Categories: Kerala

പി. രവി അച്ചന്‍ അന്തരിച്ചു

Published by

തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ മുന്‍ സംഘചാലകുമായ തൃപ്പൂണിത്തുറ കോട്ടയ്‌ക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്മെന്റില്‍ പി. രവി അച്ചന്‍ (96) അന്തരിച്ചു.

ഏറ്റവും ദീര്‍ഘകാലം കേരള ക്രിക്കറ്റ് ടീമിനുവേണ്ടി ജേഴ്സി അണിഞ്ഞവരില്‍ പ്രമുഖനാണ് രവി അച്ചന്‍. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍, കുരുക്ഷേത്ര പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേന്ദമംഗലം പാലിയം തറവാട്ടില്‍.

കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാന്‍ അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് തറവാട്ടില്‍ 1928ലാണ് ജനനം. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റിന്റെ പ്രധാന സംഘാടകനും കളിക്കാരനുമായിരുന്നു.

ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യവും അറിഞ്ഞ വായനാ വിശാലതയുള്ള രവി അച്ചന്‍ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. 1951 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച പ്രതിഭ. 1107 റണ്‍സും 125 വിക്കറ്റും നേടി മലയാളി താരങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. 41 വയസുവരെ ദേശീയ മല്‍സരങ്ങള്‍ കളിച്ചുവെന്ന പ്രത്യേകതയുണ്ട്. 60 വയസു വരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിനുവേണ്ടി ജേഴ്സിയണിഞ്ഞു. ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായികയിനങ്ങളിലും നേട്ടം കൈവരിച്ച രവി അച്ചന്‍ തൃപ്പൂണിത്തുറയുടെ ഹൃദയമറിഞ്ഞ സാംസ്‌കാരിക നായകനായിരുന്നു. 2021ല്‍ പാലിയത്ത് രാമന്‍ കോമി എന്ന സ്ഥാനപ്പേരുള്ള രാമന്‍ വലിയച്ചനായി സ്ഥാനമേറ്റു. മകന്‍: രാംമോഹന്‍. മരുമകള്‍: ഷൈലജ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by