ന്യൂദൽഹി: മദ്യനയ അഴിമതി കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദൽഹി റൗസ് അവന്യു കോടതിയാണ് ഈ മാസം 15 വരെ അരവിന്ദ് കെജ്‌രിവാളിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അരവിന്ദ് കേജ്‌രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിൽ പറഞ്ഞു. പാസ്‌വേർഡ് നൽകാൻ ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറായില്ലെന്നും ചോദ്യങ്ങൾക്ക് പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു.
എഎപി മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ആയ വിജയ് നായർ തന്റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത് എന്ന് കേജ്‍രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു. 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലാണ് അരവിന്ദ് കേജ്‌രിവാളിനെ വിട്ടിരിക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർത്ഥനകൾ മുന്നോട്ടുവെച്ചു.
മഹാഭാരതവും രാമയണവും ഉൾപ്പെടെയുള്ള പുസ്തകങ്ങളും ജപമാലയും മരുന്നുകളും എത്തിക്കാൻ അനുവാദം നൽകണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാൻ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കേജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകി.
മാർച്ച് 21ന് രാത്രിയാണ് ഇ ഡി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിൽനിന്നു കേജ്‍രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്ന് ദൽഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ദൽഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: