യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗുപ്സതേ
(ശ്ലോകം 6)
(യാതൊരുത്തനാകട്ടെ എല്ലാ ഭൂതങ്ങളെയും ആത്മാവില്തന്നെ കാണുന്നു. എല്ലാ ഭൂതങ്ങളിലും ആത്മാവിനെയും കാണുന്നു. അത് ഹേതുവായിട്ട് നിന്ദിക്കുന്നില്ല).
തത്ത്വമസിയുടെ അനുഭവത്തില്‍ നിന്നുള്ള കാഴ്ചയാണിത്.
ലോകത്തിനകത്തും പുറത്തുമായി സര്‍വത്ര പരമാത്മാവായ ഈശ്വരന് വ്യാപിച്ചിരിക്കുന്നു എന്ന് കാണുമ്പോള്‍; സചേതനവും അചേതനവുമായ അനേകങ്ങളുടെ ഈ വിശ്വവും, ഏകനായ ആ ഈശ്വരനും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നും, അവനാണെല്ലാമെന്നും, അവനിലാണ് എല്ലാം എന്നും തിരിയുന്നു. ആത്മാവായ അവന് സര്‍വഭൂതങ്ങളേയും ആഴ്ന്ന്
നില്ക്കുന്ന (മൂടിനില്ക്കുന്ന) ആ കാഴ്ചയാണ്, ഭൂതങ്ങളെല്ലാം ആത്മാവിലാണെന്ന
സ്ഥിതി. അത് പരമാത്മാവിന്റെ സമഗ്രഭാവത്തിലുള്ള ദര്‍ശനമാണ്.
ഇനി, ഈയൊരു ദര്‍ശനത്തില്‍ മനസ്സ് എത്തിയാല്‍ പുറം ലോകത്ത് നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാത്തിനും അതിന്റെ യഥാര്‍ഥ മുഖം തിരിച്ചുകിട്ടും. അപ്പോള്‍ കണ്മുമ്പില് കാണുന്നതെല്ലാം ഇളകാത്ത അവന്റെ പ്രതിഫലനങ്ങളാണെന്ന് തിരിച്ചറിയും. ആ പ്രതിഫലനങ്ങളില്‍ തുള്ളിയാടുന്ന ജീവരാശിയെ മുന്നില്‍ കാണുമ്പോള്‍, എല്ലാ ഭൂതങ്ങളിലും ആത്മാവിനേയും കാണുന്ന അവസ്ഥയാകും. ഇത് സമഗ്രനായ ഈശ്വരന്റെ അംശഭാവങ്ങളിലുള്ള ദര്‍ശനമാണ്.
അംശങ്ങളായും, പൂര്‍ണനായും നില്ക്കുന്ന ഈശ്വരന്റെ ഏകഭാവത്തില്‍ എത്തിയ മനുഷ്യ മനസ്സിന് ജീവാത്മാക്കളെ മാത്രമല്ല യാതൊന്നിനേയും അവനില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ കഴിയില്ല. അപ്പോള്‍ എങ്ങനെയാണ് എന്തെങ്കിലും കുറ്റമോ, കുറവോ എവിടെയെങ്കിലും തെളിയുന്നത്. ഏറ്റവും അപലപനീയം എന്ന് നമ്മള് വിധിയെഴുതുന്ന ഒരു കാര്യം പോലും ആ മനസ്സിനെ ഇളക്കില്ല. വളരെ വൃത്തിഹീനമായ ചുവരിലും സൂര്യരശ്മികള്‍ പ്രതിഫലി ക്കുന്നതായേ അത് കാണൂ. അവിടെ സമഭാവനയോടെ തെളിയുന്ന ഈശ്വരന്റെ മഹത്ത്വമേ ആ കണ്ണുകളില്‍ എത്തൂ. ചുമരിലെ കുഴപ്പങ്ങളൊന്നും വരികയേയില്ല. അപ്പോള്‍ ആരെ… അല്ലെങ്കില്‍ എന്തിനെ അത് നിന്ദിക്കും. ഇല്ല… എല്ലാത്തിനും ഒരു സാക്ഷി മാത്രമായ ആ മനസ്സില്‍, സര്വഭൂതദയയുടേയും, സ്നേഹത്തിന്റെയും അലകളേ ഉണ്ടാകൂ.
(അഗ്നിയില്‍ ആമഗ്നമായി കിടക്കുന്ന കരിക്കട്ട കനലായി മാറുന്നതുപോല ഈശ്വരനില്‍ ലയിക്കുന്ന ഒരാളും, പിന്നെ മനുഷ്യനല്ല. ഈശ്വരീയമായ സമഭാവന നിറഞ്ഞ ആ ഹൃദയങ്ങളിലെ, ദയയും സാന്ത്വനവും, സര്‍വോപരി കാരുണ്യം വഴിയുന്ന അനുഗ്രഹവും അനുഭവിക്കുന്നത് കൊണ്ടാണ് ഇന്നും ഭാരത ജനത ഈശ്വര പുരുഷര്‍ക്ക് മുമ്പില്‍ സാഷ്ടാംഗം നമസ്കരിക്കുന്നത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: