Categories: Kerala

തൊഴിലുറപ്പ് കൂലി വര്‍ധന: കേരളത്തിന് 195 കോടിയിലേറെ അധികമായി ലഭിക്കും

Published by

കൊല്ലം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചതോടെ കേരളം ലേബര്‍ ബജറ്റിലെ ലക്ഷ്യം കൈവരിച്ചാല്‍ 195 കോടി രൂപയില്‍ കൂടുതല്‍ അധികമായി ലഭിക്കും. 13 രൂപ കൂട്ടിയതിലൂടെ കേരളത്തില്‍ ദിവസ വേതനം 333ല്‍ നിന്ന് 346 രൂപയായി.

2021-22ലെ സോഷ്യല്‍ ഓഡിറ്റില്‍ കേരളത്തില്‍ 10.38 കോടി തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നത്. ലേബര്‍ ബജറ്റില്‍ കേരളം ലക്ഷ്യംവച്ചിരിക്കുന്ന 15 കോടി തൊഴില്‍ ദിനങ്ങളിലെത്തിയാലാണ് 195 കോടി രൂപ അധികമായി ലഭിക്കുക.

എന്നാല്‍, തൊഴില്‍ ദിനങ്ങളില്‍ പിന്നിലാണ് കേരളം. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളുണ്ട്. 2021-22ല്‍ 16.41 ലക്ഷം പേര്‍ക്ക് ജോലി ലഭിച്ചു. ഇതില്‍ 5.12 ലക്ഷം പേര്‍ മാത്രമാണ് 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 4000 കോടി രൂപ കേരളത്തിനു നല്കിയിരുന്നു. സംസ്ഥാന വിഹിതം 250 കോടി മാത്രമായിരിക്കേയാണിത്.
തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ കേരളത്തില്‍ ഗുരുതര ക്രമക്കേടുകളാണെന്ന് കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ചില നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. ക്രമക്കേട് ഒഴിവാക്കുകയെന്നേ കേന്ദ്രത്തിനുള്ളൂ.

തൊഴില്‍ ദിനങ്ങളെയോ തൊഴിലാളികളെയോ ബാധിക്കാത്ത നിര്‍ദേശങ്ങളാണ് നല്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ ദിനങ്ങള്‍ കുറയ്‌ക്കുന്നെന്ന് സിപിഎം കുപ്രചാരണം നടത്തുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക