ഏതു രാജ്യത്തിന്റെയും സമഗ്രപുരോഗതിയുടെ അടിസ്ഥാന ഘടകമാണ് മികച്ച ദേശീയപാതകള്‍. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏഴുപത് വര്‍ഷത്തോളം അവഗണിക്കപ്പെട്ട മേഖലയായിരുന്നു ഹൈവേ വികസനം. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ല്‍ ‘ഭാരത്മാല യോജന’ പ്രഖ്യാപിച്ചതോടെയാണ് അടിസ്ഥാനസൗകര്യവികസനത്തില്‍ അതിവേഗ വികസനക്കുതിപ്പിന് അവസരമൊരുങ്ങിയത്.
അസാധ്യമെന്ന് എഴുതിത്തള്ളിയ ദേശീയപാതാവികസനം മാത്രമല്ല, മലയോര ഹൈവേകളും റിങ് റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു. റോഡ് വികസനം കാര്യക്ഷമമായി നടക്കുന്ന ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. അടുത്തവര്‍ഷം അമേരിക്കയെ പിന്തള്ളി ഭാരതം ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വാഷിങ്ടണ്‍ ഡിസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ (ഐആര്‍എഫ്) പഠനം പറയുന്നത്.
ഐആര്‍എഫിന്റെ 2023ലെ സര്‍വേ പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ 68,32,000 കിലോമീറ്റര്‍ റോഡ് ശൃംഖലയാണ് ഉള്ളത്. വലിയ രാജ്യമായ റഷ്യയില്‍ 1,53,875 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ഭാരതത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള ചൈനയില്‍ 53,50,000 കിലോമീറ്ററാണ് ആകെ ദൈര്‍ഘ്യം. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ഭാരതത്തിനാവട്ടെ ഇപ്പോള്‍ത്തന്നെ 67 ലക്ഷം കിലോമീറ്റര്‍ ആണ് റോഡ് ദൈര്‍ഘ്യം. ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ പിന്തള്ളാന്‍ 1,32,000 കിലോമീറ്റര്‍ റോഡ് കൂടി നിര്‍മിച്ചാല്‍ മതിയാകും.
ദേശീയപാത ശൃംഖല 2014ല്‍ 97,830 കിലോമീറ്റര്‍ മാത്രം ആയിരുന്നെങ്കില്‍ 2023 മാര്‍ച്ച് ആയപ്പോള്‍ 60% വര്‍ധനയോടെ 1,46,145 കിലോമീറ്റര്‍ ആയി. നാലുവരി പാതകളുടെ നിര്‍മാണത്തില്‍ 25 മടങ്ങാണ് വര്‍ധന. 2013-14 ബജറ്റില്‍ 31,130 കോടി രൂപയാണ് റോഡ് വികസനത്തിന് ഉള്‍ക്കൊള്ളിച്ചതെങ്കില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അത് 2,76,351 കോടി രൂപയായി ഉയര്‍ന്നു. പത്തു വര്‍ഷം കൊണ്ട് ഒന്‍പത് ഇരട്ടിയോളം (കൃത്യം 8.877 ഇരട്ടി) വര്‍ധന.
ശരാശരി 50 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണ് ഭാരതത്തില്‍ ദിനംപ്രതി നടക്കുന്നത്. എന്നാല്‍ മഹാരാഷ്‌ട്രയിലെ അമരാവതി-അകോല നാഷണല്‍ ഹൈവേ 53ല്‍ 105 മണിക്കൂര്‍ 33 മിനിട്ട് കൊണ്ട് 75 കിലോമീറ്റര്‍ പണി പൂര്‍ത്തിയാക്കി ഭാരതം ലോക റിക്കാര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. 2022 ജൂണ്‍ 8നാണ് ഭാരതം ഈ റിക്കാര്‍ഡ് കുറിച്ചത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2023 മേയ് 19ന് ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ് വേയില്‍ 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ റോഡ് പൂര്‍ത്തീകരിച്ച് ഈ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു.
ദല്‍ഹി-വഡോദര എക്‌സ്പ്രസ് വേ, ഹൈദരാബാദ്-വിശാഖപട്ടണം ഇടനാഴി, നാഗ്പൂര്‍-വിജയവാഡ സാമ്പത്തിക ഇടനാഴി, സൂറത്ത്-ചെന്നൈ, ദല്‍ഹി-മുംബൈ, ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ എന്നിവയുടെ നിര്‍മാണവും അത്ഭുതാവഹമാണ്.
സാമ്പത്തിക ഇടനാഴികളുടെ വികസനം, ഇന്റര്‍ കോറിഡോര്‍ ഫീഡര്‍ റൂട്ടുകളുടെ വികസനം, ദേശീയ ഇടനാഴികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, അന്താരാഷ്‌ട്ര കണക്ടിവിറ്റി, തീരദേശ-തുറമുഖ കണക്ടിവിറ്റി എന്നിവയും ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കുന്നത്. യാത്ര, ചരക്കു ഗതാഗതം കാര്യക്ഷമമാക്കുന്നത് വിപണിയിലേക്കുള്ള ദൂരം കുറയ്‌ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വികസനത്തില്‍ നാഴികക്കല്ലായി മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: