മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയില്‍(മഹാസഖ്യം) പൊട്ടിത്തെറിയും പടലപ്പിണക്കവും. സഖ്യം തകര്‍ന്നടിയുന്നു.
കൂടുതല്‍ സീറ്റു നല്‍കിയില്ലെങ്കില്‍ സഖ്യമുപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയ പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഘാടി ഇന്നലെ സഖ്യം വിട്ടു. മഹാവികാസ് അഘാടിയുമായി ഇനി ബന്ധമില്ലെന്നും ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ പ്രഖ്യാപിച്ചു.
എട്ടു പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും അദ്ദേഹം പ്രഖ്യാപിച്ചു. അകോലയില്‍ പ്രകാശാണ് സ്ഥാനാര്‍ത്ഥി. 16 സീറ്റു വേണമെന്ന് ആവശ്യപ്പെട്ട പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിക്ക് വേണമെങ്കില്‍ നാലു സീറ്റ് നല്‍കാമെന്ന നിലപാടാണ് സഖ്യം വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. ദളിത് വോട്ടുകള്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി പിടിക്കുന്നത് മഹാ വികാസ് അഘാടിയെ ബാധിക്കും.
അതിനിടെ മഹാസഖ്യത്തിലെ ശിവസേന(ഉദ്ധവ് പക്ഷം) ഏകപക്ഷീയമായി 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും മഹാസഖ്യത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ടാക്കി. തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പല മണ്ഡലങ്ങളും അവര്‍ സ്വന്തമാക്കിയത് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയ്ക്കും ഇടയാക്കി.
ശിവസേന സഖ്യധര്‍മം പാലിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറോട്ടിന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് ആവശ്യപ്പെട്ട സാംഗ്ലിയടക്കമുള്ള സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലെ മൂന്ന് സീറ്റുകളും ശിവസേന സ്വന്തമാക്കി. തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. ഇതില്‍ ഒരു സീറ്റില്‍ വര്‍ഷയ്ക്ക് താല്പര്യമുണ്ടായിരുന്നു. ശിവസേനയുടെ നടപടി കോണ്‍ഗ്രസില്‍ കലഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ നോട്ടമിട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപത്തിന് ആ സീറ്റ് കിട്ടിയില്ല. ശിവസേന മറ്റൊരാള്‍ക്കാണ് സീറ്റ് നല്‍കിയത്. സഖ്യം തന്നോട് അനീതി കാട്ടിയെന്നും ഒരു കള്ളന് സീറ്റ് നല്‍കിയെന്നുമാണ് സഞ്ജയ് നിരുപത്തിന്റെ വാക്കുകള്‍. അയാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും സഞ്ജയ് നിരുപം തുറന്നടിക്കുന്നു. ശിവസേനയ്ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ താന്‍ തന്റെ വഴി നോക്കുമെന്നും സഞ്ജയ് ഭീഷണി മുഴക്കി. മുന്പില് പല സാധ്യതകളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.
സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെയാണ് ശിവസേന( ഉദ്ധവ്) ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അനില്‍ ദേശായി, മുന്‍കേന്ദ്രമന്ത്രി അനന്ത് ഗീഥെ തുടങ്ങിയവരാണ് പട്ടികയില്‍. രാജ്യസഭാ എംപി സഞ്ജയ് റൗത്താണ് പട്ടിക പുറത്തുവിട്ടത്. ആകെ 22 സീറ്റുകളിലാണ് ശിവസേന മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: