കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓണ്‍ലൈനായി ഹാജരായ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ വിശദീകരിച്ചു.
ചിന്നക്കനാലിലും, ബൈസണ്‍വാലിയിലും ശാന്തന്‍പാറയിലും ഡിജിറ്റല്‍ സര്‍വേ നടത്തി. ബാക്കിയുള്ള സ്ഥലങ്ങളില്‍ രണ്ടാംഘട്ടത്തില്‍ സര്‍വേ നടത്തുമെന്നും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. എന്നാല്‍, താഴെത്തട്ടില്‍ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് കോടതി രൂക്ഷവിമര്‍ശനം നടത്തി. തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശം നല്‍കിയത്.
ഇടുക്കി ജില്ലയിലെ 13 വില്ലേജുകളില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി എന്നീ മൂന്ന് വില്ലേജുകളാണ് ഡിജിറ്റല്‍ സര്‍വേയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, മെയ് 31ന് മുമ്പ് പൂര്‍ത്തിയാക്കുന്നത് പ്രായോഗികമല്ല, കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന് ബിസ്വാള്‍ പറഞ്ഞു.
തൃശ്ശൂര്‍ ആസ്ഥാനമായുള്ള വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയും മറ്റുള്ളവരും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ഈ നിര്‍ദേശം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തെ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, എം.എ. അബ്ദുള്‍ ഹഖീം എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: