ധര്‍മത്തിന്റെ സര്‍വോത്കൃഷ്ടത അനേകം മഹര്‍ഷിമാരുടെ അരുളപ്പാടുകളിലൂടെയും വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. മഹാഭാരതത്തിലെ വനപര്‍വത്തില്‍ മുനിപുംഗവനായ മാര്‍ക്കണ്ഡേയന്‍ രണ്ടുപ്രാവശ്യം വനത്തിലെത്തി യുധിഷ്ഠിരന് ധര്‍മ്മത്തിന്റെ മാഹാത്മ്യം വിവരിച്ചു കൊടുക്കുന്നുണ്ട്. ആദ്യത്തെ തവണ ഇന്ദ്രനൊത്ത പ്രതാപശാലികളായിരുന്ന രാമനും നാഭാഗന്‍, ഭഗീരഥന്‍ തുടങ്ങിയ രാജാക്കന്മാരും സത്യപാലനം കൊണ്ട് ലോകം ജയിച്ചവരായിരുന്നു. അഭൗമബലമുണ്ടായിരുന്ന അവരും അധര്‍മ്മം ആചരിക്കാന്‍ മുതിര്‍ന്നിട്ടില്ല. മഹര്‍ഷി ഇക്കാര്യം ‘നേശേ ബലസ്യേതി ചരേദധര്‍മ്മം’ ‘ബലസ്യ ഈശേ ഇതി അധര്‍മ്മം ന ചരേദ് ‘ എന്ന് പലപാട് വ്യക്തമാക്കി, നീയും അധര്‍മ്മം ആചരിക്കാന്‍ മുതി രാതെ വനത്തിലേക്ക് പോന്ന് കഷ്ടപ്പാട് സഹിക്കുന്നത് ഉചിതം തന്നെയായി. ഭാവിയില്‍ ഇതുകൊണ്ടു ശ്രേയസ്സേ ഉണ്ടാവുകയുള്ളൂ എന്ന് ആശ്വസിപ്പിച്ച് മടങ്ങിപ്പോയി. രണ്ടാം പ്രാവശ്യം മഹര്‍ഷി പ്രത്യക്ഷപ്പെട്ട് അനേകം ഉദാഹരണങ്ങളിലൂടെ യുധിഷ്ഠിരനുവേണ്ടി ധര്‍മ്മോപദേശങ്ങള്‍ ചെയ്തപ്പോള്‍ ധര്‍മ്മവ്യാധന്റെ കഥയും പരാമര്‍ശവിധേയമായി. ധര്‍മ്മവ്യാധന്റെ വാക്കുകളില്‍ കൂടി യഥാര്‍ത്ഥ സത്യപാലനം ഭൂതഹിതം (ലോകഹിതം) നിറവേറ്റുക എന്നുള്ളതാണെന്നും ഈ ധാരണയ്‌ക്ക് വിപരീതമായി പ്രവര്‍ത്തി ച്ചാല്‍ അത് അധര്‍മ്മമാവുമെന്നും ധര്‍മ്മത്തിന്റെ രൂപം അത്യന്തം സൂക്ഷ്മമാണെന്നും പറയുകയുണ്ടായി.
‘അന്യതേന ഭവേത് സത്യം
സത്യേനൈവാന്യതം ഭവേത
്‌യദ്ഭൂതഹിതമത്യന്തം തത്
സത്യമിതിധാരണാ
വിപര്യയകൃതോ ള ധര്‍മ്മഃ
പശ്യ, ധര്‍മ്മസ്യ സൂക്ഷ്മതാം’
(മഹാഭാ. വനപര്‍വം)
ഏതാണ്ട് ഇതേ ആശയം തന്നെ ശാന്തിപര്‍വത്തില്‍ നാരദമഹര്‍ഷി ശ്രീശുകനോട് പറയുന്നതായും ഒരു ഭാഗമുണ്ട്.
‘സത്യസ്യവചനംശ്രേയഃ
സത്യാദപിഹിതംവദേത്
യദ് ഭൂതഹിതമത്യന്തം
ഏതത് സത്യം മതം മമ’
(ശാന്തിപര്‍വ്വം)
മഹദ് വചനങ്ങള്‍ക്ക് പിന്നില്‍ എന്നാല്‍ ഈ ലോകോപകാരപ്രദങ്ങളായ ഉപദേശമുത്തുകള്‍, അമൂല്യമായ ഈ മഹദ്‌വചനങ്ങള്‍ എല്ലാംതന്നെ മഹാപ്രാജ്ഞനായ മഹര്‍ഷി വ്യാസന്‍തന്നെ ലോകാനുഗ്രഹകാതരതയാല്‍ അരുളിച്ചെയ്തിട്ടുള്ളതാണെന്ന് നമുക്കെല്ലാം അറിയാമല്ലോ. ആരെക്കൊണ്ടല്ലാമാണ് ഇവയൊക്കെ പറയിപ്പിച്ചിട്ടുള്ളത്? ആലോചിച്ചാല്‍ നാം ആശ്ചര്യപ്പെടും. ഭഗവാന്‍ വാസുദേവന്‍, മഹാമുനികളായ മാര്‍ക്കണ്ഡേയന്‍, ശ്രീനാരദന്‍, ധൗമ്യന്‍, സനല്‍സുജാതന്‍ തുടങ്ങി യവര്‍. വിദുരര്‍, ഭീഷ്മര്‍, യുധിഷ്ഠിരന്‍, സത്യവതി, കുന്തീദേവി, ഗാന്ധാരി ഇവരെപ്പോലെയുള്ള ഐതിഹാസിക വ്യക്തികള്‍ ഇങ്ങനെ പോകുന്നു അവരുടെ പരമ്പര. പഞ്ചരത്‌നങ്ങളെന്ന് പ്രഖ്യാ തമായ ഭഗവദ്ഗീത, അനുഗീത, സനല്‍ സുജാതീയം, വിദുരവാക്യം, ശ്രീവിഷ്ണുസഹസ്രനാമം ഇവകളും ജ്ഞാനസഞ്ചികയായ യക്ഷപ്രശ്‌നത്തില്‍ വിശുദ്ധസത്ത്വനായ ധര്‍മ്മപുത്രര്‍ നല്കുന്ന അത്ഭുതകരങ്ങളായ ഉത്തരങ്ങള്‍ക്കും പിന്നില്‍ ബഹുജ്ഞമായ തന്റെ വ്യക്തിത്വം നിഗൂഹനം ചെയ്തുകൊണ്ടു വര്‍ത്തിക്കുന്നത് ഭഗവാന്‍ വേദവ്യാസനല്ലാതെ മറ്റാരാണ്? ഈ മഹാപുരുഷനെ, മഹാത്മാവിനെ, ജ്ഞാനവിജ്ഞാനനിധിയായ ഈ കവിവേധസ്സിനെ അല്ലാതെ മറ്റാരെയാണ് ഭാരതസ്രഷ്ടാവ് എന്നു വിളിക്കാവുന്നത്?
‘അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ
യഥാസ്‌മൈ രോചതേ വിശ്വം
തഥേദം പരിവര്‍ത്തതേ’
എന്ന് ധ്വന്യാലോകകാരനായ ആനന്ദവര്‍ദ്ധാചാര്യരുടെ നിരീക്ഷണം എത്ര അന്വര്‍ത്ഥമാണ്! ഈ കവിപ്രജാപതി ആഗ്രഹിച്ചതുപോലെ തന്നെയാണ് ഭാരതത്തിന്റെ മനസ്സ് രൂപീകൃതമായിട്ടുള്ളത്. അതു തന്നയല്ലേ ഭാരതമെന്ന രാഷ്‌ട്രം?
ലോകാനുഗ്രഹകാരനായ മഹര്‍ഷി എന്ന് നേരത്തെ വ്യാസദേവനെ വിശേഷിപ്പിച്ചത് സോദ്ദേശ്യമായാണ്. സാധാരണ മുനിമാരും വനൗകസ്സുകളായ ഋഷിമാരും ലൗകികവികാരങ്ങളായ സ്‌നേഹാദിഭാവങ്ങളെ മനഃപൂര്‍വം പരിത്യജിച്ച് ജീവിച്ചവരാണ്. എന്നാല്‍ അവരില്‍ പുത്രീവിയോഗവ്യഥകൊണ്ട് തരളിതചിത്തവൃത്തികളായ കണ്വമഹര്‍ഷിയെപ്പോലെയോ പുത്രവിരഹകാതരനാകുന്ന വ്യാസമഹര്‍ഷിയെപ്പോലെയോ ലോകത്തിന്റെ നന്മ ലാക്കാക്കി ജാഗരൂകരായി പ്രവര്‍ത്തിച്ച എത്രപേരുണ്ട്? (കണ്വന്റെ സ്‌നേഹതരംഗിതമായ ഹൃദയം ശാകുന്തളത്തില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈ്വപായനവ്യാസന്റെ സ്‌നേഹാര്‍ദ്രമായ ചിത്തം ഭാഗവതത്തിലും സ്പഷ്ടമാക്കപ്പെട്ടിട്ടുണ്ട് ഒരിക്കല്‍ ഉപനയനാദികള്‍ ഒന്നും കഴിക്കാതെ അപേതകൃത്യനായി സംന്യാസിയാകാന്‍ പുറപ്പെട്ടു പോയ ശ്രീശുകനെ ‘പുത്രാ’ എന്നു നീട്ടിവിളിച്ച് പരിതപിച്ച വ്യാസനെപ്പറ്റി ഭാഗവതത്തില്‍ പ്രസ്താവിക്കുന്നുണ്ട്. ശ്രീശുകന്‍, വ്യാസദേവന്റെ ആദ്യത്തെ പുത്രനാണ്. ശുകന്റെ മാതാവ് ഘൃതാചി എന്ന അപ്‌സരസ്സാണ്. വ്യാസന്റെ യൗവനകാലത്ത് യാഗാഗ്‌നി ഉത്പാദിപ്പിക്കാന്‍ വേണ്ടി അരണി കടഞ്ഞുകൊണ്ടിരുന്ന വ്യാസന്‍ യാദൃച്ഛികമായി ഘൃതാചിയെ കാണാന്‍ ഇടയായെന്നും അവളുടെ അഭൗമസൗന്ദര്യം കണ്ട്, പാര്‍വതീദേവിയെ മൂന്നു കണ്ണുകള്‍ കൊണ്ടും വീക്ഷിച്ച ഹരനെപ്പോലെ ക്ഷണനേരം വ്യാസനും ‘കിഞ്ചിത് പരിലുപ്തധൈര്യ’ നായെന്നും അദ്ദേഹത്തിന്റെ ശാപം ഭയന്ന് ഒരു ശുകിയായി ഘൃതാചി പറന്നുപോയെന്നും വെളിയിലേക്കു നിസ്സരിച്ച ഋഷിയുടെ രേതസ്സ് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍ നിപതിച്ചെന്നും ആ അരണിയില്‍ നിന്നും അയോനിജനായി ശുകന്‍ ജനിക്കുകയായിരുന്നു, എന്നും മറ്റുമുള്ള കഥ ദേവീ ഭാഗവതം പ്രഥമസ്‌കന്ധത്തില്‍ പ്രതിപാദിക്കുന്നുണ്ട്.)
(തുടരും)
(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: