ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനും ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററുമായ എന്‍. മുരളിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രഞ്ജിനി-ഗായത്രി സഹോദരിമാരുടെ അഭിപ്രായപ്രകടനം ചര്‍ച്ചയാകുന്നു. സംഗീത കലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രഞ്ജിനി-ഗായത്രിമാര്‍ മദ്രാസ് മ്യൂസിക്ക് അക്കാദമിക്ക് കത്തയച്ചിരുന്നു.
ഇതിനെതിരെ എന്‍.മുരളി രംഗത്ത് വന്നിരുന്നു. രഞ്ജിനി-ഗായത്രിമാരുടെ കത്തിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നായിരുന്നു എന്‍. മുരളിയുടെ വിമര്‍ശനം. സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ വിമര്‍ശിക്കുന്ന എന്‍. മുരളി മദ്രാസ് മ്യൂസിക് അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ബ്രാഹ്മണാധിപത്യം ആദ്യം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് രഞ്ജിനി-ഗായത്രി സഹോദരിമാര്‍ തിരിച്ചടിച്ചു.
ഒരു കൂട്ടം രാജികളിലൂടെ ആ മാറ്റം തല്‍ക്ഷണം കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു രഞ്ജിനി-ഗായത്രിമാര്‍ പറഞ്ഞത്. ബ്രാഹ്മണസമുദായത്തില്‍പ്പെട്ട രഞ്ജിനിയും ഗായത്രിയും സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തിന് ശ്രമിക്കുകയാണെന്നാണ് ഇടത്പക്ഷക്കാരും മോദി വിരുദ്ധരുമായ മുരളിയുടെയും കൂട്ടരുടെയും അഭിപ്രായം. ഇതിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയായിരുന്നു രഞ്ജിനി-ഗായത്രിമാര്‍. മദ്രാസ് മ്യൂസിക് അക്കാദമിയുടെ അധ്യക്ഷന്‍ എന്‍. മുരളി ഉള്‍പ്പെടെയുള്ളവര്‍ ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവരാണെന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തി തിരിച്ചടികൊടുക്കുകയായിരുന്നു രഞ്ജിനി-ഗായത്രി സഹോദരിമാര്‍.
എന്‍. മുരളിയുടെ സഹോദരനും ഹിന്ദു ദിനപത്രം എഡിറ്ററുമായ എൻ. റാം കൂടി ടി.എം. കൃഷ്ണയെ പിന്തുണയ്‌ക്കുകയും രഞ്ജിനി-ഗായത്രിമാരുടെ പ്രതിഷേധത്തെ വിമര്‍ശിക്കുകയും ചെയ്തതാണ് രഞ്ജിനി-ഗായത്രിമാരെ കൂടുതല്‍ രോഷാകുലരാക്കിയത്. ” നിങ്ങള്‍ പ്രസിദ്ധീകരിച്ച റിലീസ് വായിച്ചപ്പോള്‍ പുരസ്കാര ജേതാവിനെ (ടി.എം.കൃഷ്ണ) നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പോലെയാണ് തോന്നിയത്. മ്യൂസിക് അക്കാദമിയും അദ്ദേഹവും തമ്മിലുള്ള അന്തരം ഇല്ലാതാക്കിക്കൊണ്ടുള്ള നിങ്ങളുടെ പ്രതികരണത്തില്‍ ആശ്ചര്യം തോന്നി. പക്ഷെ, മാധ്യമ മേധാവിയായ ശ്രീ.എന്‍. റാം ഈ വിഷയത്തില്‍ അപ്രഖ്യാപിത വക്താവായി ചേരുകയും ഞങ്ങളെ മതഭ്രാന്തരായും ജാതിയുടെ കൂട്ടരായും മുദ്രകുത്തുകയും ചെയ്തപ്പോള്‍ കാര്യം എന്തെന്ന് വ്യക്തമായി. “- രഞ്ജിനി-ഗായത്രിമാര്‍ പറയുന്നു.
ഇന്ന് കര്‍ണ്ണാടകസംഗീതജ്ഞരില്‍ കച്ചേരി നടത്തുന്നവരില്‍ പ്രമുഖമായ പേരാണ് രഞ്ജിനി-ഗായത്രി സഹോദരിമാരുടേത്. ബ്രാഹ്മണ്യത്തെയും കര്‍ണ്ണാടകസംഗീത ആചാര്യന്മാരെയും നിരന്തരം ആക്ഷേപം നടത്തുന്ന ടി.എം. കൃഷ്ണയ്‌ക്ക് തന്നെ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരില്‍ തുടങ്ങിയ സംഗീത കലാനിധി പുരസ്കാരം നല്‍കിയതാണ് രഞ്ജിനി-ഗായത്രിമാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അതോടെ ഡിസംബറില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് നടത്തേണ്ട സംഗീതക്കച്ചേരിയില്‍ നിന്നും തങ്ങള്‍ പിന്‍വാങ്ങുന്നതായി അറിയിച്ച് രഞ്ജിനി-ഗായത്രിമാര്‍ മദ്രാസ് മ്യൂസിക് അക്കാദമിക്ക് കത്തയയ്‌ക്കുകയായിരുന്നു. സംഗീത കലാനിധി പുരസ്കാരം നേടിയ ടി.എം.കൃഷ്ണ അന്നത്തെ ചടങ്ങിന് അധ്യക്ഷതവഹിക്കുന്നതിനാലാണ് ആ വേദിയില്‍ തങ്ങള്‍ കച്ചേരി അവതരിപ്പിക്കില്ലെന്ന് രഞ്ജിനി-ഗായത്രിമാര്‍ പ്രഖ്യാപിച്ചത്. ഇത് കര്‍ണ്ണാടകസംഗീതലോകത്ത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാല്‍ ബ്രാഹ്മണ്യത്തിനെതിരെ വിമര്‍ശനമുയര്‍ത്തി സംഗീതകലാനിധി പുരസ്കാരത്തെ ബിജെപിയ്‌ക്കെതിരായ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കാനായിരുന്നു ഹിന്ദു ദിനപത്രത്തിന്റെ തലപ്പത്തുള്ളവര്‍ കൂടി അംഗങ്ങളായ മദ്രാസ് മ്യൂസിക് അക്കാദമി ശ്രമിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇന്ന് മോദിസര്‍ക്കാരിനെയും മോദിയെയും ഏറ്റവുമധികം വിമര്‍ശിക്കുന്ന ദിനപത്രം കൂടിയാണ് ഹിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: