അമ്പലപ്പുഴ: കടലേറ്റത്തിന് ശമനമില്ല, തീരം ദുരിതത്തില്‍. തീരദേശവാസികള്‍ ആശങ്കയില്‍. ഞായറാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച രൂക്ഷമായ കടലാക്രമണത്തിന് ശമനമായില്ല. തോട്ടപ്പള്ളി മുതല്‍ വടക്കോട്ട് വളഞ്ഞ വഴി വരെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. തോട്ടപ്പള്ളി, ആനന്ദേശ്വരം, ഒറ്റപ്പന പ്രദേശങ്ങളില്‍ തീരത്തോടു ചേര്‍ന്നുള്ള വീടുകളുടെ ഉള്ളിലും വെള്ളം കയറി ജന ജീവിതം ദുസ്സഹമായി. കടലാക്രമണത്തില്‍ നിരവധി വൃക്ഷങ്ങളും കടപുഴകി വീണു.
കടല്‍ ക്ഷോഭം രൂക്ഷമായി ജന ജീവിതം ദുരിതത്തിലായിട്ടും തീര സംരക്ഷണത്തിന് പരിഹാരമായിട്ടില്ല. ഇതിന് പരിഹാരം കാണേണ്ട എംപി, എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും എത്തിയില്ലെന്നാണ് കടല്‍ക്ഷോഭം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന വളഞ്ഞ വഴിയിലെ തീരവാസികള്‍ പറയുന്നത്. ഇവിടെ പത്തോളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. വീടിന്റെ ഭിത്തികളിലാണ് തിരമാല ആഞ്ഞടിക്കുന്നത്.ഇവിടെ നിരവധി വീടുകളിലും വെള്ളം കയറി. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനാരും തയ്യാറായിട്ടില്ല.
തീര സംരക്ഷണത്തിനായി അടുക്കി വെച്ചിരിക്കുന്ന ടെട്രാപോഡുകള്‍ക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.കടല്‍ ശക്തമായതിനാല്‍ വള്ളങ്ങള്‍ കടലിലിറക്കാനും കഴിയാത്ത സ്ഥിതിയായി.
തുറവൂര്‍: അപ്രതീക്ഷിത കടലാക്രമണം പള്ളിത്തോട്ടില്‍ വന്‍ നാശ നഷ്ടം. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കടലാക്രമണം രൂക്ഷമായത്. മുപ്പതോളം വീടുകളില്‍ വെള്ളം കയറി. പാത്രങ്ങള്‍ ഒലിച്ചു പോയി. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ സംഭവിച്ചു.ഞായറാഴ്ച മൂന്നു മണിയോടെയാണ് കടല്‍ തിരമാലകള്‍ കടല്‍ ഭിത്തിയും കടന്ന് വീടുകളിലേയ്‌ക്ക് എത്തിയത്.ഈ പ്രദേശങ്ങളില്‍ കടല്‍ ഭിത്തി വര്‍ഷങ്ങളായി ഭൂമിയിലേയ്‌ക്ക് താഴ്ന്നു പോയ അവസ്ഥയിലാണ്. കടല്‍ ഭിത്തിക്ക് ഉയരം കൂട്ടണമെന്ന് എല്ലാ വര്‍ഷവും മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും നടപടിയില്ല. കടലാക്രമണം രൂക്ഷമാകുമ്പോള്‍ സ്വയം ഒഴിയാന്‍ തയ്യാറാകും എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇക്കാരണത്താലാണ് കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. ഇനിയും കടലാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: