2024-2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സേവിംഗ്സ് പ്ലാനുകൾ, നികുതി, ഫാസ്ടാഗുകൾ എന്നിവ സംബന്ധിച്ച് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇപിഎഫ്ഒ നിയമം.
കൂടുതൽ സാമ്പത്തിക ഭദ്രതയും ജോലി സാധ്യതയും നോക്കി ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് ജീവനക്കാർ മാറുന്നത് പതിവാണ്. ഇത്തരത്തിൽ കമ്പനി മാറുന്ന സാഹചര്യത്തിൽ ഇപിഎഫിൽ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് മാറ്റേണ്ടതുണ്ട്. എന്നാൽ ഇതിന് ചില ഫോമുകൾ ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇതിനൊരു ആശ്വാസവാർത്തയാണ് എത്തിയിരിക്കുന്നത്. ജീവനക്കാരുടെ സൗകര്യാർത്ഥം തുക മാറ്റുന്നത് കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികൾ ഇപിഎഫ്ഒ സ്വീകരിച്ചു.
നിലവിൽ മാനുവൽ രീതിയിലാണ് നടപടിക്രമങ്ങൾ. അതായത് ജീവനക്കാർ അപേക്ഷ സമർപ്പിച്ച ശേഷം പഴയ കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ച കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് കൈമാറും. എന്നാൽ ഇപ്പോഴിതാ കമ്പനി മാറുന്ന മുറയ്‌ക്ക് ഓട്ടോമാറ്റിക്കായി പിഎഫിലെ ബാലൻസ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്ഒ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്.
2024 ഏപ്രിൽ ഒന്ന് മുതൽ രീതി പ്രാബല്യത്തിൽ വരും. റിട്ടയർമെന്റ് സമ്പാദ്യത്തിന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നടപടി. ഇതിലൂടെ ജീവനക്കാർക്കും എളുപ്പത്തിൽ പിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: