കോഴിക്കോട്: ഇന്നലെ ചേര്‍ന്ന കലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ പങ്കെടുത്തു. ഡിസംബര്‍ 21ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങളെ എസ്എഫ്ഐ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ കാമ്പസില്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ സെനറ്റ് അംഗങ്ങളെ തടയാന്‍ എസ്എഫ്ഐക്കാര്‍ ഉണ്ടായിരുന്നില്ല.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ‘സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങളെ’ സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു. നോമിനേറ്റ് ചെയ്ത 18 അംഗങ്ങളില്‍ പദ്മശ്രീ പുരസ്ക്കാര ജേതാവും ഗ്രന്ഥകാരനുമായ ബാലന് പൂതേരിയടക്കം ഒമ്പതു പേരെയാണ് എസ്എഫ്ഐക്കാര്‍ അന്ന് തടഞ്ഞ് വെച്ചത്.
കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും എസ്എഫ്ഐക്കാരുടെ അതിക്രമം പോലീസ് തടഞ്ഞിരുന്നില്ല. സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അംഗങ്ങള്‍ നല്കിയ ഹര്‍ജിയില്‍ സംരക്ഷണം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ 10 ന് ചേര്‍ന്ന സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കി. ഒമ്പത് ഡിപ്ലോമ, 9813 ഡിഗ്രി, 1723 പി.ജി., അഞ്ച് എം.എഫില്‍., 21 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാസാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂണ്‍ 11ന് തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: