ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂജ്യം തുക പിഴ അടയ്ക്കണമെന്ന ഇ-ചലാൻ ലഭിച്ചാൽ നിസാരമായി കാണരുതെന്ന് എംവിഡിയുടെ മുന്നറിയിപ്പ്. പിഴ മാത്രം അടച്ച് തീർപ്പാക്കാൻ സാധിക്കാത്ത കേസുകളിലാണ് പൂജ്യം തുക രേഖപ്പെടുത്തിയിരിക്കുന്ന ഇ-ചലാൻ എത്തുന്നത്. ഇത്തരം ചലാൻ ലഭിച്ചാൽ വൈകാതെ തന്നെ മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തെ സമീപിക്കണമെന്നാണ് നിർദ്ദേശം. നിയമലംഘനം കൃത്യമായി മനസിലാക്കാൻ ഇതാണ് മാർഗ്ഗമെന്ന് എംവിഡി പറയുന്നു.
പ്രധാന ജംഗ്ഷനുകളിലാണ് സാധാരണയായി ഇത്തരം നിയമലംഘനങ്ങൾ അധികവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ക്യാമറകളിലും എംവിഡിയുടെ ഇന്റർസെപ്റ്റർ വാഹനങ്ങളിലൂടെയും ഉദ്യോഗസ്ഥർ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുന്നത്. എന്നാൽ മിക്ക സാഹചര്യങ്ങളിലും വാഹന ഉടമകൾ ഇ-ചലാൻ ലഭിക്കുമ്പോൾ പൂജ്യമല്ലെ പിഴ അടയ്ക്കേണ്ടലോ എന്ന ചിന്തയിൽ ഇക്കാര്യം അവഗണിക്കാറുണ്ട്. ഇതിനാലാണ് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എംവിഡി മുന്നറിയിപ്പ് നൽകിയത്.
ചുവപ്പ് സിഗ്നൽ കാണിച്ചതിന് ശേഷം മറികടന്ന് പോകുക, സിഗ്നലുകളിൽ സ്റ്റോപ്പ് ലൈൻ കഴിഞ്ഞതിന് മുന്നിൽ വാഹനം നിർത്തുക, സീബ്രാലൈനിൽ വാഹനം നിർത്തിയിടുന്നത്, ദേശീയപാതകളിലെ ലൈൻ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നത് എന്നീ കുറ്റകൃത്യങ്ങൾക്കാകും പൂജ്യം തുകയെന്നുള്ള ഇ-ചലാൻ വാഹന ഉടമകളെ തേടിയെത്തുന്നത്.കൂടാതെ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കുക, ആംബുലൻസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് മനപ്പൂർവ്വം തടസ്സം സൃഷ്ടിക്കുന്നത് എന്നീ നിയമലംഘനങ്ങൾക്കും ഇത്തരം ഇ-ചലാനുകളാകും ലഭിക്കുക.
കോടതി വിചാരണയ്ക്ക് ശേഷം മാത്രമാകും ഇത്തരം സാഹചര്യങ്ങളിൽ പിഴ അല്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കുമോ എന്ന് തീരുമാനിക്കുകയുള്ളുവെന്നതാണ് പ്രധാന പ്രശ്നം. എന്നാൽ ഇ-ചലാൻ ലഭിച്ച ശേഷം എംവിഡിയെ സമീപിച്ച് തുടർനടപടികൾ സ്വീകരിക്കാത്ത പക്ഷം നടപടികൾ കടുത്തേക്കുമെന്നും അധികൃതർ പറയുന്നു. വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നുൾപ്പെടെ അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: