കോഴിക്കോട് : കോഴിക്കോട് എന്‍ഐടി തുടര്‍ച്ചയായി വാര്‍ത്തയില്‍ നിറയുന്നത് എന്തുകൊണ്ട്? ഈ കാമ്പസിനെ ജെഎന്‍യു പോലെ ഇടത് കോട്ടയാക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? ചോദ്യങ്ങള്‍ ഉയരുന്നത് അവിടെ ഹിന്ദു വിശ്വാസത്തിനും ഹിന്ദുവിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്കും നേരെ തുടര്‍ച്ചയായി സംശയദൃഷ്ടികള്‍ ഉയരുന്ന സാഹചര്യത്തിലാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വതന്ത്രസ്വതന്ത്രത തേടുന്നത് ഏത് ഇടത് കാമ്പസ്സിലെയും പ്രവണതയാണ്. ഇടത് വിദ്യാര്‍ത്ഥികള്‍ക്ക് ഏത് സമയത്തും എവിടെയും പോവുകയും വരികയും ചെയ്യാം. അതിന് നിയന്ത്രണം പാടില്ല. ഇതാണ് എസ് എഫ്ഐ ലൈന്‍. ഈയിടെ എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ക്യാമ്പസിലെ ജീവനക്കാരെ അകത്തേക്ക് വിടാതെ ക്ലാസ് മുടക്കിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഡീൻ നിർദ്ദേശം നൽകിയിരുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്റീൻ പ്രവർത്തിക്കുക എന്നും ഡീൻ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നല്ല ഉദ്ദേശ്യത്തോടെ ഡീന്‍ പുറപ്പെടുവിച്ച നിര്‍ദേശത്തെ രാത്രികാല കര്‍ഫ്യു എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ വിശേഷിപ്പിച്ചത്. അതായത് അച്ചടക്കം എന്നത് കാമ്പസില്‍ പാടില്ലെന്നും എസ് എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നതായിരിക്കണം അവസാന വാക്ക് എന്ന രീതിയിലേക്ക് എന്‍ഐടി കാമ്പസിനെയും എത്തിക്കാന്‍ ശ്രമിക്കുകയാണ്.
രാത്രി വൈകി ആഹാരം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്യാന്റീൻ നേരത്തെ അടയ്ക്കുമെന്ന ഡീനിന്റെ നിർദ്ദേശം. ആരോഗ്യം മോശമായാൽ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലറിൽ പറയുന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എസ്എഫ്ഐ പോലുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ സര്‍വ്വതന്ത്ര സ്വതന്ത്രാധികാരം സ്ഥാപിച്ചെടുക്കുന്ന ഇടങ്ങളെല്ലാം പിന്നീട് ക്രിമിനല്‍ സ്വഭാവത്തിലേക്ക് വഴുതി വീഴുന്നത് കണ്ടിട്ടുണ്ട്. അതിന് ഉദാഹരണമാണ് സിദ്ധാര്ത്ഥന് എന്ന വിദ്യാര്‍ത്ഥി എസ്എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് മരിച്ചത്. വയനാട് പൂക്കോട്ടെ വെറ്ററിനറി കോളെജില്‍ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ട വിചാരണ ചെയ്യാന്‍ വരെ അധികാരം വിദ്യാര്‍ത്ഥി സംഘടനയ്ക്കുണ്ടാകുന്നത് ഇത്തരം അധികാരങ്ങള്‍ അവര്‍ കൂടുതല്‍ കൂടുതലായി നേടിയെടുക്കുമ്പോഴാണ്.
കലിക്കറ്റ് എൻഐടി ഇന്ത്യയിലെ എന്‍ഐടികളില്‍ പ്രാധാന്യമുള്ള എന്‍ഐടികളില്‍ ഒന്നാണ്. ഇത് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളെജ് പോലെ ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളെജല്ല. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെക്നോളജി പഠനകേന്ദ്രമാണ്. ഒരു പക്ഷെ ട്രിച്ചി എന്‍ഐടി കഴിഞ്ഞാല്‍ ടെക്നോളജി വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന ഒരു ക്യാമ്പസാണ്. ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വടക്കേയിന്ത്യയില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അവര്‍ക്ക് ഹൈന്ദവ ഉത്സവങ്ങള്‍ പരസ്യമായി തന്നെ ആഘോഷിക്കുക ശീലമാണ്. ക്യാമ്പസ്സിൽ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷിച്ച സംഭവത്തിൽ ചില മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വടക്കേയിന്ത്യയില്‍ അയോധ്യയും രാമനുമെല്ലാം അവരുടെ ജീവിതസംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരങ്ങളാണ്. അതിനെയാണ് കേരളത്തിലെ രാഷ്ട്രീയം തലക്ക് പിടിച്ച വിദ്യാര്‍ത്ഥികള്‍ തടയുന്നത്. ഇതെല്ലാം തെറ്റായി കാണുന്ന പ്രവണതയും എന്‍ഐടിയില്‍ വര്‍ധിച്ചുവരുന്നത് കൂടുതല്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: