ഓട്ടുപുലായ്‌ക്കല്‍ വേലുക്കുട്ടി വിജയന്റെ ചരമദിനമായിരുന്നു ഇന്നലെ; 2005 മാര്‍ച്ച് 30നായിരുന്നു അന്തരിച്ചത്. ഈ പേര് ഒ.വി. വിജയന്‍ എന്നുപറഞ്ഞാല്‍ പെട്ടെന്ന് ഓര്‍മ്മവരും. ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി തുടങ്ങിയ നോവലുകളിലൂടെ, അരിമ്പാറ, കടല്‍ത്തീരത്ത്, ചെങ്ങന്നൂര്‍ വണ്ടി, അശാന്തി തുടങ്ങിയ കഥകളിലൂടെ ഏറെ പരിചിതന്‍. പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റും രാഷ്‌ട്രീയ നിരീക്ഷകനുമായി വിവിധ പത്ര-മാധ്യമങ്ങളില്‍ എഴുതിയ പ്രവചനാത്മകമായ കോളങ്ങള്‍, നിരീക്ഷണങ്ങള്‍ വഴി ആള്‍ക്കൂട്ടത്തില്‍ തനിയേ സഞ്ചരിച്ച ചിന്തകന്‍ ആയിരുന്ന ഒ.വി. വിജയന്‍ 1997ല്‍ ഒരു ലേഖനത്തില്‍ ഇസ്രയേലിനെക്കുറിച്ച് എഴുതുന്നുണ്ട്. ‘യഹൂദരോടുള്ള കടം’ എന്നാണ് ലേഖനം. ആ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ:
”…രണ്ടുകൊല്ലം മുമ്പ് ഇസ്രയേലിപ്രശ്‌നത്തെക്കുറിച്ചു പ്രതികരിക്കാനിടയായി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപര്‍ക്ക് ഒരു കത്തും മലയാളത്തിലൊരു ലേഖനവും എഴുതാന്‍ ഞാന്‍ മുതിര്‍ന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാല്‍, മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണു ലഭിച്ചത്. എന്റെ ലേഖനങ്ങള്‍ സ്വീകരിക്കാറുള്ള മാതൃഭൂമിയും മനോരമയും അവരുടെ വാരികകളും അനുബന്ധിച്ച മറ്റു പ്രസിദ്ധീകരണങ്ങളും ലേഖനം തിരിച്ചയച്ചു. ഇടതുപക്ഷത്തിന്റെ ഔപചാരിക ബാദ്ധ്യതകളുള്ള കലാകൗമുദിയെപ്പോലുള്ള പത്രങ്ങള്‍ക്ക് ഞാന്‍ ആ ലേഖനം അയച്ചുകൊടുക്കാന്‍ മിനക്കെട്ടില്ല. മാതൃഭൂമി വാരികയുടെ പത്രാധിപരായ നാരായണന്റെ ക്ഷമാപണരൂപത്തിലുള്ള നിരസനക്കുറിപ്പ് മറ്റുള്ളവകളെ അപേക്ഷിച്ചു സത്യസന്ധമായിരുന്നു. ലേഖനം പ്രസിദ്ധപ്പെടുത്തിയാല്‍ മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങളെ ഗള്‍ഫുനാടുകളില്‍ പരക്കെ നിരോധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ന്യായമായ ഭയമായിരുന്നു നാരായണന്റേത്. എല്ലാ മലയാള പ്രസിദ്ധീകരണങ്ങള്‍ക്കും ഗള്‍ഫില്‍ ഗണ്യമായ പ്രചാരമുണ്ട്; സര്‍ക്കുലേഷന്‍ ഒരു കനത്ത ഭിന്നിതം. ഈ ഭിന്നിതത്തെ അപകടപ്പെടുത്താന്‍ ഒരു മലയാളപത്രത്തിനും ചങ്കൂറ്റവുമില്ല. ഫലം, മദ്ധ്യപൗരസ്ത്യ ദേശത്തിലെ ഏറ്റവും സജീവമായ ഒരു പ്രശ്നത്തെ തുറന്നു ചര്‍ച്ച ചെയ്യാന്‍ മലയാളത്തിലെ ഒരു പ്രസിദ്ധീകരണവും തയ്യാറില്ല, അത്തരമൊരു ചര്‍ച്ചയുടെ പഠനാനുഭവം മലയാളിക്ക് നിഷേധ്യം. കടലിനക്കരെ വാണരുളുന്ന അറബി, അവന്റെ പണത്തിന്റെ തെമ്പിലും വര്‍ഗ്ഗീയതയിലും മലയാളപത്രങ്ങളെ സെന്‍സര്‍ ചെയ്യുകയെന്ന അസഹനീയമായ അവസ്ഥ എന്റെ ദേശാഭിമാനത്തിന് നോവേല്‍പ്പിക്കുന്നു…” 1997 ലെ ഈ ലേഖനത്തില്‍നിന്ന് 27 വര്‍ഷം നാം വളര്‍ന്നു. മലയാളത്തിലുള്‍പ്പെടെ മാദ്ധ്യമങ്ങളില്‍ വൈവിദ്ധ്യം വന്നു. എണ്ണം പെരുകി. അതിനനുസരിച്ച് ‘സെന്‍സര്‍ഷിപ്പു’കളും കൂടി. ആരൊക്കെയോ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങള്‍, ആര്‍ക്കൊക്കെയോ വേണ്ടി പക്ഷം പിടിക്കുന്ന, പിടിപ്പിക്കുന്ന മാദ്ധ്യമങ്ങള്‍. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ കാര്യവും അങ്ങനെതന്നെ; പേടിപ്പെടുത്തുന്ന പ്രവണതകളാണ് എവിടെയും.
അതായത്, എഴുത്തും എഴുത്തുകളിലേയും എഴുതുന്നവരുടേയും ചിന്തകള്‍ ജനസമൂഹത്തെ സ്വാധീനിക്കുന്നില്ല എന്നാണോ ധരിക്കേണ്ടത്. അങ്ങനെവരാനിടയില്ല. കാരണം, കാല്‍ നൂറ്റാണ്ടിനിടെ സമാന്തര മാദ്ധ്യമങ്ങള്‍ എന്നുവിളിക്കാവുന്ന സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനവും മാറ്റവും വലുതാണ്. മത നേതാക്കളെ, മത ചിന്തകളെ, മതമൗലിക വാദങ്ങളെ ഇത്രത്തോളം പരസ്യമായി, കഠിനമായി വിമര്‍ശിക്കാന്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സാധിക്കുമോ. ഇല്ല. അതാണ് കാലവളര്‍ച്ചയ്‌ക്കിടെ ഉണ്ടായ മാറ്റം. എന്നാല്‍, ഈ ജനമസസ്സ് അറിയാതെ മാദ്ധ്യമങ്ങള്‍ ഇപ്പോഴും ആര്‍ക്കൊക്കെയോ വേണ്ടി പണിയെടുക്കുകയാണ്.
ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ‘യുദ്ധം’ എത്രയോ കാലമായി തുടരുന്നു? അതിന് ശാശ്വത പരിഹാരം അടുത്തെങ്ങും കാണാന്‍ കഴിയുമെന്ന പ്രതീക്ഷ ലോകത്തിനില്ല. കാരണം, അത് രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. ഇരുപക്ഷത്തും നില്‍ക്കാന്‍ രാജ്യങ്ങളുമുണ്ട്. ഇരുപക്ഷത്തും ശരിയും തെറ്റുകളുമുണ്ട്. അതിന് അറുതി എന്നത് സമവായത്തിലൂടെയാണ്, അതിനു വേണ്ടത് സഹിഷ്ണുതയാണ്. അങ്ങനെവേണം അതിനെക്കാണാന്‍. ആ സഹിഷ്ണുതയ്‌ക്കും സമവായത്തിനുമായി രാജ്യങ്ങള്‍ക്കും ഓരോ ജനതയ്‌ക്കും എന്തുചെയ്യാനാവും എന്നതാവണം ഓരോരുത്തരുടെയും ചിന്തയും പ്രവൃത്തിയും. എങ്കിലേ ആത്യന്തിക ഫലം, സമാധാനം, ഉണ്ടാവുകയുള്ളു.
എന്നാല്‍, ഇസ്രയേല്‍-പാലസ്തീന്‍ ‘യുദ്ധ’ത്തെ അവിടെനിന്ന് ഇവിടേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നത് മതസ്പര്‍ദ്ധയുടെ വര്‍ദ്ധനയ്‌ക്കുവേണ്ടിയാകുന്നതാണ് ഇവിടത്തെ പ്രശ്‌നം. അങ്ങനെവരുമ്പോള്‍ ‘താലിബന്‍ വിസ്മയങ്ങള്‍’ക്ക് താരാരാധന ഉണ്ടാകും. അത് വീരാരാധനയാകും. അപകടം കൂടും. ശരിയാണ്, ഇസ്രായേല്‍- പാലസ്തീന്‍ യുദ്ധത്തെ പരസ്പരാക്രമണത്തെ നാം അപലപിക്കണം. പക്ഷേ, അത് ഏകപക്ഷീയമായ ആക്രമണമോ യുദ്ധമോ അല്ലെന്നുപോലും സമ്മതിക്കാന്‍ തയാറല്ലാതാകുന്നിടത്താണ് പ്രശ്‌നങ്ങള്‍. കാല്‍നൂറ്റാണ്ടുമുമ്പ് ഒ.വി. വിജയന്‍ ചൂണ്ടിക്കാണിച്ചതും അതുതന്നെയാണ്.
കമ്യൂണിസ്റ്റ് നയ നിലപാടുകളെ, ഇരട്ടത്താപ്പുകളെ വിജയന്‍ വിമര്‍ശിച്ചു. ഹിന്ദുത്വ ആശയത്തെ എന്തിന് അപ്പാടേ അകറ്റിനിര്‍ത്തുന്നു, രാഷ്‌ട്രീയ അയിത്തം എന്തിന് കല്‍പ്പിക്കുന്നുവെന്ന് വിജയന്‍ ചോദിച്ചു. അങ്ങനെ ‘അന്ധരേയും അകലങ്ങള്‍ കാണുന്നവരേയും’ വിജയന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു. പക്ഷേ, നമ്മള്‍ പലരും അന്ധരും ബധിരരും ഊമകളുമായി തുടര്‍ന്നു. അങ്ങനെ സദ്ദാം ഹുസൈനുവേണ്ടി ഹര്‍ത്താല്‍ നടത്തി, താലിബന്‍ വിസ്മയത്തിന് കൈയടിച്ചു. അത് ഇപ്പോഴും തുടരുന്നു.
അതുകൊണ്ടാണ് ‘പൗരത്വം കൊടുക്കുവാനുള്ള നിയമ’ത്തെ ‘പൗരത്വം റദ്ദാക്കല്‍ നിയമ’മായി തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇസ്രയേല്‍- പാലസ്തീന്‍ തര്‍ക്കത്തെ ഇസ്രായേല്‍ നടത്തുന്ന വംശീയഹത്യയായി വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ഇസ്രായേലുമായി നയതന്ത്ര സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഭാരത സര്‍ക്കാരിന് പാലസ്തീനുമായുള്ള സമാനമായ സൗഹാര്‍ദ്ദത്തെ മറച്ചുവെച്ച്, ഭാരതം ഇസ്രായേല്‍ പക്ഷത്താണെന്ന് വ്യാജം പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇസ്രായേല്‍ ചങ്ങാത്തം മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച നയമല്ലാതിരുന്നിട്ടും മോദി-ബിജെപി സര്‍ക്കാരിന്റെ പക്ഷപാതമായി വ്യാഖ്യാനിക്കുന്നത്. ഇത് താല്‍ക്കാലിമായ നേട്ടങ്ങള്‍ക്ക് പക്ഷം പിടിക്കുന്ന അപകടം മാത്രമല്ല, മതപക്ഷം പിടിച്ച് ലോകത്തെത്തന്നെ പിളര്‍ക്കുന്ന അപകടകരമായ മനോനിലയാണ്.
അല്ലെങ്കില്‍ ഗാസയ്‌ക്കുവേണ്ടി മെഴുതിരി കത്തിച്ചവര്‍, സദ്ദാമിനുവേണ്ടി മത്സരിച്ച് ഹര്‍ത്താലുകള്‍ നടത്തിയവര്‍, പൗരത്വം കൊടുക്കല്‍ നിയമത്തിനെതിരേ തെരുവില്‍ ഇറങ്ങുന്നവര്‍ എന്തുകൊണ്ട് മോസ്‌കോയില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തെ അപലപിക്കുന്നില്ല? അവിടെ ജീവന്‍ പൊലിഞ്ഞ നൂറ്റിയമ്പതോളം പേര്‍ക്കുവേണ്ടി മെഴുതിരി കത്തിക്കുന്നില്ല? കൊലയാളികള്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുന്നില്ല?
കഴിഞ്ഞയാഴ്ച, 2024 മാര്‍ച്ച് 22, വെള്ളിയാഴ്ചയാണ് ആ ആക്രമണം ഉണ്ടായത്. റഷ്യയിലെ മോസ്‌കോയില്‍ ക്രോക്കസ് സിറ്റി കണ്‍സര്‍ട്ട് കോംപ്ലക്‌സില്‍ എത്തിയ മുഖംമൂടിധാരികള്‍ വെടിയുതിര്‍ത്തും ബോംബെറിഞ്ഞും തീവെച്ചും കൂട്ടക്കൊല നടത്തുകയായിരുന്നു. കമ്മ്യൂണിസമായിരുന്നു, ആണ്, അവിടത്തെ രാഷ്‌ട്രീയ-സര്‍ക്കാര്‍ നയനിലപാടുകളുടെ ആധാരമെങ്കിലും മതം നോക്കിയാല്‍, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസികളാണ് റഷ്യയില്‍ കൂടുതല്‍. അവിടെ വന്‍ കൂട്ടക്കൊലയ്‌ക്കാണ് ആസൂത്രണം നടന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസന്‍ എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്തിയത്. ഐഎസ്-കെ എന്നാണ് അവരുടെ ചുരുക്കപ്പേര്. അഫ്ഗാനിസ്ഥാനിലെ സുന്നി ഇസ്ലാം വിഭാഗത്തില്‍പ്പെട്ടവരാണ് ആ ഭീകരര്‍. ഐഎസ് ഔദ്യോഗികമായി ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തു. റഷ്യന്‍ സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്ന് താജിക്കിസ്ഥാന്‍ റാഡിക്കല്‍ മുസ്ലിങ്ങളായ ചിലര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമികള്‍ താജ് റാഡിക്കല്‍ മുസ്ലിം ആണെങ്കിലും ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആരാണ് പ്രേരണയായത്, സഹായിച്ചത്, സൗകര്യമൊരുക്കിയത് എന്ന കാര്യം അന്വേഷിക്കുകയാണ് റഷ്യ. അമേരിക്ക ഈ ആക്രമണം ഐഎസ്- താലിബാന്‍- മുസ്ലിം ഭീകര സംഘടനകള്‍ നടത്തിയെന്നും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് അവര്‍ റഷ്യയ്‌ക്ക് നല്‍കിയിരുന്നുവെന്നും പ്രസ്താവിച്ചു. എന്നാല്‍ റഷ്യന്‍ വിദേശകാര്യമന്ത്രി മരിയാ സഖറോവാ ഈ വിഷയത്തില്‍ അമേരിക്കയെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയുമാണ് ചെയ്തത്. ഭാരത സര്‍ക്കാര്‍, ഈ ആക്രമണത്തെ അപലപിച്ചു, അക്രമികളെ കണ്ടെത്താന്‍ നടപടി വേണം, അന്വേഷണം നടത്തണം, അതിന് എല്ലാ സഹായവും സഹകരണവും നല്‍കാന്‍ തയാര്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതൊക്കെ അന്താരാഷ്‌ട്ര നിയനിലപാടുകളുടെ കാര്യം. പക്ഷേ, മോസ്‌കോയിലെ ഇസ്ലാമിക ഭീകരാക്രമണ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നിലപാടെന്താണ്? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണമെന്താണ്? എന്തുകൊണ്ട് റഷ്യയ്‌ക്ക് പിന്തുണയുമായി, ഭീകരാക്രമണത്തെ എതിര്‍ത്ത്, അമേരിക്കന്‍ ഇടപെടലിനെതിരേ പ്രകടനമോ പൊതു സമ്മേളനമോ പ്രസ്താവനയോ നടത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കുന്നില്ല? ഒന്നിച്ചോ വെവ്വേറെയോ തെരുവിലിറങ്ങുന്നില്ല?
രണ്ടു ചോദ്യങ്ങള്‍ ഉയരുന്നുണ്ട്: മണിപ്പൂരില്‍ സംഭവിക്കാത്ത ക്രിസ്ത്യന്‍ പീഡനത്തിന്റെ പേരില്‍ വ്യാജപ്രചാരണം നടത്താന്‍ മത്സരിക്കുന്ന രാഷ്‌ട്രീയ കക്ഷികളും വിശ്വാസികളുടെ രക്ഷകരും എന്തുകൊണ്ട് മൗനത്തിലായി? ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയുടെ പേരില്‍ മോദി സര്‍ക്കാരിനെതിരേ ദല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കോണ്‍ഗ്രസ്- സിപിഎം- ഇടതുപക്ഷ നേതാക്കള്‍ എന്തുകൊണ്ട് മോസ്‌കോയിലെ ആക്രമണത്തിന്റെ പേരില്‍ കേരളത്തില്‍ ഒന്നിച്ച് പ്രതിഷേധിക്കുന്നില്ല?
കാരണം ലളിതമാണ്. അതുതന്നെയാണ് മാധ്യമങ്ങളുടെ കാര്യത്തിലും പ്രശ്‌നം. റഷ്യയില്‍ മഴപെയ്താല്‍ പണ്ട് കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല, മാധ്യമങ്ങളില്‍ പലതും ഇവിടെ കുട നിവര്‍ക്കുമായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കും മൗനമാണ്. അതാണ് ഒ.വി. വിജയന്‍ ഭയത്തോടെയും സങ്കടത്തോടെയും 27 കൊല്ലം മുമ്പ് പ്രകടിപ്പിച്ച ആശങ്കയുടെ ഇന്നത്തെ വളര്‍ച്ച. ഭീതിജനകമാണ് അന്തരീക്ഷം.
പിന്‍കുറിപ്പ്:
ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ക്കെതിരേ ആഞ്ഞടിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രചാരണ തന്ത്രമാണ് പിണറായി ക്യാമ്പ് ആസൂത്രണം ചെയ്തിരുന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. മാസപ്പടിയില്‍ ഇ ഡി ഇടപെട്ടതോടെ ആ ‘യുദ്ധമുഖം’ അടച്ചുപൂട്ടിയത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: