ന്യൂദല്‍ഹി: പാക്കധീന കശ്മീരിലെ ജനങ്ങളെ പലായനം ചെയ്യാന്‍ പാകിസ്ഥാന് നിര്‍ബന്ധിതമാക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ആന്‍ഡ് ലഡാക്ക് നാഷണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്മാന് പ്രൊഫ. സജ്ജാദ് രാജ. പിഒകെയിലെ ജനങ്ങളെ രക്ഷിക്കാന്‍ ഭാരതം തയാറാകണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ വന്ന വികസനവും സമാധാനവും മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മറുവശത്ത് ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണെന്ന് പറഞ്ഞു.
പാക് അധിനിവേശ കശ്മീരില്‍ ആശുപത്രികള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളില്ല. അസുഖം വന്നാല്‍ ചികിത്സിക്കാന്‍ റാവല്‍പിണ്ടി, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ വിദൂര നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജനങ്ങള്‍ സ്വത്തുവകകള്‍ കിട്ടിയ വിലയ്ക്ക് വിറ്റ് രക്ഷപ്പെടാന്‍ തയാറെടുക്കുകയാണ്. പ്രദേശങ്ങളുടെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താന്‍ പാകിസ്ഥാന് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും വിഷയത്തില്‍ ഭാരതം ഇടപെടണമെന്നും സജ്ജാദ് രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: