ന്യൂദല്‍ഹി : അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ അമേരിക്ക നടത്തിയ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ.യുഎസിന്റെ അനാവശ്യ ഇടപെടല്‍ ഉഭയകക്ഷി ബന്ധത്തെ തകരാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഎസ് എംബസിയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. പരാമര്‍ശം അനാവശ്യമാണെന്നും ഇന്ത്യയിലെ നടപടികള്‍ നിയമവാഴ്ചയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ചും യുഎസ് പ്രതികരിച്ചിരുന്നു. ഇതിനെയും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ് രാജ്യത്തുളളതെന്ന് ആവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നിയമസംവിധാനങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
രാജ്യത്തെ നീതിനിര്‍വഹണ സമ്പ്രദായത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അനാവശ്യ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത സംബന്ധിച്ചും വക്താവ് പറഞ്ഞു. പരസ്പര ബഹുമാനവും ധാരണയുമാണ് രാജ്യാന്തര ബന്ധങ്ങളുടെ അടിത്തറ .എല്ലാവരും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: