നാഗ്പൂര്‍: പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം. ഭാരത് മാതാ കി ജയ് വിളികള്‍, മോദി, മോദി ആരവം… നാഗ്പൂരിനെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥിയുടെ വരവാണ്. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നിതിന്‍ ഗഡ്കരി തുറന്ന വാഹനത്തില്‍ എത്തിയപ്പോള്‍ എതിരേറ്റത് നഗരം ഇന്നേവരെ കാണാത്ത ജനക്കൂട്ടം. 101 ശതമാനം ഉറപ്പാണ് വിജയം. അതും അഞ്ച് ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം, ഗഡ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാലിന്യമുക്ത നഗരം എന്നതാണ് വികസനനായകന്‍ ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം. നാഗ്പൂരിനെ ഹരിതനഗരമാക്കും. എന്റെ രാഷ്‌ട്രീയ ജീവിതത്തിന്റെ തന്നെ ലക്ഷ്യം വിദര്‍ഭയുടെയാകെ സമഗ്രവികാസമാണ്. ഗതാഗതം സമ്പൂര്‍ണമായും വൈദ്യുതിയിലാക്കും. ജൈവ ഇന്ധനത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്‌ക്കും. പൂന്തോട്ടങ്ങളും കളിമൈതാനങ്ങളും നീന്തല്‍ക്കുളങ്ങളും ഒരുക്കും. നാഗ്പൂരിന്റെ ജീവിതത്തിന് യുവത്വവും ആരോഗ്യവും പകരും, ഗഡ്കരി പറഞ്ഞു.
മിഹാന്‍ പദ്ധതിയിലൂടെ 68,000 പേര്‍ക്ക് തൊഴില്‍ നല്കി. വര്‍ഷം ഒരു ലക്ഷം എന്ന നിലയിലേക്ക് ഈ ലക്ഷ്യം പുതുക്കി നിര്‍ണയിക്കും. ഓരോ തെരഞ്ഞെടുപ്പും എനിക്ക് പുതിയ തലമുറയെ കാണാനും പരിചയപ്പെടാനും അവരുടെ അനുഗ്രഹം തേടാനുമുള്ള അവസരമാണ്. വീടുകളില്‍ നിന്ന് വീടുകളിലേക്ക്, ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ബന്ധം സുദൃഢമാക്കാനുള്ള സൗഭാഗ്യമാണിത്, ഗഡ്കരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളെക്കൂട്ടാന്‍ പ്രത്യേക സംവിധാനമൊന്നുമില്ലെന്ന് വലിയ ജനാവലിയെക്കണ്ട് അതിശയിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. അവര്‍ സ്വയം വന്നതാണ്. അമ്പതിനായിരത്തിലധികം പേര്‍ എത്തിയിട്ടുണ്ടാകും. അവര്‍ സ്വന്തം വാഹനങ്ങളിലെത്തി. പാര്‍ട്ടിയോട്, പ്രധാനമന്ത്രിയോട്, രാജ്യത്തോട് ഒക്കെ ഹൃദയത്തില്‍നിന്നുള്ള സ്‌നേഹമാണ് അവരെ നയിക്കുന്നത്, ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: