പത്തനംതിട്ട : അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ച് രണ്ടു പേര് മരിച്ച അപകടത്തില്‍ ദൃക്സാക്ഷി കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്.അപകടത്തിന് മുന്നേ കാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം ശങ്കര്‍ പറഞ്ഞു. ആലയില്‍പ്പടിയില്‍ നില്ക്കുമ്പോള് കാര്‍ കടന്നു പോകുന്നത് ശ്രദ്ധിച്ചു. ഓട്ടത്തിനിടയില്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ഇത് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന തോന്നലുളവാക്കി. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടെന്നും അകത്ത് മല്‍പ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു.
കാര്‍ പലതവണ വലത്തേക്ക് പാളിയിരുന്നെന്നും ശങ്കര്‍ വെളിപ്പെടുത്തി.അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറുടെ മകന് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന അനുജയും ഹാഷിമും തല്‍ക്ഷണം മരിച്ചിരുന്നു.
നൂറനാട് സ്വദേശിനി അനുജ തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് . കായംകുളം സ്വദേശിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് 11 വയസുള്ള മകനും ഉണ്ട്.ഹരിശ്രീ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുളക്കടയില്‍വെച്ചാണ് ഹാഷിം വാഹനം തടഞ്ഞതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഹാഷിം വിളിച്ചപ്പോള്‍ അനുജ ആദ്യം പോയില്ല. പിതൃസഹോദരന്റെ മകനാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഹാഷിം ട്രാവലറിലേക്ക് കയറാന്‍ ശ്രമിച്ചു. വഷളാകുന്ന ഘട്ടത്തില്‍ അനുജ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പ്രധാനാധ്യാപിക പറഞ്ഞു. അസ്വാഭാവികത തോന്നി സഹഅധ്യാപകര്‍ അനുജയെ ഫോണ്‍ വിളിച്ചപ്പോള്‍ അനുജ കരഞ്ഞു. മരിക്കാന്‍ പോകുന്നുവെന്ന് അനുജ പറഞ്ഞു. അമിത വേഗത്തിലാണ് കാര്‍ പോയതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാര്‍ എതിര് ദിശയില്‍ വന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.കാര്‍ വാടകയ്ക്ക് എടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: