മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അവിടെ ബിജെപിയാകും അത്ഭുതകരമായ പ്രകടനം കാഴ്ച വയ്ക്കുക. അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലെ പ്രസക്തി ഭാഗങ്ങള്‍.
ബംഗാളില്‍ എന്താകും ഫലം
അവിടെ തൃണമൂലിനേക്കാള്‍ നന്നാകും ബിജെപിയുടെ പ്രകടനം. അവിടെ നിന്നുള്ള അത്ഭുതകരമായ ഫലത്തിന് കാത്തുകൊള്ളൂ. ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ ബിജെപിക്കാരനാക്കി ചിത്രീകരിക്കും. പക്ഷെ ഉള്ളതു പറഞ്ഞില്ലെങ്കില്‍ എനിക്ക് തൊഴിലിനോട് സത്യസന്ധത പുലര്‍ത്താനാവില്ല. അതാണ് വസ്തുത. അവിടെ ബിജെപി വലിയ നേട്ടമാകും കൈവരിക്കുക. ബംഗാളില്‍ തൃണമൂലിന് മോശം കാലമാണ്. എന്തു പറഞ്ഞാലും ശരി ഭരണകക്ഷിക്ക് ( തൃണമൂല്‍) നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും. സന്ദേശ് ഖാലി എന്ന വിഷയം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ബിജെപി മുന്നേറ്റത്തിലാണ്. ബംഗാളില്‍ ബിജെപിയുടെ കഥ കഴിഞ്ഞെന്ന് ദല്‍ഹിയില്‍ ഇരുന്ന് ചില പറയുന്നുണ്ട്. അവിടെ ഭരണവിരുദ്ധ വികാരവുമുണ്ട്. സ്വന്തം മേഖല പിടിച്ചു നിര്‍ത്താന്‍ തൃണമൂല്‍ കഷ്ടപ്പെടുക തന്നെ ചെയ്യും. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കുറയാനും ഒരു സാധ്യതയുമില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി മെച്ചപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല തോതില്‍ സീറ്റുകള്‍ നേടുമെന്നുതന്നെയാണ് എന്റെ കണക്കുകൂട്ടല്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 കടക്കുമോ, നൂറിലെത്തുമോ
ഇന്നത്തെ നിലയില്‍ നിന്ന് കോണ്‍ഗ്രസ് വലിയ മാറ്റമുണ്ടാക്കുമെന്നും നേട്ടമുണ്ടാക്കുമെന്നും കരുതാന്‍ വേണ്ട യാതൊന്നും ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ കാണുന്നില്ല. അതേസമയം സീറ്റുകള്‍ വീണ്ടും കുറയാനുള്ള സാധ്യതകളും ഞാന്‍ കാണുന്നുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ മാറ്റമുണ്ടാകാനുള്ള ഒന്നും ദൃശ്യവുമല്ല.
തെക്ക്…
തെക്കന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലും ബിജെപി വികസിച്ചുവരികയാണ്. തെലങ്കാനയില്‍ 14 ശതസമാനം വോട്ട് അവര്‍ കരസ്ഥമാക്കിക്കഴിഞ്ഞു. അത് കൂടുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. തമിഴ്നാട്ടില്‍ ഇക്കുറി ബിജെപിയുടെ വോട്ട് വിഹിതം ഇതാദ്യമായി ഇരട്ടയക്കം കടക്കും. തമിഴ്നാട്ടില്‍, പ്രധാനമന്ത്രിയുടെ കഴിഞ്ഞ നാലഞ്ചു വര്‍ഷമായുള്ള പരിശ്രമം വളരെ നല്ലതാണ്. 12 ശതമാനം വരെ വോട്ട് അവര്‍ക്ക് ലഭിക്കാം.
സീറ്റ്..
അതുപറയില്ല. വലിയ സംസ്ഥാനമായ തമിഴ്നാട്ടില്‍ ബിജെപി ഇരട്ടയക്കം വോട്ട് വിഹിതം നേടിയാല്‍ തന്നെ വലിയ നേട്ടമാണ്. കിഴക്കന്‍ മേഖലയിലും ബിജെപി നില മെച്ചപ്പെടുത്തും. ബിഹാര്‍, ബംഗാള്‍, ആന്ധ്ര തെലങ്കാന, തമിഴ്നാട്, കേരളം.. ഇവിടങ്ങളില്‍ നിന്ന് ഇരുന്നൂറോളം സീറ്റുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍ കൂടുതല്‍ നേട്ടം ബിജെപിക്ക് ലഭിക്കും.
രാഹുല്‍, പ്രിയങ്ക, മമത, കേജ്രിവാള് ഇവരില്‍ ആരാണ് മോദിയെ തോല്‍പ്പിക്കുക.
ഇവര്‍ക്കാര്‍ക്കും മോദിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയുന്നവര്‍ക്കേ മോദിയെ തോല്‍പ്പിക്കാന്‍ കഴിയൂ. 2024ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനം ആയതാണ്. ഇനി നിങ്ങള്‍ 2029 ലേക്ക് നോക്കൂ.
രാഹുലിന്റെ ന്യായയാത്ര ഗുണം ചെയ്യുമോ
അത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു പ്രയോജനവും ചെയ്യില്ല. അതിന്റെ സമയം ശരിയല്ല. കോണ്‍ഗ്രസ് നേതാവായിട്ടായിരുന്നു രാഹുലിന്റെ യാത്ര, ഇന്‍ഡി മുന്നണി നേതാവായിട്ടല്ല. ഈ സമയത്ത് രാഹുല്‍ യാത്രയിലല്ല സീറ്റ് വിഭജനത്തിലായിരുന്നു ശ്രദ്ധിക്കേണ്ടത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: