തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ തോമസ് ഐസക്കിനെ ചുറ്റിപ്പറ്റി ഇഡി നീക്കം ശക്തമായതോടെ മസാലബോണ്ട് തുകയായ 2150 കോടി രൂപ തിരിച്ചടച്ചതിന്റെ അതിവേഗത സംശയം ജനിപ്പിക്കുന്നു. ഈ ഇടപാടില്‍ പലിശയിനത്തില്‍ മാത്രം ലണ്ടന്‍ സ്റ്റോക്ക് എക്സ് ചേഞ്ചിന് 1045 കോടി രൂപ നല്‍കിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. . സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടയിലാണ് പലിശയും മുതളും അടക്കും ആകെ 3195 കോടി രൂപ അടച്ചാണ് സര്‍ക്കാര്‍ മസാല ബോണ്ട് കടം വീട്ടിയതെങ്കില്‍ ഇത് വലിയ സംശയങ്ങളും ചോദ്യങ്ങളും ഭാവിയില്‍ ഉയര്‍ത്തും. കടമെടുത്ത തുകയുടെ പാതിയോളം പലിശയിനത്തില്‍ നല്‍കി എന്നതാണ് വിവാദമാകുന്നത്. മാത്രമല്ല, അതിവേഗത്തില്‍ ഈ കടം തിരിച്ചടച്ചതും സംശയം ഉളവാക്കുന്നുണ്ട്.
മസാല ബോണ്ട് ഇറക്കിയ വിഷയത്തില്‍ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. കുറഞ്ഞ പലിശ നിരക്കില്‍ കിഫ്ബിക്ക് പണം കിട്ടുമെന്നിരിക്കെ എന്തിനാണ് 9.72 ശതമാനമെന്ന കൊള്ളപ്പലിശയ്‌ക്ക് കനേഡിയന്‍ കമ്പനിയായ സിഡിപിക്യുവില്‍ നിന്ന് കിഫ് ബി മസാല ബോണ്ട് വാങ്ങിയത് എന്ന കാര്യത്തില്‍ തോമസ് ഐസക്ക് മറുപടി പറഞ്ഞേ തീരൂ. മാത്രമല്ല, സിഡിപിക്യു എന്ന കനേഡിയന്‍ കമ്പനിയ്‌ക്ക് പിണറായി വിജയന് നേരത്തെ ബന്ധമുള്ള ലാ വ് ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി ബന്ധമുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്.
9.72 ശതമാനം എന്ന കൊള്ളപ്പലിശയ്‌ക്ക് കിഫ്ബിക്ക് വേണ്ടി പണം കടമെടുക്കുന്നതിനെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിരുന്നു. എന്നാല്‍ അതിനെ മറികടന്നാണ് തോമസ് ഐസക്ക് തീരുമാനമെടുത്തത് എന്ന ആരോപണവും നിലവിലുണ്ട്. ഏഴ് തവണ ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടും തോമസ് ഐസക്ക് ഹാജരാകാതിരുന്നത് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി പറയാനില്ലാത്തതും പറഞ്ഞത് അബദ്ധമായാല്‍ അതില്‍ കയറിപ്പിടിച്ച് ഇഡി കുരുക്ക് മുറുക്കുമെന്നും തോമസ് ഐസക്ക് ഭയപ്പെടുന്നുണ്ട്. ഇത് തന്നെയാണ് കെജ്രിവാളിനും സംഭവിച്ചത്. ദല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് ചോദിക്കാന്‍ ഇഡി വിളിച്ചിട്ടും അദ്ദേഹം തുടര്‍ച്ചയായി ഇഡി നോട്ടീസ് അവഗണിക്കുകയായിരുന്നു.
കേരളത്തിന് കിട്ടേണ്ട വിഹിതം നല്‍കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കേരളം കേസിന് പോയിരുന്നു. എന്നാല്‍ കിഫ്ബിയെപ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ കടമെടുത്ത് കേരളത്തെ മുടിപ്പിക്കാനാണ് കൂടുതല്‍ കടമെടുക്കാനുള്ള ശ്രമമെന്നും ആരോപിക്കപ്പെടുന്നുണ്ട്.
തോമസ് ഐസക്കിനെ രക്ഷിക്കാന്‍ കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാം
കിഫ്ബി വിദേശത്ത് മസാല ബോണ്ട് ഇറക്കിയ സംഭവത്തില്‍ തോമസ് ഐസക്കിന് ഒരു പങ്കുമില്ലെന്ന് കേരള ഹൈക്കോടതിയില്‍ കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാം കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. മസാലബോണ്ടിനായി സമാഹരിച്ച 2150 കോടി രൂപയും മാര്‍ച്ചില്‍ തിരിച്ചുകൊടുത്തെന്നും ഡോ.കെ.എം. എബ്രഹാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബിയുംതോമസ് ഐസക്കും നല്‍കിയ ഹര്‍ജി മാര്‍ച്ച് 5 വെള്ളിയാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.
ധനമന്ത്രി എന്ന നിലയില്‍ കിഫ്ബിയുടെ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും ആയ തോമസ് ഐസക്കിന് മസാലബോണ്ടിറക്കിയ കാര്യത്തില്‍ മുഖ്യപങ്കുണ്ടെന്ന ഇഡിയുടെ ആരോപണവും സത്യവാങ്മൂലത്തില്‍ ഡോ.കെ.എം. എബ്രഹാം തള്ളിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍
മസാല ബോണ്ടിനെതിരെ ഏറ്റവുമധികം ആരോപണം ഉന്നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ്. ഇദ്ദേഹത്തിന്റെ ആരോപണങ്ങളും നിര്‍ണ്ണായകമാണ്.
2019 ഏപ്രില്‍ 1നാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്‌തത്. 2019 മെയ് 17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ ഇതിന്റെ പബ്ലിക് ഇഷ്യൂ ആരംഭിക്കുന്നത്. എന്നാല്‍ പബ്ലിക് ഇഷ്യൂ ആരംഭിക്കുന്ന മെയ് 17 ന് മുമ്പ് മാര്‍ച്ച് 26നും 29നും ഇടയ്‌ക്ക് കനേഡിയന്‍ കമ്പനിയായ സിഡിപിക്യുവുമായി ഇടപാട് നടന്നു കഴിഞ്ഞു.- രമേശ് ചെന്നിത്തല പറയുന്നു.
മാര്‍ച്ച് 29ന് കിഫ്ബിക്ക് പണം ലഭിച്ചു. രഹസ്യമായി കച്ചവടം നടത്തി പണം വാങ്ങിയ ശേഷമാണ് ഇതിന്റെ സിസ്റ്റിങും പബ്ലിക് ഇഷ്യൂവും നടന്നത്. മസാല ബോണ്ടുകളെ പബ്ലിക് ഇഷ്യൂവിന് മുമ്പേ പ്രൈവറ്റ് ആയി പ്ലേസ്‌മെന്‍റ് നടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. കാനഡയിലെ ക്യൂബിക് പ്രവിശ്യിലുള്ള ഈ കമ്പനിക്ക് എസ്എന്‍സി ലാവ്‌ലിനുമായി ബന്ധമുണ്ട്.- രമേശ് ചെന്നിത്തല ആരോപിക്കുന്നു.
ലാവ്‌ലിന്‍ കമ്പനിയില്‍ സിഡിപിക്യു കമ്പനിക്ക് 20 ശതമാനം ഓഹരി നിക്ഷേപമുണ്ട്. കാനഡയിലെ ഈ കമ്പനിയുമായി പിണറായി വിജയന് ഇത്രയധികം ഇഷ്‌ടം തോന്നാനുള്ള കാരണം എന്താണ്. ഇതിന്റെ ഭാഗമായി കമ്പനിയുമായി ബന്ധമുള്ള കാനഡക്കാര്‍ തിരുവനന്തപുരത്ത് വന്നിരുന്നോ എന്നും അവര്‍ അന്നത്തെ ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നോ എന്നും അവര്‍ മറ്റ് ആരുമായി താമസിച്ചു, എവിടെയൊക്കെ താമസിച്ചു ഇത്തരം കാര്യങ്ങളെല്ലാം തോമസ് ഐസക്ക് വ്യക്തമാക്കണം..- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുതലും 1045 കോടി രൂപ പലിശയും ഉള്‍പ്പെടെ 5 വര്‍ഷം കൊണ്ട് 3195 കോടി രൂപയാണ് സിഡിപിക്യുവിന് തിരിച്ചു കൊടുക്കേണ്ടത്. ഇതിന് പുറമെ മറ്റ് ചെലവുകള്‍ക്കായി 2.29 കോടി രൂപയും നല്‍കണം. ഇതിനകം എത്ര കോടി രൂപ ഐഡിപിക്യൂ എന്ന കമ്പനിക്ക് തിരിച്ചു കൊടുത്തു എന്നു വ്യക്തമാക്കണം. സംസ്ഥാനത്തെ വന്‍ പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളി വിടുന്നതാണ് ഈ ഇടപാടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇത്രയും ഉയര്‍ന്ന പലിശയ്‌ക്ക് വാങ്ങിയ പണം 6.5 ശതമാനം പലിശക്ക് ന്യൂജെന്‍ ബാങ്കുകില്‍ നിക്ഷേപിച്ചു.- രമേശ് ചെന്നിത്തല ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: