വില്ലുപുരം: തമിഴ്നാട്ടിൽ മുരുകന്റെ വേലിൽ തറച്ച ഒമ്പത് ചെറു നാരങ്ങകൾ വിറ്റുപോയത് 2.36 ലക്ഷം രൂപയ്‌ക്ക്. ചെറുനാരങ്ങ സ്വന്തമാക്കുന്ന കച്ചവടക്കാർക്ക് അഭിവൃദ്ധിയുണ്ടാകുമെന്നും നാരങ്ങയിൽ നിന്നുള്ള നീര് കുടിച്ചാൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട്.
തമിഴ്നാട്ടിലെ വില്ലുപുരം മുരുക ക്ഷേത്രത്തിലാണ് മുരുകന് നേദിച്ച 9 ചെറുനാരങ്ങകൾ വിറ്റഴിച്ചത്. പൈങ്കുനി ഉത്സവത്തിന്റെ ഒമ്പതാം ദിനത്തിലാണ് മുരുകന്റെ വേലിൽ തറച്ച ചെറു നാരങ്ങകൾ ലേലത്തിന് വച്ചത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുരുകന്റെ വേലിൽ തുളച്ചിറക്കുന്ന ചെറുനാരങ്ങൾക്ക് അത്ഭുത സിദ്ധിയുണ്ടെന്നാണ് വിശ്വാസം. അതു കൊണ്ട് നിരവധി ഭക്തരാണ് ഉത്സവ സമയത്ത് ക്ഷേത്രത്തിലെത്താറുള്ളത്.
തിരുവെണ്ണൈനല്ലൂർ ഗ്രാമത്തിലാണ് ക്ഷേത്രം. പൈങ്കുനി ഉത്സവത്തിന് മുരുകന്റെ വേലിൽ ഓരോ ദിവസവും ഓരോ ചെറുനാരങ്ങകളാണ് തറയ്‌ക്കാറുള്ളത്. ആദ്യദിനത്തിൽ തറയ്‌ക്കുന്ന ചെറുനാരങ്ങയാണ് വിശിഷ്ടമെന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ ലേലത്തിൽ ആദ്യദിനത്തിൽ അർപ്പിച്ച ചെറുനാരങ്ങയ്‌ക്ക് 50,500 രൂപയാണ് ലഭിച്ചത്. കുളത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദമ്പതികളാണ് വിശിഷ്ടമായ ചെറുനാരങ്ങ സ്വന്തമാക്കിയത്.
ലേലം നേടിയതിനു ശേഷം ദമ്പതികൾ ജലാശയത്തിൽ മുങ്ങി ശുദ്ധരായി തിരിച്ചെത്തുമ്പോൾ ക്ഷേത്ര പൂജാരിയാണ് നാരങ്ങ കൈമാറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: