”കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ കുഴപ്പമെന്ന പ്രചരണം മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റേതുമാണ്.” സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നതങ്ങനെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിന് ലഭിച്ച അംഗീകാരമാണ് കടമെടുപ്പ് അധികാരതര്‍ക്കം ഭരണഘടനാബഞ്ചിന് വിട്ടതെന്നാണ് വാദം. ധനപരമായ ഫെഡറല്‍ ബന്ധത്തിലെ സുപ്രധാനമായ ഇടപെടലാണ് ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന വാദം ഉന്നയിക്കുമ്പോള്‍ കുഴിയില്‍ വീണിട്ടും കാലുമുകളിലുണ്ടല്ലോ എന്ന വാദം പോലെയാണ്. 2016 മുതല്‍ 2020വരെ എടുത്ത കടം കേരളത്തിന് വിനയാവുകയായിരുന്നു.
2021 മുതല്‍ വെട്ടിക്കുറച്ചത് 26619 കോടിയുടെ കടപരിധിയാണെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥത കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 14479 കോടി രൂപ കേരളം അധികകടം എടുത്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കിഫ്ബിയിലൂടെ മാത്രം എടുത്ത കടമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും സംസ്ഥാനം കടമെടുത്തിരുന്നു. 2016 മുതലുള്ള നാല് വര്‍ഷങ്ങളില്‍ കേരളം അധികകടം എടുത്തിട്ടുണ്ടെന്ന് സംസ്ഥാനം സമ്മതിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9197.15 കോടിയും, 2022-23 ല്‍ 13067.78 കോടിയും, 2023-24 ല്‍ 4354.72 കോടി രൂപയുമാണ് കടപരിധിയില്‍ വെട്ടി കുറവ് വരുത്തിയിരിക്കുന്നത്. ഫലത്തില്‍ തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ എടുത്ത അധികകടത്തിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ കടപരിധിയില്‍ 26619 കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം ഇതുവരെ വരുത്തിയത്.
ഒരു ധനകാര്യ കമ്മീഷന്റെ കാലയളവില്‍ സംസ്ഥാനം കൂടുതല്‍ കടമെടുത്താല്‍ അടുത്ത ധനകാര്യ കമ്മീഷന്റെ കാലയളവിലെ കടപരിധിയില്‍ കേന്ദ്ര സര്‍ക്കാരിന് കുറവ് വരുത്താം എന്നാണ് തങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കേരളം നല്കിയ സ്യൂട്ട് ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചാണെന്നും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
അധിക കടമെടുപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ പെന്ഷന് ഉള്‍പ്പടെയുള്ളവയുടെ വിതരണം പ്രതിസന്ധിയിലാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഇടപെടല്‍ കാരണം കേരളത്തിന് 13608 കോടി രൂപ കടം എടുക്കാന്‍ കഴിഞ്ഞുവെന്നും, അതിനാല്‍ പ്രതിസന്ധി ഭാഗീകമായി തരണം ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കേരളത്തിന്റെ ധനകാര്യമാനേജ്മെന്റിന്റെ വീഴ്ച സുപ്രീംകോടതി ചൂണ്ടിക്കാട്ടിയാലും കുന്നുകുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ലെന്നതുപോലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എല്ലാം ശരിയെന്ന വാദമാണവര്‍ ആവര്‍ത്തിക്കുന്നത്. കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കുന്നില്ല. എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അര്‍ഹമായ എല്ലാവിഹിതവും നല്‍കിയിട്ടുണ്ട്. വിധവ, വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ലെന്നാണ് പ്രചാരണം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും തുക നല്കി. അതിന് ശേഷം ഒരു അപേക്ഷയും സംസ്ഥാനത്ത് നിന്നും വന്നിട്ടില്ല.
കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വിഹിതം ലഭിക്കുന്നില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തെ കേന്ദ്രധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി, യുജിസി ശമ്പള പരിഷ്ക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യ സുരക്ഷ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം പൂര്‍ണമായും കൈമാറി.
സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പദ്ധതി സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണ്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം കൃത്യമായി പണം നല്‍കുന്നുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ധനകാര്യ കമ്മിഷന് വഴി കേരളത്തിന് മാത്രമായി 78,000 കോടിയിലേറെ രൂപ നല്കി 15-ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പണം നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ എങ്ങനെ പണം നല്‍കാനാകുമെന്ന് പറയുന്നില്ല. സംസ്ഥാന അക്കൗണ്ടന്റ് കൃത്യമായി കണക്ക് കൊടുക്കാതെയാണ് സംസ്ഥാനം പണം ആവശ്യപ്പെടുന്നതും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും. മുഖ്യമന്ത്രിയുടെ കത്തിനെ തുടര്‍ന്ന് കേരളത്തിനുള്ള ഒരു വിഹിതവും പിടിച്ചു വയ്ക്കരുതെന്ന് പ്രധാനമന്ത്രി ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം സാധ്യമായ രീതിയില്‍ എല്ലാം സംസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്നുമാണ് നിര്‍മ്മലാ സീതാരാമന് പറഞ്ഞത്. നെല്ല് സംഭരിച്ച വകയില്‍ പണം നല്‍കാതായപ്പോള്‍ കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. കര്‍ഷകര്‍ക്ക് പണം നല്‍കേണ്ടത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. പണം അവരുടെ അക്കൗണ്ടുകളില്‍ നല്‍കണം. മുന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നത് കേന്ദ്രത്തില്‍ നിന്നും 100 രൂപ നല്കിയാല് സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത് 15 രൂപമാത്രം. ബാക്കി തുക എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അഴിമതിയാണ് നടന്നു വന്നിരുന്നത്. മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് എല്ലാപേരോടും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
ബാങ്കുകളില്‍ സാങ്കേതിക വിദ്യ നടപ്പിലാക്കി. പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതുമെല്ലാം അവരുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതി ഒറ്റ ക്ലിക്കിലൂടെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും അക്കൗണ്ടില്‍ തുക ലഭിക്കുന്നു. വിവരം മൊബൈല്‍ ഫോണിലൂടെ അറിയുന്നു. കേരളത്തിലെ കര്‍ഷകര്‍ക്കും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയതു പോലുള്ള ഈ പദ്ധതി നടപ്പിലാക്കിക്കൂടെയെന്ന ചോദ്യം പ്രസക്തമാണ്.
സാധാരണക്കാര്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും പണത്തി നായി ബാങ്കുകളെ സമീപിക്കുമ്പോള്‍ വായ്പക്കായി സ്വര്‍ണ്ണം ഈട് നല്‍കണം. അല്ലെങ്കില്‍ വസ്തു, ഇത് രണ്ടും അല്ലെങ്കില്‍ സ്ഥിര നിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റ്. കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സാമ്പത്തികമായി മുന്നേറാനും സാധിക്കുന്നില്ല. ഈ മാറ്റത്തിന് വേണ്ടിയാണ് മുദ്രാലോണ്‍ കൊണ്ടുവന്നത്. ബാങ്കുകള്‍ ജാമ്യത്തെ പറ്റി സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രിയാണ് ജാമ്യം എന്നു പറഞ്ഞു. കോടിക്കണക്കിന് രൂപ ബാങ്കുകളില്‍ നിന്നും വായ്പകള്‍ ലഭിച്ചതോടെ സാമ്പത്തികമായ ഉന്നമനം നേടാന്‍ ഗ്രാമീണര്‍ക്ക് സാധിച്ചു. നരേന്ദ്രമോദി സര്‍ക്കാറാണ് സംസ്ഥാനത്തിന് കൂടുതല്‍ ഗ്രാന്റ് നല്‍കിയത്. 2009-10ല്‍ ലഭിച്ചത് 602 കോടിയാണ്. ഇത് 2021-22ല്‍ 22171 കോടിയായി. 22-23ല്‍ 15388 കോടിയും. എന്നിട്ടും പഞ്ഞപ്പാട്ടിന് ഒരു കുറവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: