സംസ്ഥാനത്തെ 39 ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ (ടിഎച്ച്എസ്) 2024-25 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പരിശീലനം നല്കി അഭിരുചിക്കിണങ്ങിയ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നു. 8, 9, 10 ക്ലാസുകള്‍ പാസാകുന്നവര്‍ക്ക് ടെക്നിക്കല്‍ ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് (ടിഎച്ച്എസ്എല്‍സി) ലഭിക്കും. എസ്എസ്എല്‍സിക്ക് തുല്യമാണിത്. ടെക്നിക്കല്‍ ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ കോഴ്സില്‍ 10% സീറ്റ് പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്.
ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, ഐടി വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നല്‍കും. 9, 10 ക്ലാസുകളിലും ഇതേ വിഷയങ്ങള്‍ക്കൊപ്പം എന്‍ജിനീയറിങ് വിഷയങ്ങളും പഠിപ്പിക്കും. കൂടാതെ തെരഞ്ഞെടുത്ത മേഖലയില്‍/ട്രേഡില്‍ തൊഴില്‍ പരിശീലനവും ലഭിക്കും. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും.
പ്രവേശന യോഗ്യത: അപേക്ഷകര്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. 2024 ജൂണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയാകാത്തവരാകണം. ശാരീരികക്ഷമതയും സാങ്കേതിക അഭിരുചിയും ഉണ്ടാകണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും ww.polyadmission.org/ths ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഏപ്രില്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഏപ്രില്‍ 5 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11.30 മണിവരെ അതത് ടെക്നിക്കല്‍ ഹൈസ്കൂളില്‍വച്ച് അഭിരുചി പരീക്ഷ നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി ഏപ്രില്‍ 9 ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധപ്പെടുത്തും. നിശ്ചയിച്ച ദിവസം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരായി പ്രവേശനം നേടാവുന്നതാണ്. വിവിധ ഇനങ്ങളിലായി 235 രൂപ ഫീസ് അടയ്ക്കണം. പ്രവേശന നടപടികളും ജില്ലാടിസ്ഥാനത്തിലുള്ള ടെക്നിക്കല്‍ സ്കൂളുകളുടെ പട്ടികയും വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: