ഗുരുവായൂര്‍ നിന്നും തലശ്ശേരിയിലേക്ക് നിയോഗിക്കപ്പെട്ട ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ച ആറു വര്‍ഷക്കാലം ഹരിയേട്ടനുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാലും സംഘശിക്ഷാ വര്‍ഗ്ഗുകള്‍ അതിന് പറ്റിയ അവസരം ഒരുക്കി. അക്കാലംവരെ തമിഴ്നാടും കേരളവും ഒരുമിച്ചായിരുന്നു സംഘശിക്ഷ വര്‍ഗ്ഗുകള്‍. 1964 ല്‍ കേരളത്തിന് മാത്രമായി വര്‍ഗ്ഗ് നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ലഭിച്ചു. അങ്ങനെ കാലടിയിലെ ശ്രീരാമകൃഷ്ണാശ്രമം വക യുപി സ്കൂളില്‍ ശിബിരം നടത്താന്‍ സാധിച്ചു. ശിബിരത്തിന്റെ മൊത്തം നടത്തിപ്പ് ചുമതല ഹരിയേട്ടന് ആയിരുന്നു. ശാരീരിക കാര്യക്രമങ്ങള്‍ക്ക് സ്കൂളിന്റെ മൈതാനം കഷ്ടിച്ച് ഒപ്പിക്കാന്‍ കഴിഞ്ഞു. ആശ്രമത്തിലെ ഹൈസ്കൂള്‍ ശിബിരാവശ്യത്തിന് ലഭ്യമായില്ല. എന്നാല്‍ മരങ്ങള്‍ തണല്‍ വിരിച്ച ആശ്രമം വൈകീട്ടും രാത്രിയിലും പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞു.
1957 ല്‍ മദിരാശിയിലെ വിവേകാനന്ദ കോളേജില്‍ ആയിരുന്നു ശിബിരം. അക്കാലത്ത് അത് നാലു സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ളതായിരുന്നു. ശിബിരം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസുകാരുടെ വക കുത്തിത്തിരിപ്പുകള്‍ പ്രബലമായി. തലേക്കൊല്ലം എംസി മുത്തയ്യ ചെട്ടി കോളജില്‍ ആയിരുന്നു ശിബിരം. ശിബിരം നിരോധിക്കപ്പെടുമെന്നും അങ്ങനെ വന്നാല്‍ ഉടന്‍ പിരിഞ്ഞുപോകേണ്ടി വരുമെന്നും ആശങ്കയുണ്ടായി. പ്രാന്ത് കാര്യവാഹ് എ. ദക്ഷിണാമൂര്‍ത്തി എന്ന അണ്ണാജിയും മറ്റും കൂടിയാലോചിച്ച് അങ്ങനെ ഒരവസ്ഥയുണ്ടായാല്‍ കേരളത്തിലെ ഏതെങ്കിലും വിദ്യാലയത്തില്‍ 300 ല്‍പരം പേരുടെ ശിബിരം നടത്താന്‍ ശ്രമിക്കണമെന്ന് തീരുമാനിച്ചു. അതിന് ഹരിയേട്ടന് അടിയന്തരമായി കേരളത്തിലേക്ക് പോകണം എന്നായിരുന്നു നിര്‍ദ്ദേശം. ശ്രീ ഗുരുജിയുടെ ആതിഥേയനായിരുന്ന എതിരാജ് ജിയും അണ്ണാജിയും മറ്റുചില പ്രമുഖ വ്യക്തിത്വങ്ങളും മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന താര ചെറിയാനെ സന്ദര്‍ശിച്ചു. അവരുടെ ഭര്‍ത്താവ് ചെറിയാന് ഗുരുജിയോട് വലിയ ബഹുമാനമായിരുന്നു. ചെറിയാന് ആകട്ടെ കല്‍ക്കത്തയില്‍ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സുഹൃത്തും. ഗുരുജിയെ അദ്ദേഹം സ്വാമിജി എന്ന് വിളിച്ചു വന്നു. ഭാഗ്യവശാല്‍ ഈ സമ്പര്‍ക്കങ്ങള്‍ കൊണ്ട് നിരോധന ഭീതി ഒഴിവായി. ഹരിയേട്ടന് നിര്‍ദിഷ്ട രക്ഷാദൗത്യം ഏറ്റെടുക്കേണ്ടി വന്നില്ല.
പിന്നീട് അനവധി വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട്ട് കണ്ണകിയമ്മന്‍ സ്കൂളില്‍ സംഘശിക്ഷ വര്‍ഗ്ഗ് നടത്താന്‍ കരുണാകരന് ആഭ്യന്തരമന്ത്രിയായിരിക്കെ അനുമതി നിഷേധിക്കപ്പെട്ടു. ശിബിരത്തില്‍ പങ്കെടുക്കാനായി സ്വയംസേവകര്‍ എത്തിയതിനുശേഷം ആണ് നടപടി പ്രയോഗത്തില്‍ വന്നത്. പാലക്കാട് മൂത്താന്തറയിലും സമീപത്തുള്ള വീടുകളിലും ശിക്ഷാര്‍ത്ഥികള്‍ക്ക് താമസസൗകര്യങ്ങള്‍ ചെയ്യപ്പെട്ടു. അങ്ങനെ ആ ശിബിരവും സമംഗളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
തുടക്കത്തില്‍ പരാമര്‍ശിച്ച കാലടി സംഘശിക്ഷാവര്‍ഗ് അവിസ്മരണീയമായത് മറ്റുപല സംഗതികള്‍ കൊണ്ടായിരുന്നു. പില്ക്കാലത്ത് പ്രശസ്തവും പ്രഗല്ഭവവുമായ വിധത്തില്‍ സംഘപ്രവര്‍ത്തനങ്ങള്‍ നയിച്ച ഒട്ടേറെ പേര് അതില്‍ ശിക്ഷണം നേടി. പി.പി. മുകുന്ദന്, തിരുവനന്തപുരത്തെ സംഘത്തിന്റെ അവിസ്മരണീയനായി മാറിയ തലശ്ശേരിക്കാരന് എന്‍. വിജയന്, വിജയകുമാരന്‍ കര്‍ത്ത, ആലപ്പുഴയിലെ നാരായണന്, താനൂരിലെ നാരായണന്, ദക്ഷിണാമൂര്‍ത്തി, പയ്യോളിയിലെ കൃഷ്ണന് (പിന്നീട് വടക്കാഞ്ചേരിയില്‍ താമസമാക്കി), തലശ്ശേരിയിലെ തലായി ദാസന് ഇങ്ങനെ മറക്കാനാവാത്ത പേരുകള്‍ ഏറെയുണ്ട്. ആ ഗണയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രചാരകന്മാര് ഉണ്ടായതെന്ന് പറയാം. ഇപ്പോഴും സജീവമായി രംഗത്തുള്ള എന്‍. വിജയന് ഭാരതീയ വിചാരകേന്ദ്രത്തിലെ ഗ്രന്ഥശാലയുടെ കാര്യം നോക്കുകയാണ്. സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പ് മദിരാശി സര്‍വീസില്‍ ആയിരുന്നു അദ്ദേഹത്തിന് ജോലി. മലബാര്‍ ജില്ല കേരളത്തിന്റെ ഭാഗമായപ്പോള്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലും മറ്റും ജോലിയിലായിരുന്നവര്‍, ആ ജില്ലയെ സംബന്ധിക്കുന്ന ഫയലുകളും വഹിച്ചുകൊണ്ട് ഒരു പ്രത്യേക തീവണ്ടിയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തി. അക്കൂട്ടത്തില്‍ വിജയനും ഉണ്ടായിരുന്നു. മലബാറില്‍ നിന്ന് ആദ്യം സംഘ ശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുത്ത ലക്ഷ്മണേട്ടനും അക്കൂട്ടത്തില്‍പ്പെട്ടു. ലക്ഷ്മണന് തലശ്ശേരിയില്‍ മരാമത്ത് വകുപ്പിലേക്ക് മാറ്റം കിട്ടിയതിനാല്‍ തിരുവനന്തപുരം വിട്ടു.
വിജയന് ആകട്ടെ തലസ്ഥാനത്തെ ശാഖ പ്രവര്‍ത്തനത്തില്‍ അലിഞ്ഞുചേര്‍ന്നു. വി. പി. ജനാര്ദ്ദനന് പിന്നാലെ ഭാസ്കര്‍ജി തലസ്ഥാനത്തെത്തി. ജനാര്ദ്ദനന് വിശ്വഹിന്ദു പരിഷത്തിലായി. ഭാസ്കര്‍ജി ആകട്ടെ തിരുവനന്തപുരത്ത് തന്റെ സമ്പര്‍ക്കത്തില്‍ പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിച്ചു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡോക്ടര്‍ കെ. ഭാസ്കരന് നായരുമായി സൗഹൃദം സ്ഥാപിച്ചു. അതിന്റെ ഫലമായി ഗുരുജിയുടെ തലസ്ഥാന സന്ദര്‍ശന വേളയിലെ പൊതുപരിപാടി നടന്നത് യൂണിവേഴ്സിറ്റി കോളേജ് ചത്വരത്തില്‍ ആയിരുന്നു. നഗരത്തിലെയും ജില്ലയിലെയും എണ്ണപ്പെട്ട വ്യക്തികള്‍ അതില്‍ ശ്രോതാക്കളായി എത്തി.
വിജയന് ആകട്ടെ സര്‍ക്കാര്‍ സേവനം കഴിഞ്ഞപ്പോള്‍ വിദ്യാനികേതനില്‍ ഭാസ്കര്ജിക്ക് തുണയായി 10 വര്‍ഷം കല്ലേക്കാട് താമസിച്ച് കാര്യങ്ങള്‍ നിര്‍വഹിച്ചു. അക്കാലത്ത് തൊടുപുഴയിലെ സരസ്വതി വിദ്യാലയ പരിശോധനയ്ക്ക് വന്നപ്പോള്‍ എന്റെ വീട്ടിലും വന്നിരുന്നു. കാലടി ശിബിരത്തിലെ പ്രഥമ വര്‍ഗ്ഗ ശിക്ഷണം നേടിയപ്പോള്‍ ഞാന്‍ ശിക്ഷകനായ ഗണയുടെ പ്രമുഖന് അദ്ദേഹമായിരുന്നു. പി. പി. മുകുന്ദന് രോഗാവസ്ഥയിലായിരുന്നതറിഞ്ഞ് നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ആസ്പത്രിയില്‍ പോയി മടങ്ങും വഴി തലസ്ഥാനത്ത് അല്‍പ്പസമയം തങ്ങിയപ്പോള്‍ വിജയന്റെ വീട്ടില്‍ പോകണമെന്ന് മോഹിച്ചുവെങ്കിലും സാധിച്ചില്ല.
കാലടി സംഘശിക്ഷാവര്‍ഗിലെ കാര്യം വിവരിച്ച് ശാഖാചക്രമണം ചെയ്താണ് ഇവിടെയെത്തിയത്. രാമകൃഷ്ണാശ്രമത്തിനു പുറത്ത് ശങ്കരമഠത്തില്‍ രാമകൃഷ്ണ സമാധി ശതാബ്ദി ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു. ശിബിരത്തില്‍ നിന്ന് അവിടെ പോകാന്‍ സാധ്യമല്ലല്ലോ. ശിബിരത്തില്‍ വന്ന ദത്തോപാന്ത് ഠേംഗ്ഡി രണ്ടു നാള് താമസിച്ചു. അദ്ദേഹത്തെക്കൊണ്ട് കമ്മ്യൂണിസത്തിന്റെ താത്വിക പ്രായോഗിക വശങ്ങളെപ്പറ്റി സംസാരിപ്പിക്കണമെന്ന് ആശയം ഹരിയേട്ടന് മുന്നില്‍ വച്ചു. പരമേശ്വര്‍ജി ആ ആശയത്തെ അനുകൂലിച്ചു. വിവരം അറിയിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം കമ്മ്യൂണിസത്തെ അടിമുടി വിശദീകരിച്ചുകൊണ്ടുള്ള അവതരണം നടത്തി. പിന്നീട് 1989 ല്‍ പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി വേളയില്‍ നാഗ്പൂര്‍ രേശംബാഗില്‍ നടന്ന സ്വയംസേവക സംഗമത്തില്‍ കമ്മ്യൂണിസ്റ്റ് തത്വചിന്തയുടെ ആഴത്തിലുള്ള വിശകലനം അദ്ദേഹം ചെയ്തു. കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയെപ്പറ്റി സംഘ സ്വയംസേവകര്‍ ആകുലപ്പെടേണ്ടതില്ലെന്നും, സോവിയറ്റ് യൂണിയന് ഈ നൂറ്റാണ്ട് പൂര്‍ത്തിയാക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു. കാലടിയിലെ പ്രഭാഷണം ഒരിക്കലും വിസ്മരിക്കില്ല.
ശങ്കരസഹസ്രാബ്ദ ജയന്തി ആഘോഷങ്ങള്‍ അവിടെ നടക്കുമ്പോഴായിരുന്നു ഗുരുജിയുടെ ശിബിര സന്ദര്‍ശനം. അദ്ദേഹം മാധവജി, ഭാസ്കര്‍ റാവു, ഹരിയേട്ടന് എന്നിവരോടൊപ്പം ശങ്കരമഠത്തില്‍ പോയി ആചാര്യന്മാരെ വണങ്ങി അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവരെ ശിബിരത്തിലേക്ക് സ്വയംസേവകരെ അനുഗ്രഹിക്കുന്നതിനായി ക്ഷണിച്ചു. പിറ്റേന്ന് രണ്ട് ആചാര്യന്മാര് എഴുന്നള്ളി അവരുടെ അനുഗ്രഹപ്രഭാഷണം നടന്നു.
മുമ്പത്തെ പുരി ശങ്കരാചാര്യര്‍ വലിയ ഗണിതശാസ്ത്ര പണ്ഡിതനായിരുന്നു. ശങ്കരാചാര്യന്മാര് തങ്ങളുടെ പിന്ഗാമിമാരെ സ്വയം നാമനിര്‍ദേശം ചെയ്യണമെന്നാണ് വിധി. പുരി ശങ്കരാചാര്യര്‍ പിന്‍ഗാമിയായി ശ്രീ ഗുരുജിയെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. സ്വാമിജിയുടെ പ്രതിനിധി ശ്രീ ഗുരുജിയെ വിവരം ധരിപ്പിച്ചപ്പോള്‍ തന്റെ ജീവിതം സംഘത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞതാണെന്നും, അതിന് മാറ്റമില്ലെന്നും വിനയപൂര്‍വ്വം അറിയിച്ചു.
1956 മുതല്‍ 2 വര്‍ഷം മുമ്പ് വരെ നടന്ന സംഘശിക്ഷ വര്‍ഗ്ഗുകളില്‍ മുഴുവനായോ ഭാഗികമായോ പങ്കെടുക്കാന്‍ ഭാഗ്യം സിദ്ധിച്ചതിന്റെ ഓര്‍മ്മകള്‍ ജന്മഭൂമി വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഏതാനും ആഴ്ചകളായി പംക്തി തുടരാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: