തൃശൂർ: സമീപകാലത്ത് ഉണ്ടാകാത്തവിധം ചൂടിന്റെ തീവ്രത വര്‍ധിച്ചത് വിഷുവിനെയും കാര്യമായി ബാധിക്കുമെന്നുറപ്പ്. വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറികളുടെ സ്ഥിതി അതിദയനീയം. ജനുവരി അവസാനം മുതലാണ് പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ആരംഭിക്കുക. പയര്‍, പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്, മത്തന്‍, കുമ്പളം, പടവലം എന്നിവയെല്ലാം ദിവസവും രണ്ടുനേരം നനക്കേണ്ടതാണ്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കുന്നവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
കുടിക്കാന്‍ വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ വിളവുകളുടെ ജനസേചനം എങ്ങനെയാണ് സാദ്ധ്യമാകുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. ചൂട് കൂടിയതോടെ കണി വെള്ളരി വള്ളികള്‍ പടര്‍ന്നുകയറാനാവാതെ ഉണങ്ങിപ്പോകുന്നത് കര്‍ഷരെ സാരമായി ബാധിക്കുന്നുണ്ട്. ഒല്ലൂര്‍, എരുമപ്പെട്ടി പ്രദേശങ്ങളിലെ പാടങ്ങളില്‍ നിരവധി കര്‍ഷകരാണ് കണി വെള്ളരി കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നത്.
ചൂട് കൂടിയതോടെ വെള്ളരികള്‍ക്ക് വലിപ്പം കുറവാണ്. പലയിടത്തും കണിവെളളരിയുടെ പൂക്കള്‍ പൊഴിഞ്ഞു. മൂപ്പെത്താതെ തന്നെ കായകള്‍ മഞ്ഞ നിറമാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. തൃപ്രയാര്‍, അന്തിക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങിയ ഭാഗങ്ങളില്‍ വ്യാപകമായി വര്‍ഷങ്ങളായി വെള്ളരി കൃഷിചെയ്യുന്നുണ്ട്. ഏപ്രില്‍ ആദ്യ ആഴ്ചയോടെ ഇവ വിളവെടുക്കാന്‍ പാകമാകും. അതിനിടെയാണ് വേനല്‍ കടുക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് കഴിഞ്ഞ മൂന്നു ദിവസമായി തൃശൂരിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ 39 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. വലിയതോതില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ വരുംദിവസങ്ങളിലും അതീവജാഗ്രത പുലര്‍ത്തണമെന്നാണു കാലാവസ്ഥ ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പ്.
കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഉഷ്ണം വര്‍ധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളില്‍ അനുഭവപ്പെടും. ഉഷ്ണതരംഗം ഉള്‍പ്പെടെയുളള പ്രതിഭാസങ്ങള്‍ ഇത്തവണ നേരത്തേ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ മാസം അവസാനദിവസം പലയിടത്തായി മോശമല്ലാത്ത ഒറ്റ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: