ന്യൂദല്‍ഹി: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ ഡി കണ്ടുകെട്ടിയ തുകയുടെ യഥാര്‍ത്ഥ ഉടമകള്‍ സാധാരണക്കാരാണെങ്കില്‍ അതവര്‍ക്കു തിരിച്ചു ലഭിക്കാന്‍ നിയമസാധുത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ കേരളത്തിലെ ബൂത്തുതല പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്കുതട്ടിപ്പ് അദ്ദേഹം പരാമര്‍ശിച്ചത്.
കരുവന്നൂര്‍ കോ-ഓപ് ബാങ്ക് അഴിമതിയിലും പ്രമുഖ സിപിഎം നേതാക്കളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. സാധാരണക്കാരുടെ പണം കബളിപ്പിച്ചു കൊണ്ടുപോയി. അതിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അഴിമതിക്കാരെ, സാധാരണക്കാരുടെ പണം കൊള്ളയടിച്ചവരെ, ജനങ്ങളെ വഞ്ചിച്ചവരെ വെറുതെ വിടരുത്. ഇ ഡി കണ്ടുകെട്ടിയതില്‍ സാധാരണക്കാരായ നിക്ഷേപകരുടെ പണം ഉണ്ടെങ്കില്‍ അതവര്‍ക്ക് കിട്ടാന്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപടിയുണ്ടാകും, മോദി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ‘സുശക്തമാണ് എന്റെ ബൂത്ത്’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുമായുള്ള ഓഡിയോ സംവാദം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രവര്‍ത്തകര്‍ ധീരരും ത്യാഗികളും എന്തും നേരിടാന്‍ കെല്‍പ്പുള്ളവരുമാണ്. അവര്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കു പ്രേരണയും പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചും നരേന്ദ്രമോദി ചോദിച്ചറിഞ്ഞു. കേരളത്തില്‍ പോരടിച്ചും കേരളത്തിനു പുറത്ത് ഒന്നിച്ചും പ്രവര്‍ത്തിക്കുന്ന ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചെങ്ങന്നൂര്‍ 39-ാം ബൂത്ത് പ്രസിഡന്റ് ഉദയകുമാരി, പാലക്കാട് ലോക്‌സഭാ മണ്ഡലം മൂന്നാം ബൂത്ത് പ്രസിഡന്റ് ബാലഗോപാല്‍, പത്തനംതിട്ട ലോക്‌സഭാ മണ്ഡലം കോന്നി 139-ാം ബൂത്ത് പ്രസിഡന്റ് പി. ഗോപിനാഥന്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: