താമരശ്ശേരി: മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയെന്ന കേസില്‍ 73 കാരിയടക്കം രണ്ടു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. മുക്കം സ്വദേശിയായ 73 കാരിയായ എന്‍.സി. ഇന്ദിര, പെരിന്തല്‍മണ്ണ സ്വദേശി അധ്യാപകനായ എം. ദിനേശ്ബാബു എന്നിവരെയാണ് വെറുതെ വിട്ടത്.
ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുള്ള പ്രക്ഷോഭത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു എന്നായിരുന്നു കേസ്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി. ജയരാജനായിരുന്നു പരാതി നല്‍കിയത്.
ഡിജിപിയുടെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് വിചാരണക്കൊടുവില്‍ താമരശ്ശേരി ജുഡീ. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആര്‍ദ്ര നിതിന്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് ഇന്നലെ വെറുതെവിട്ടത്. കോടതിയില്‍ എം.വി. ജയരാജനെ പ്രോസിക്യൂഷന് സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എ. പ്രതീഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: