മാഡ്രിഡ്: വര്‍ണവെറിയില്‍ മടുത്ത ബ്രസീല്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയര്‍ വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. സ്‌പെയിനെതിരായ ബ്രസീലിന്റെ മത്സരത്തിന് മുന്നോടിയായി മാഡ്രിഡില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് 23കാരനായ താരം വിങ്ങിപ്പൊട്ടിയത്. തന്നോട് നിരന്തരം വര്‍ണവെറി കാട്ടുന്നതിനാല്‍ കളിയോടുള്ള ഇഷ്ടം പോലും കുറഞ്ഞുവരികയാണെന്ന് താരം പറഞ്ഞു. അത്രമാത്രം സഹിക്കുന്നുണ്ടെന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുന്ന വിനിഷ്യസ് വ്യക്തമാക്കി.
സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗയുടെ പ്രോസിക്യൂട്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സീസണില്‍ വിനിഷ്യസിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ പത്ത് കേസുകളാണെടുത്തിട്ടുള്ളത്.
വര്‍ണവെറി വിജയിച്ചാലും താന്‍ സ്‌പെയിനും റയല്‍ മാഡ്രിഡും വിട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപമാനം സഹിച്ച് മുന്നോട്ട് പോകാന്‍ പ്രയാസമാണ് എങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ല-താരം പറഞ്ഞു. സ്‌പെയിനില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. തൊലി കറുത്തുപോയിതിന്റെ പേരിലല്ലേ അവരുടെ ഈ അധിക്ഷേപം തുടരുന്നത്. എന്റെ ഈ മുഖവും വച്ച് ഞാന്‍ ഈ സ്‌പെയിനില്‍ തന്നെ തുടര്‍ന്നും ജീവിക്കാനാണ് പോകുന്നത്. അധിക്ഷേപിക്കുന്നവര്‍ എന്നും എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ-വിനിഷ്യസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്‌ച്ച ലാ ലിഗയില്‍ ഒസാസുനയ്‌ക്കെതിരായ റയലിന്റെ മത്സരത്തിനിടെ കളി നിയന്ത്രിച്ച റഫറി യുവാന്‍ മാര്‍ട്ടിനെസ് മുന്യൂറ അധിക്ഷേപിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. റയല്‍ മാഡ്രിഡ് ക്ലബ്ബ് ആണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഒസാസുന ആരാധകരുടെ ഭാഗത്ത് നിന്നും അത്തരത്തിലൊന്നും ഉണ്ടായിട്ടില്ലെന്ന് ക്ലബ്ബ് പറയുന്നുണ്ട്.
വിനിഷ്യസിനെതിരെ വംശവെറി നടത്തയതിന്റെ പേരില്‍ കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലായി ഏഴ് പേര്‍ക്ക് 65001 യൂറോ പിഴ ശിക്ഷ വിധിച്ചിരുന്നു. കൂടാതെ നാല് പേര്‍ക്ക് രണ്ട് വര്‍ഷത്തേക്കും മൂന്ന് പേര്‍ക്ക് ഒരു വര്‍ഷക്കാലവും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
നിലവിലെ സീസണില്‍ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം സംഭവം കൂടാതെ കഴിഞ്ഞ ഒക്ടോബറില്‍ സെവിയ്യയില്‍ കളിക്കുമ്പോഴും അതേ ആഴ്‌ച്ചയില്‍ ബാഴ്‌സിലോണയില്‍ കളിക്കുമ്പോഴും തിക്താനുഭവമുണ്ടായിരുന്നു. ഈ മാസം ആദ്യം വലന്‍സിയയില്‍ കളിക്കുമ്പോഴും പ്രശ്‌നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: