ആലുവ : സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് നടക്കാവ് ക്രസൻറ് മാൻസാ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന കുമ്പള സ്വദേശി അബ്ദുൾ ഖാദർ (59), കുന്ദമംഗലം കുറ്റിക്കാട്ടൂർ ബെയ്തുൽ അൻവർ വീട്ടിൽ അമീർ (29) എന്നിവരെ യാണ് റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33 ) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ 62 കാരന് തട്ടിപ്പിലൂടെ നഷ്ടമായത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ്. മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചട്ടുണ്ടെന്നും അതിന്റെ ക്ലിയറൻസിനും സെക്യൂരിറ്റിക്കുമെന്നു പറഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് മുഖ്യ പ്രതികൾ കൈക്കലാക്കായത്. 6 പ്രാവശ്യമായി 5 അക്കൗണ്ടുകളിലേക്ക് തുക നൽകിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആദ്യം പിടികൂടിയ രണ്ടു പേർ നിരവധി അക്കൗണ്ടുകളാണ് എടുത്തിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഒൺലൈൻ ട്രേഡിംഗ് ഇവർ നടത്തുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് വിൽപ്പന നടത്തിയിരിക്കുകയാണ്.
ഈ അക്കൗണ്ടുകളിലേക്കാണ്, ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകുന്നത് ഇപ്പോൾ പിടികൂടിയ രണ്ട് പേരാണ്. ഇതിന്റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്‌ക്ക് നൽകുകയും ചെയ്യും. കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. വൻ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിലെ ഓരോ കണ്ണിയേയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരികയാണ് റൂറൽ പോലീസ്.
ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ആർ..അജിത്ത്കുമാർ, എ.എസ്.ഐ ആർ.ഡെൽ ജിത്ത്, സിനിയർ സി പി ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നിരവധി പേരിൽ നിന്നും അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വിലക്ക് വാങ്ങി ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: