുടര്‍ന്ന് 1995ലാണ് യദുവിര്‍ രാജകുടുംബത്തിലെത്തുന്നത്. അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയയാളാണ് യദുവീര്‍. ബിരുദ പഠനം പൂര്‍ത്തിയായ ശേഷമാണ് പട്ടാഭിഷേക ചടങ്ങുകള്‍ നടന്നത്.
യദുവീറിനെ പോലെ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാറും. 1974ല്‍ മൈസൂരുവിന്റെ അവസാന രാജാവായിരുന്ന ജയചാമരാജ വോഡയാരുടെ മരണത്തിന് പിന്നാലെയാണ് ശ്രീകണ്ഠദത്ത നരസിംഹരാജ രാജാവായി ചുമതലയേറ്റത്. അഞ്ച് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നരസിംഹരാജ ഒരു തവണ ബിജെപിക്ക് വേണ്ടിയും മൈസൂരുവില്‍ നിന്നും മത്സരിച്ചു. നാല് തവണയും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നരസിംഹരാജ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.
നരസിംഹരാജ വോഡയാര്‍ 2013ല്‍ അന്തരിച്ചു. നരസിംഹരാജയ്‌ക്ക് മക്കളില്ലാതിരുന്നതിനാല്‍ പിന്നീടുള്ള രണ്ട് വര്‍ഷം ഔദ്യോഗികമായി രാജകുടുംബത്തിന് തലവനില്ലായിരുന്നു. പിന്നീട് യദുവീറിനെ മകനായി ദത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക