ന്യൂദല്‍ഹി: നാളെ പുതിയ സാമ്പത്തിക വര്‍ഷം (FY 2024-25) ആരംഭിക്കുന്നതോടെ, ഇന്ത്യയുടെ ആദായനികുതി ചട്ടങ്ങളില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങളാണ് ഉണ്ടാകുക. 2024 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുന്ന ഈ മാറ്റങ്ങള്‍, നികുതി ആസൂത്രണം ലളിതമാക്കാനും നികുതിദായകര്‍ക്ക് ആശ്വാസം നല്‍കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ നികുതി വ്യവസ്ഥ 2024 ഏപ്രില്‍ 1 മുതലാണ് പ്രബല്യത്തില്‍ വരുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റ് (2022-23) പ്രസംഗത്തിലാണ് പുതിയ നികുതി വ്യവസ്ഥയെ കുറിച്ചത് വ്യക്തമാക്കിയത്. പുതിയ നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ഈ പരിധി അഞ്ചു ലക്ഷമായിരുന്നു. ഇതിനോടൊപ്പം തന്നെ നികുതി സ്ലാബ് പുതുക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ ആദായനികുതി നിരക്കുകള്‍ ഇതാ:
ആകെ വരുമാനം:
3,00,000 രൂപ വരെ: 0%
3,00,001 രൂപ മുതല്‍ 6,00,000 രൂപ വരെ: 5%
6,00,001 രൂപ മുതല്‍ 9,00,000 രൂപ വരെ: 10%
9,00,001 രൂപ മുതല്‍ 12,00,000 രൂപ വരെ: 15%
12,00,001 രൂപ മുതല്‍ 15,00,000 രൂപ വരെ: 20%
15,00,000ന് രൂപയ്‌ക്ക് മുകളില്‍: 30%
പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നതിലൂടെ നികുതിദായകര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ലളിതമാക്കിയ നികുതി ആസൂത്രണം, വര്‍ദ്ധിപ്പിച്ച അടിസ്ഥാന ഇളവ് പരിധി, സര്‍ചാര്‍ജ് നിരക്ക് കുറയ്‌ക്കല്‍, റിബേറ്റ് പരിധി മെച്ചപ്പെടുത്തല്‍ എന്നിവ ലഭിക്കും.
ഇതിനര്‍ത്ഥം നികുതിദായകര്‍ ഇനി യാത്രാ ടിക്കറ്റുകളുടെയും വാടക രസീതുകളുടെയും ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതില്ല. നികുതി ആസൂത്രണം ലളിതമാക്കുകയാണ് ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായി ഉയര്‍ത്തി. ഇത് പുതിയ നികുതി വ്യവസ്ഥയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
5 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികളുടെ സര്‍ചാര്‍ജ് നിരക്ക് 37% ല്‍ നിന്ന് 25% ആയി കുറയും. ഈ കുറച്ച സര്‍ചാര്‍ജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ. ഇതിനു പുറമെയാണ് നികുതിദായകരുടെ വാര്‍ഷിക വരുമാന പരിധി ഏഴു ലക്ഷമായി ഉയര്‍ത്തിയത്. 7 ലക്ഷം രൂപവരെയുള്ള വരുമാനത്തിന്, ബാധകമായ റിബേറ്റ് പരിധി ഇപ്പോള്‍ 25,000 രൂപയാണ്.
അതേസമയം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024 ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍, നികുതിയില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകള്‍ അതേപടി നിലനിര്‍ത്താനും നിര്‍ദ്ദേശിച്ചിരുന്നു. 2013-2014 ലെ റീഫണ്ടുകളുടെ ശരാശരി സമയം 93 ദിവസങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വെറും 10 ദിവസമായി കുറച്ചതായി കേന്ദ്ര ധനമന്ത്രി പറഞ്ഞു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: