ന്യൂദല്‍ഹി: നടിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. യുപിയിലെ മഹാരാജ് ഗഞ്ച് മണ്ഡലമായിരുന്നു സുപ്രിയ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇവിടെ വിരേന്ദ്ര ചൗധരിയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
2019ല്‍ മഹാരാജ് ഗഞ്ചില്‍നിന്ന് മത്സരിച്ച സുപ്രിയ, ബിജെപി സ്ഥാനാര്‍ത്ഥിയായ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ ചുമതലകളുടെ മേധാവിയായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു എന്നാണ് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിനോട് സുപ്രിയ പ്രതികരിച്ചത്.
ഹിമാചലിലെ മാണ്ഡിയില്‍ സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്തിനെ ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കങ്കണയുടെ ചിത്രം സഹിതമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പോസ്റ്റ് വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് സുപ്രിയക്ക് മറുപടിയുമായി കങ്കണ രംഗത്തെത്തി. ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകളും സമൂഹത്തില്‍ അന്തസ് അര്‍ഹിക്കുന്നുണ്ടെന്നാണ് കങ്കണ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്.
അതേസമയം, തന്റെ അറിവോടെ അല്ല പോസ്റ്റ് ചെയ്തതെന്നും അക്കൗണ്ട് അക്സസ് ഉള്ളവരാണ് പോസ്റ്റ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചതെന്നും സുപ്രിയ വിശദീകരണം നല്കി. സ്ത്രീകള്‍ക്കെതിരെ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തില്ലെന്ന് എന്നെ അറിയാവുന്നവര്‍ക്ക് മനസിലാകുമെന്നും സുപ്രിയ പറഞ്ഞിരുന്നു. പോസ്റ്റുകളില്‍ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ദേശീയ വനിതാ കമ്മിഷന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: