ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കും. ഇഡി കസ്റ്റഡി മാര്‍ച്ച് 28 വ്യാഴാഴ്ച അവസാനിക്കുന്നതോടെയാണ് ചോദ്യം ചെയ്യലിന് വിട്ടുതരാന്‍ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കുക എന്നറിയുന്നു.
ദല്‍ഹി മുഖ്യമന്ത്രി മറ്റ് ആം ആദ്മി മന്ത്രിമാര്‍ക്ക് ജയിലില്‍ നിന്നയച്ച കത്തിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ദല്‍ഹി ബിജെപി യൂണിറ്റ് ആവശ്യപ്പെട്ടു. ആം ആദ്മി മന്ത്രി അതിഷിയാണ് ജയിലില്‍ നിന്നും കെജ്രിവാള് നിര്‍ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം കെജ്രിവാളിന്റേതെന്ന് പറഞ്ഞ് കത്ത് പ്രദര്‍ശിപ്പിച്ചത്. ഇത് വ്യാജമാണെന്നാണ് ബിജെപിയുടെ വാദം.
മാര്‍ച്ച് 21 വ്യാഴാഴ്ചയാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ദല്‍ഹി ഹൈക്കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കാത്തതുകൊണ്ടാണ് അറസ്റ്റ് സാധ്യമായത്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അഭിഭാഷകന് അഭിഷേക് മനു സിംഘ് വി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. അന്ന് മുതല്‍ കെജ്രിവാള് ഇഡി കസ്റ്റഡിയിലാണ്. ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയ്ക്ക് മറുപടി നല്കാന് സമയം വേണമെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചോദ്യം ചെയ്യലിനോട് കെജ്രിവാള് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദല്‍ഹി മദ്യനയ അഴിമതിയുടെ പ്രധാന ഗൂഢാലോചന നടത്തിയ വ്യക്തി കെജ്രിവാളാണെന്നും അദ്ദേഹമാണ് അഴിമതിത്തുക ആവശ്യപ്പെട്ടതെന്നും ആ അഴിമതിത്തുക കൈകാര്യം ചെയ്തതെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു. മദ്യകുംഭകോണം സംബന്ധിച്ച സത്യം വ്യാഴാഴ്ച ദല്‍ഹിഹൈക്കോടതി മുമ്പാകെ കെജ്രിവാള് തുറന്നുകാട്ടുമെന്ന് ഭാര്യ സുനിത കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. എവിടേക്കാണ് അഴിമതിപ്പണം പോയതെന്ന കാര്യവും കെജ്രിവാള് വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: