ആടുജീവിതം വെറുമൊരു സിനിമയല്ല. വെറുമൊരു നോവലുമല്ല. നജീബ് എന്ന ഒരു പച്ചമനുഷ്യന്റെ നീണ്ട ‘രണ്ടര’ വര്‍ഷത്തെ മരുഭൂമിയിലെ യാതനകളുടെ നേര്‍സാക്ഷ്യം ആണ്. അറിഞ്ഞുകൊണ്ടല്ലാതെ സൗദികളുടെ ക്രൂരതകള്‍ക്ക് തലവച്ചുപോയ ദൗര്‍ഭാഗ്യത്തിന്റെ ബാക്കിപത്രമാണ്. അടിമയോടുള്ള ഉടമയുടെ മൃഗീയതയാണ്. അതുകൊണ്ടുതന്നെ ഇത് ഒരു സര്‍വൈവല്‍ ത്രില്ലറാണ്.
നോവല്‍ വായിച്ചവര്‍ക്കും ആ ജീവിതം ഒരു ഷോക്ക് ആയിരിക്കും. എനിക്കുറപ്പാണ്, വായിച്ച പലരുടെയും ഉറക്കം ഈ നോവല്‍ കെടുത്തിയിരിക്കും. ആ സാധുവിന്റെ നരകജീവിതത്തിനൊപ്പം ഇങ്ങ് നാട്ടില്‍ കാത്തിരുന്ന് കരയുന്ന ഒരു ഭാര്യയും നമ്മളെ വേദനിപ്പിക്കും.
സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ വെറുമൊരു സിനിമയല്ല. വെറുമൊരു ചരിത്രരേഖയും അല്ല. വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപ്ലവകാരിയായ പച്ചമനുഷ്യന്റെ നീണ്ട 28 വര്‍ഷത്തെ ജയില്‍ വാസത്തിന്റെ കഥയാണ്. കഷ്ടപ്പാടില്‍ ജനിച്ച്, പ്ലേഗ് ബാധിച്ച് മരിച്ച അച്ഛനെ മറ്റ് ശവങ്ങള്‍ക്കൊപ്പം കൂട്ടിയിട്ട് കത്തിക്കുന്നത് കാണേണ്ടിവന്ന മൂന്ന് മക്കള്‍ സ്വാതന്ത്ര്യത്തിനായി ദാഹിച്ചതിന്റെ കഥയാണ്. സഹോദരനൊപ്പം കാലാപാനി എന്ന ക്രൂരമായ ജയിലില്‍ അടയ്‌ക്കപ്പെടേണ്ടി വന്ന, മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ നില്‍ക്കുന്നതിന്റെ ദൗര്‍ഭാഗ്യങ്ങള്‍ മനപ്പൂര്‍വ്വം ഏറ്റുവാങ്ങിയ വിപ്ലവകാരികളില്‍ വിപ്ലവകാരിയുടെ ചരിത്രമാണ്.
വിനായക സവര്‍ക്കറുടെയും ജ്യേഷ്ഠന്റെയും ഭാര്യമാര്‍ നാട്ടില്‍ നരകിച്ച് ജീവിച്ചതിന്റെ ബാക്കിപത്രമാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും ജീവന്‍ പിടിച്ചുനിര്‍ത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ആണ്.
ഒടുവില്‍ ഗാന്ധിവധത്തേത്തുടര്‍ന്ന് ബോംബെയില്‍ അരങ്ങേറിയ ചിത്പാവന്‍ ബ്രാഹ്മണ വംശഹത്യയില്‍ അനുജനെ പച്ചയ്‌ക്ക് തീകൊളുത്തിയത് കേള്‍ക്കേണ്ടി വന്ന ഒരു സഹോദരന്റെ ഹൃദയമാണ്.
പക്ഷേ എന്തുകൊണ്ടോ, നമ്മള്‍ മലയാളികളെ ഈ ഒരു മനുഷ്യന്റെ ജയില്‍ വാസമോ അതില്‍തന്നെ 13 വര്‍ഷത്തെ കാലാപാനി ജയിലിലെ ക്രൂരപീഡനങ്ങളോ വേദനിപ്പിക്കുന്നില്ല. സവര്‍ക്കറുടെ കുടുംബം നേരിട്ട ദുരന്തങ്ങള്‍ കരളലിയിപ്പിക്കുന്നില്ല.
സ്വാതന്ത്ര്യസമരസേനാനിയായി കൊണ്ടാടുന്ന ഒരു രാഷ്‌ട്രീയനേതാവിനും സാവര്‍ക്കറെപ്പോലെ, ഏകാന്തതടവിന് അപകടകാരികളായ കൊള്ളക്കാരെയും തീവ്രവാദികളെയും മാത്രം കൊണ്ടുപോയിരുന്ന ആന്‍ഡമാന്‍ ജയിലിലേക്ക് എന്തുകൊണ്ട് പോകേണ്ടിവന്നില്ല എന്ന ചോദ്യവും നമ്മളാരും ഉയര്‍ത്തുന്നില്ല.
പലരും ജയിലില്‍ കിടന്നപ്പോള്‍ എഴുതിയിട്ടുള്ള ക്ലമന്‍സി പെറ്റീഷന്‍ സവര്‍ക്കറും എഴുതിയതിന്റെ പേരിലാണോ ഈ വെറുപ്പ്? അതോ സവര്‍ക്കറിന്റെ ക്ലമന്‍സി പെറ്റീഷനിലെ വാലഡിക്ഷന്‍സിന്റെ പേരിലോ? അല്ല. അങ്ങനെങ്കില്‍ അതേ വാലഡിക്ഷനോ സല്യൂട്ടേഷനോ കത്തുകളില്‍ ഉപയോഗിച്ചിരുന്ന ഗാന്ധിജിയെയും, നാഭാ ജയിലില്‍ നിന്ന് മോത്തിലാല്‍ നെഹ്രുവിനാല്‍ മാപ്പപേക്ഷിക്കപ്പെട്ട് മോചിതനായ നെഹ്രുവിനെയും ഇവര്‍ ഷൂനക്കികളായി കണ്ട് വെറുക്കേണ്ടതല്ലേ? സവര്‍ക്കര്‍ ആണെങ്കില്‍ ഈ ക്ലമന്‍സി പെറ്റീഷന്‍ എഴുതിയിട്ടും നെഹ്രുവിനെപ്പോലെയൊന്നും ജയില്‍ മോചിതനായതുമില്ല.
ഇനി രാജ്യത്തെ ഒറ്റുകൊടുത്ത് കമ്യൂണിസ്റ്റുകാരെപ്പോലെ ജീവിച്ച് ദേശാഭിമാനിയും ടെലിഗ്രാഫും ഓഫീസുകളുമൊക്കെ നേടിയെടുത്തിട്ടാണോ സവര്‍ക്കറെ നമ്മളില്‍ പലരും വെറുക്കുന്നത്? ഒരിക്കലുമല്ല. കാരണം സവര്‍ക്കര്‍ ഒരിക്കലും കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ രാജ്യത്തെ ഒറ്റുകൊടുത്തിട്ടില്ല. റഷ്യയോടോ ചൈനയോടോ വിധേയത്വം കാണിച്ചിട്ടില്ല. ഒരു രാഷ്‌ട്രീയതടവുകാരന്റെ അവകാശമായ നിയമപ്രകാരമുള്ള ജീവിതച്ചെലവ് വാങ്ങിയിരുന്നു, അതും നാട്ടില്‍വന്ന് വീട്ടുതടങ്കലില്‍ ആയപ്പോള്‍.
ബ്രിട്ടീഷുകാരുടെ കാശ് വാങ്ങി പ്രസിദ്ധീകരണങ്ങള്‍ നടത്തി സ്വാതന്ത്ര്യസമരത്തെ ഒറ്റിയ കമ്യൂണിസ്റ്റുകാര്‍ നമുക്കിന്ന് ഹീറോകള്‍ ആണെന്നോര്‍ക്കണം.
പിന്നെ എന്താണ് സവര്‍ക്കര്‍ ചെയ്ത തെറ്റ്?
ജയില്‍കാലത്ത് നേരിട്ട മതപീഡനങ്ങളുടെ വെളിച്ചത്തില്‍ സാവര്‍ക്കര്‍ ഹിന്ദുത്വ എന്ന ആശയം പ്രചരിപ്പിച്ചതും, അതില്‍ ദേശസ്‌നേഹികളല്ലാത്തവര്‍ക്ക് സ്ഥാനമില്ലാത്തതും അങ്ങനെയുള്ളവര്‍ പില്‍ക്കാലത്ത് സാവര്‍ക്കര്‍ ഭയപ്പെട്ടപോലെ കലാപം നടത്തി പാക്കിസ്ഥാന്‍ വാങ്ങിച്ചതും. ഈ ചരിത്രം സത്യസന്ധമായി വരുംതലമുറ പഠിക്കുന്നതും ചിലരെ പേടിപ്പിക്കുന്നു.
സുഭാഷ് ചന്ദ്രബോസിനെ ടോജോയുടെ ചെരുപ്പുനക്കി എന്നു വിളിച്ച കമ്യൂണിസ്റ്റുകാരെ ഇസ്ലാമിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത് ബ്രിട്ടീഷുകാരുടെ ഷൂനക്കിയായി സവര്‍ക്കറെ ചാപ്പയടിച്ചു. ഇന്ത്യന്‍ അക്കാദമിക് രംഗത്തും മാദ്ധ്യമരംഗത്തും ഇടതുപക്ഷം ശക്തവും, സവര്‍ക്കറെ സ്‌നേഹിക്കുന്നവര്‍ ദുര്‍ബ്ബലരും അസംഘടിതരും ആയതിനാല്‍ അവര്‍ക്ക് ഈ പണി നിസ്സാരമായിരുന്നു. സവര്‍ക്കര്‍ മാപ്പെഴുതി ജയില്‍മോചിതനായെന്ന് രേഖകള്‍ സഹിതം തെളിയിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപവരെ സംഘികള്‍ നല്‍കുമെന്ന് ഓഫര്‍ ചെയ്തിട്ടുപോലും ഇതുവരെ ആരും രേഖകള്‍ നല്‍കാന്‍ മുന്നോട്ട് വന്നിട്ടില്ല. ഇന്ന് 27/03/2024 ആ വെല്ലുവിളിയുടെ ഒന്നാം വാര്‍ഷികം ആയിരുന്നു.
പക്ഷേ അവര്‍ കൂട്ടംകൂടി നുണ പറയും.. ഷൂനക്കി എന്നുവിളിക്കും…
ഇതിലൂടെ നിങ്ങള്‍ എന്താണ് നേടുന്നത്? മനുഷ്യപ്പറ്റ് എന്നൊരു സംഗതി നിങ്ങള്‍ക്ക് നജീബിനോട് തോന്നുന്നെങ്കില്‍ അതിലുമധികം ദുരന്തപൂര്‍ണ്ണമായ ജീവിതം നയിച്ച സവര്‍ക്കറോടും അത് തോന്നേണ്ടേ? അതോ ചിലരുടെ മതവെറുപ്പിന് ഇരയാകാനുള്ളതാണോ നിങ്ങളുടെ സ്വതന്ത്രചിന്തയും രാഷ്‌ട്രീയ നിലപാടുകളും മനുഷ്യത്വവുമൊക്കെ?
എന്തുകൊണ്ടാണ്, ആരെ ബോധിപ്പിക്കാനാണ് നിങ്ങളീ ഇരട്ടത്താപ്പ് പുലര്‍ത്തുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: