അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ 35 വര്‍ഷം മുമ്പ് നടക്കുമായിരുന്നോ? പ്രധാനമന്ത്രി വി.പി. സിങ് കര്‍സേവ ചെയ്യുമായിരുന്നോ? സോമനാഥ ക്ഷേത്രത്തിനിന്ന് രഥയാത്ര നടത്തിയ ബിജെപി അധ്യക്ഷന്‍ എല്‍.കെ. അദ്വാനിയോട് വി.പി. സിങ് ഒരു ഘട്ടത്തില്‍ പറഞ്ഞു: ‘…നമുക്കൊരുമിച്ച് അയോദ്ധ്യയില്‍ പോയി കര്‍സേവ നടത്താം,’ എന്ന്. ‘ഞാനും അദ്വാനിയും കൂടി അയോദ്ധ്യയില്‍ പോയി കര്‍സേവ നടത്തും’ എന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകനും നിയമജ്ഞനുമായ എസ്. ഗുരുമൂര്ത്തിയോടും വി.പി. സിങ് പറഞ്ഞു. പക്ഷേ ഇതിനായി നടത്തിയ നീക്കങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ‘സഡന്‍ ബ്രേക്കി’ട്ട്, സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിക്കൊണ്ട് അയോദ്ധ്യാവിഷയത്തില്‍ കടകവിരുദ്ധമായ നിലപാടും നടപടിയും വി.പി.സിങ് എടുത്തത് എന്തുകൊണ്ടായിരിക്കും? ആരായിരുന്നിരിക്കാം പ്രേരണ?
യുപി മുഖ്യമന്ത്രി മുലായം സിങ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് എന്നിവരും വി.പി. സിങ്ങിനെപ്പോലെ അധികാരക്കൊതിയും അവസരം പോകുമെന്ന ഭയവും ഉള്ളവരായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. അവര്‍ക്കു പുറമേ ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍, ഇടതുപക്ഷ ചരിത്രകാരന്മാരെന്ന പേരില്‍ (ഇപ്പോള്‍ ‘അര്‍ബന്‍ നക്സല്‍സ്’ എന്നാണ് വിളിപ്പേര്) ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
വി.പി. സിങ്ങിന്റെ ഭരണപാടവമൊന്നുമായിരുന്നില്ല പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രകടമായത്. മറിച്ച്, അവസരങ്ങള്‍ക്കനുസരിച്ച് ചുവടുമാറ്റിയും നിലപാടുമാറ്റിയും സ്ഥാനവും പദവിയും നേടിയ സിങ്ങിന്റെ രീതിയും സ്വഭാവവും അനാവരണം ചെയ്യപ്പെടുകയായിരുന്നു അതിലൂടെ. രാജകുടുംബത്തില്‍ ജനനം, മാണ്ഡയിലെ 41-ാമത്തെ ‘രാജാബഹാദൂര്.’ 1969 ല്‍ യുപിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാംഗം. 1971 ല്‍ ലോക്സഭാംഗം. 1980ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിച്ച സഞ്ജയ് ഗാന്ധി തന്റെയൊപ്പം നില്‍ക്കുന്നയാളെന്ന നിലയില്‍ വി.പി. സിങ്ങിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കി. യുപി ഭരണത്തിലെ നേട്ടമായി പറയാന്‍ സിങ്ങിനുണ്ടായിരുന്നത് ചമ്പല്‍ക്കൊള്ളക്കാരി ഫൂലന് ദേവിയുടെ സംഘവുമായുള്ള ഏറ്റുമുട്ടലാണ്. അതിന് അവസരമൊരുങ്ങിയത് ചമ്പല്ക്കൊള്ളക്കാര്ക്കിടയിലെ ‘ആഭ്യന്തര’പ്രശ്നങ്ങള്‍ ആയിരുന്നു താനും.
പിന്നീട് രാജീവ് മന്ത്രിസഭയില്‍ ധനം, പ്രതിരോധം വകുപ്പുകള്‍ ഭരിച്ചു. ബോഫോഴ്സ് കുംഭകോണം വന്നപ്പോള്‍ അവസരത്തിനൊത്ത് കളിച്ച്, രാജീവിന് ചിലര്‍ അണിയിച്ചിരുന്ന ‘മിസ്റ്റര്‍ ക്ലീന്‍’ കുപ്പായത്തില്‍ ചെളി തെറിപ്പിക്കാന്‍ കൂട്ടുനിന്നു. സ്വയം ‘മിസ്റ്റര്‍ ക്ലീനാ’യി അവരോധിതനായി. ഇതാണ് വി.പി. സിങ്ങിന്റെ രാഷ്ട്രീയ ചരിത്രം. പിടിപ്പുകേടായിരുന്നു ഭരണത്തിന്റെ വിശേഷം. ദുര്‍ബലമായ ഒരു സര്‍ക്കാരിന്റെ തലപ്പത്തിരുന്ന് പാ
കിസ്ഥാനുമായി യുദ്ധത്തിന് ഒരുങ്ങാന്‍ നടത്തിയ ആഹ്വാനം മതി അതിന് തെളിവ്. ശ്രീരാമക്ഷേത്ര നിര്‍മാണക്കാര്യത്തില്‍ പ്രശ്നപരിഹാരത്തിനടുത്തെത്തിയ അവസരം പാഴാക്കിയതാണ് പിടിപ്പുകേടിന്റെ പരമാവധി. അതിന് അയോദ്ധ്യ വിഷയത്തില്‍ സിങ്ങിന്റെ കാലത്തെ ചില നടപടികള്‍ അറിയണം.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇല്ലാതെ മതനേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് അയോദ്ധ്യാ പ്രശ്നപരിഹാരമെന്ന നിര്‍ദേശം വന്നു. ബിജെപി തയാറായി. ഒരു പുതിയ ‘ഹിന്ദു ട്രസ്റ്റിന്’ തര്‍ക്കപ്രദേശം കൈമാറുക, നിലവിലുള്ള കെട്ടിടത്തിന് മാറ്റം വരുത്താതെ നിര്‍ത്തുക, അവയ്ക്കിടയില്‍ കൂറ്റന്‍ മതില് നിര്‍മ്മിക്കുക എന്നിങ്ങനെയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് പില്ക്കാലത്ത് ഉപരാഷ്ട്രപതിയായ കൃഷ്ണ കാന്തിനെ ചുമതലപ്പെടുത്തി. ക്വിറ്റിന്ത്യാ സമരത്തില്‍ 16-ാം വയസ്സില്‍ പങ്കാളിയായ, കോണ്‍ഗ്രസുകാരനായി, പില്ക്കാലത്ത് ജനതാ പാര്‍ട്ടിയിലും ജനതാദളിലുമെത്തിയ, കെമിക്കല്‍ എഞ്ചിനീയറായ കൃഷ്ണകാന്ത് ശ്രമങ്ങള്‍ തുടങ്ങി. ഒക്ടോബര്‍ 30ന് അയോദ്ധ്യയില്‍ കര്സേവയാരംഭിക്കാന് ജനപിന്തുണ തേടി എല്‍.കെ. അദ്വാനി സോമനാഥത്തില്‍നിന്ന് രാമക്ഷേത്ര സന്ദേശ യാത്ര നടത്തുമ്പോഴായിരുന്നു ധൃതിപിടിച്ച് ഈ സര്‍ക്കാര്‍ നടപടികള്‍.
കാഞ്ചികാമകോടി മഠാധിപതി സ്വാമി ജയന്ദ്ര സരസ്വതിയെ പുതിയ ട്രസ്റ്റിന്റെ അദ്ധ്യക്ഷനാക്കി. ഉത്തര്‍പ്രദേശിലെ നഭ്വയില്നിന്നുള്ള മുസ്ലിം മത-ചരിത്ര പണ്ഡിതന് അലി മിയാന്‍ പ്രശ്നപരിഹാര തല്പരനായ പ്രമുഖനായിരുന്നു. അദ്ദേഹവും കാഞ്ചി ആചാര്യനും തമ്മില്‍ തമിഴ്നാട്ടില്‍ കൂടിക്കാഴ്ചയ്ക്ക് കൃഷ്ണകാന്ത് സംവിധാനമൊരുക്കി. കൃഷ്ണകാന്ത് ഉഡുപ്പിയിലെത്തി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്ത്ഥയുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞതനുസരിച്ച് ഏതാനും നാളിനുശേഷം പേജാവര്‍ സ്വാമിയും പ്രധാനമന്ത്രിയും തമ്മില്‍ ദല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നു. പക്ഷേ, ഒക്കെ പിഴച്ച ചുവടുകളാക്കിമാറ്റി വി.പി. സിങ്. സ്വന്തം സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് 48 മണിക്കൂറിനുള്ളില്‍ സ്വയം റദ്ദാക്കി!
എസ്.ഗുരുമൂര്‍ത്തി ഈ വിഷയത്തില്‍ ഇടനിലക്കാരനായിരുന്നു. 1990 ഒക്ടോബര്‍ 15ന് പ്രധാനമന്ത്രി വി.പി. സിങ്, ഗുരുമൂര്‍ത്തിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ചകള്‍ നടത്തി. രഥയാത്ര, യുപി മുഖ്യമന്ത്രി മുലായം സിങ്ങിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ ഒക്കെ ചേര്‍ന്ന് കലുഷിതമായിരുന്നു രംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: