Categories: India

കേന്ദ്ര നിലപാടിന് സുപ്രീം കോടതിയുടെ അംഗീകാരം: കൂടുതല്‍ കടമെടുത്താല്‍ അടുത്ത വര്‍ഷം കുറയ്‌ക്കാം

Published by

ന്യൂദല്‍ഹി: കൂടുതല്‍ കടമെടുപ്പ് തടഞ്ഞ കേന്ദ്ര നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര നിലപാടിന് സുപ്രീം കോടതിയുടെ അംഗീകാരം. ഓരോ വര്‍ഷവും കൂടുതല്‍ കടം എടുത്താല്‍ അടുത്ത വര്‍ഷം എടുക്കാന്‍ പറ്റുന്ന കടത്തിന്റെ പരിധി കുറയ്‌ക്കാമെന്ന കേന്ദ്ര നിലപാട് തങ്ങള്‍ അംഗീകരിക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കൂടുതല്‍ കടമെടുക്കാന്‍ അനുമതി നല്‍കി ഇടക്കാല ആശ്വാസം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനൊപ്പമാണ് തങ്ങള്‍. കൂടുതല്‍ കടമെടുത്താല്‍ അടുത്ത വര്‍ഷം തുക കുറയ്‌ക്കാം. 13,000 കോടിയിലേറെ രൂപ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

2016 മുതല്‍ 2020 വരെ കേരളം വളരെക്കൂടുതല്‍ കടം എടുത്തിട്ടുണ്ടെന്ന കേന്ദ്ര കണക്ക് കോടതി അംഗീകരിച്ചു. തുടര്‍ന്ന് കേന്ദ്രം 2021 മുതല്‍ ഇങ്ങനെ എടുത്ത അധിക കടം പിടിച്ചു തുടങ്ങി. 26,619 കോടിയാണ് ഇതേ രീതിയില്‍ കുറച്ചത്. ഇതിന് കേന്ദ്രത്തിന് അധികാരവുമുണ്ട്. ധനവിനിയോഗത്തില്‍ കേരളം വരുത്തിയ വീഴ്ചയും കെടുകാര്യസ്ഥതയും മൂലമുണ്ടായ പ്രശ്‌നമാണിത്. ഇത് പരിഹരിക്കാന്‍ വേണ്ടി ഒരു ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിക്കാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി.

കിഫ്ബി വഴി 2016 മുതല്‍ 2020വരെയായി കേരളം 14,479 കോടി കടം എടുത്തു.ഇതകനു പുറമേ ഇതര വഴികളിലും കേരളം കടം എടുത്തു. പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്താണ് ഈ കടമെടുപ്പുകള്‍ നടന്നത്.

പതിനഞ്ചാം കമ്മിഷന്റെ കാലത്ത്, 2021 മുതല്‍ ഈ അധിക തുക കുറച്ചു തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. നാലു തവണയായി 26,619 കോടിയാണ് വെട്ടിക്കുറച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക