രാജ്യാന്തര ഫുട്ബോള്‍ വീണ്ടും വലിയൊരു ഇടവേളയിലേക്ക് പിരിഞ്ഞു. ഇനി കര്ട്ടണ് ഉയരുന്നത് ഫിഫ ലോകകപ്പിന് ശേഷം ലോക ഫുട്ബോള്‍ പ്രേമികള്‍ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് വമ്പന്‍ ടൂര്‍ണമെന്റുകളുടെ ചങ്കിടിപ്പിലേക്കായിരിക്കും.
ജൂണ്‍ 14ന് ഭാരത സമയം രാത്രി 12.30ന് ജര്‍മന്‍ നഗരം മ്യൂണിക്കിലെ പ്രസിദ്ധമായ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്ട്ലന്‍ഡിനെ നേരിട്ടുകൊണ്ട് യൂറോ കപ്പിന് കിക്കോഫ് ആകും. കൃത്യം ഒരുമാസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പോരാട്ടത്തിനൊടുവില്‍ ബെര്‍ലിനില്‍ ഫൈനലോടെ സമാപനമാകും. യൂറോ 2024ലേക്ക് നേരത്തെ യോഗ്യത നേടിയ 21 ടീമുകള്‍ക്ക് ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ഫൈനല്‍ റിഹേഴ്സല്‍ ആയിരുന്നു. എന്നാല്‍ ചിലര്‍ക്ക് യൂറോ കപ്പില്‍ മാറ്റുരയ്ക്കാനുള്ള ജീവന്മരണ പോരാട്ടമായിരുന്നു. അതില്‍ പൊലിഞ്ഞു വീണവരുടെ നിലവിളിക്ക് കൂടുതല്‍ മുഴക്കമുണ്ടായത് വെയ്ല്സിന്റേതാണ്. യൂറോ യോഗ്യതയിലേക്ക് പോളണ്ടിനെതിരെ ഫൈനലില്‍ അര്‍ഹതയോടെ കളിച്ചിട്ടും തോല്‍ക്കാനായിരുന്നു വിധി. നിശ്ചിത സമയത്തും അധിക സമയത്തും ഗോളെന്നുറച്ച മുന്നേറ്റങ്ങള്‍ പാഴായി ഒടുവില്‍ ഷൂട്ടൗട്ടില്‍ ചങ്ക് പിളരുന്ന തോല്‍വിയില്‍ അവര്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. പോളണ്ടിനൊപ്പം ഐസ്ലന്ഡിനെ തോല്‍പ്പിച്ച് ജോര്‍ജിയയും മുന്‍ യൂറോ ജേതാക്കളായ ജോര്‍ജിയയെ തോല്‍പ്പിച്ച് ഗ്രീസും അവസാനമായി യൂറോ 2024 ഫൈനല്‍സിലേക്ക് കടന്നുകൂടി.
ഇതിനൊപ്പം നടന്ന റിഹേഴ്സല്‍ മത്സരങ്ങളില്‍ ആതിഥേയരായ ജര്‍മനി കരുത്തറിയിച്ചാണ് മടങ്ങിയത്. കരുത്തരായ ഫ്രാന്‍സിനെ 2-0നും മറ്റൊരു വമ്പന്മാരെ 2-1നും കീഴടക്കിയാണ് ജര്‍മനി റിഹേഴ്സല്‍ ഗംഭീരമാക്കി മടങ്ങിയത്. ഇതിനോട് കിടപിടിക്കാവുന്ന പ്രകടനം നടത്തിയ യൂറോപ്യന്‍ ടീ സ്പെയിന് ആണ്. ആദ്യ കളിയില്‍ കൊളംബിയയോട് പരാജയപ്പെടുകയും രണ്ടാം മത്സരത്തില്‍ ബ്രസീലിനോട് സമനില പിണയുകയും ചെയ്തു പക്ഷെ. മികച്ച കളി കാഴ്ച്ചവച്ചാണ് ടീം രണ്ട് കളിയും പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ടിന്റെ സ്ഥിതിയും സമാനം തന്നെ. ക്രൊയേഷ്യയും ഫ്രാന്‍സും എല്ലാം കരുത്തു കാട്ടിയിട്ടുണ്ട്.
ലാറ്റിനമേരിക്കന്‍ ടീമുകളിലേക്ക് വന്നാല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്ന് തെളിയിച്ചാണ് ബ്രസീലിന്റെ മടക്കം. എന്‍ഡ്രിക്ക് 17കാരനിലൂടെ ഒരു പുത്തന്‍ താരോദയവും കണ്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അജയ്യരായി ലോകത്തെ ത്രസിപ്പിക്കുന്ന അര്‍ജന്റീനയെ അടുത്തകാലത്ത് പരാജയപ്പെടുത്തിയ ടീം ഉറുഗ്വായ് ഇത്തവണ നിരാശപ്പെടുത്തിയാണ് നാട്ടിലേക്ക് പോയത്. സ്പെയിനെതിരെ ചരിത്ര വിജയം നേടിയ കൊളംബിയന്‍ കരുത്തും കുറച്ചുകാണാനാവില്ല. അര്‍ജന്റീന കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും അവര്‍ക്കൊത്ത എതിരാളിയെ കിട്ടിയില്ലെന്നത് വാസ്തവമാണ്.
ജൂണ്‍ 21ന് ജോര്‍ജിയയിലെ മേഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇത്തവണത്തെ കോപ്പ അമേരിക്ക ജൂലൈ 15ന് വെളുപ്പിന് ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ കലാശപോരാട്ടത്തോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: