ന്യൂദല്‍ഹി: ജ്ഞാന്‍വാപി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് സുപ്രീംകോടതി. നിലവറയില്‍ നടത്തി വരുന്ന പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് കോടതിയുടെ പ്രതികരണം.
ജ്ഞാന്‍വാപി സമുച്ചയത്തിനുള്ളിലെ തെക്കേ നിലവറയിലാണ് ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവതകളുടെ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുള്ളത്. ഇവിടെ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.
നമസ്കരിക്കാനും പ്രാര്‍ത്ഥിക്കാനുമായി ജ്ഞാന്‍വാപിയുടെ വടക്കുവശത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് പ്രവേശിക്കാമെന്നും നിലവറയില്‍ പൂജ നടത്താന്‍ തെക്കുവശം വഴി കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ പുരോഹിതര്‍ക്ക് പ്രവേശിക്കാമെന്നും കോടതി അറിയിച്ചു. പൂജാവിധികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രധാന ആവശ്യം.
എന്നാല്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ തയ്യാറാകാതിരുന്ന സുപ്രീംകോടതി തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ അന്തിമ വാദം ജൂലൈയില്‍ കേള്‍ക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: